

സര്‍വ്വം മായയുടെ വന്‍ വിജയത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നിവിന്‍ പോളി. ഏറെ നാളുകള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്. 600 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യനൊരുക്കിയ ചിത്രം പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.
സര്‍വ്വം മായയുടെ വിജയത്തിന് പിന്നാലെ, മോശം സമയത്തും തനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന പ്രേക്ഷകര്‍ക്ക് നിവിന്‍ പോളി നന്ദി പറഞ്ഞിരുന്നു. കരിയറില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോള്‍ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്. വിവാദങ്ങള്‍ നേരിടേണ്ടി വന്ന സമയത്ത് പ്രേക്ഷകരുടെ സ്‌നേഹം തൊട്ടറിഞ്ഞൊരു അനുഭവം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പങ്കുവെക്കുന്നുണ്ട്.
''എന്റെ ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാള്‍ വന്ന സമയം കലൂരിലെ വീട്ടിലേക്കു പോകുമ്പോള്‍, സ്‌കൂട്ടറില്‍ വന്ന ഒരു കുടുംബം എന്റെ കാറിനു വട്ടം വച്ചു നിര്‍ത്തി. ആ ഭാര്യയും ഭര്‍ത്താവും എന്നോടു പറഞ്ഞു, 'ഞങ്ങളുണ്ട് കൂടെ. ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം'. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ആരാണവര്‍? അവര്‍ക്കു വണ്ടി ഓടിച്ചു നേരെ വീട്ടില്‍ പോയാല്‍ പോരെ? പക്ഷേ, ഞാന്‍ ചെയ്ത ചില സിനിമകള്‍ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊ ണ്ടാവും വണ്ടി നിര്‍ത്തി അടുത്തേക്കു വരാന്‍ തോന്നിയത്.'' എന്നാണ് നിവിന്‍ പോളി പറഞ്ഞത്.
സ്ഥിരമായി ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യൂവെന്ന് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴാണ് താന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായതെന്ന് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചെയ്ത സിനിമകളെല്ലാം തനിക്ക് ഇഷ്ടപ്പെട്ടവയായിരുന്നുവെന്ന് നിവിന്‍ പറയുന്നു. ''എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് ചെയ്തതൊക്കെയും. നിര്‍ഭാഗ്യവശാല്‍ അവ വേണ്ടതുപോലെ വിജയിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ലെന്നു മാത്രം. ഞാന്‍ മാത്രമല്ല കുടുബം മുഴുവന്‍ അതിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എവിടെ ചെന്നാലും ആളുകള്‍ക്കു ചോദിക്കാന്‍ ഉണ്ടായിരുന്നത് സിനിമകളുടെ പരാജയത്തെപ്പറ്റി മാത്രമായിരുന്നു. പലരും പല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. അതോടെ ഞാനാകെ കണ്‍ഫ്യൂഷനിലായി'' എന്നും നിവിന്‍ പറയുന്നു.
അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായയിലെ നായിക റിയ ഷിബുവാണ്. അജു വര്‍ഗീസും നിവിന്‍ പോളിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൗസ്ഫുള്ളായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് സര്‍വ്വം മായ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates