നാടകത്തിലൂടെയാണ് അഭിനേതാവാകുന്നതെങ്കിലും അനീഷ് ജി മേനോനാണ് സിനിമയിൽ ശ്രദ്ധനേടുന്നത് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ പരിപാടിയിലൂടെയാണ്. ആ പരിപാടിക്കു ശേഷമാണ് താരത്തെ തേടി മികച്ച അവസരങ്ങൾ എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടറിലും താരത്തിന് റോളുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാനും താരം മറന്നില്ല. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഫോട്ടോ എടുക്കുമ്പോൾ നിവിൻ പോളി തന്റെ വിവാഹം വിളിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നെന്നും അനീഷ് പറയുന്നു.
അനീഷ് ജി മേനോന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം
ഫോട്ടോക്ക് പിന്നിലെ കഥ
കെപിഎസി നാടക തറവാട്ടിലെ നടനും, കുട്ടികളുടെ നാടക വേദിയിലെ സ്ഥിരം സംവിധായകനുമായ എനിക്ക് സിനിമാ മോഹം കലശലായ സമയം. അവസരം തേടി അലയുന്നതിന്റെ ഇടയിൽ 'ഡോക്ടർ പേഷ്യന്റ് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി നിൽക്കാൻ സംവിധായകൻ വിശ്വേട്ടൻ അവസരം തന്നു.
ആ സിനിമയ്ക്ക് ശേഷം ജൂനിയർ ആർട്ടിസ്സ്റ്റായി തുടരാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് അവസരം ചോദിക്കൽ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ സിനിമയിൽ
നല്ലൊരു വേഷം കിട്ടുന്നത് അപൂർവ രാഗത്തിലും ബെസ്റ്റ് ആക്ടർ സിനിമയിലുമാണ്. മമ്മൂട്ടി ദ് ബെസ്റ്റ് ആക്ടർ അവാർഡ് ഷോ ദുബായിലെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ ശേഷം
നാട്ടിലെത്തിയ ഞാൻ.
മാസങ്ങൾ പിന്നിട്ടിട്ടുംതുടരുന്ന തള്ളുകഥകളിൽ വിരാജിച്ച്, ദുബായ് കാണാത്ത നാട്ടിലെ ചെക്കന്മാരോട് ആദ്യമായി വിമാനത്തിൽ കയറിയത് തൊട്ട്, ദുബായിൽ കണ്ടതും കേട്ടതും, ആദ്യമായി സ്റ്റാർ ഹോട്ടെലിൽ താമസിച്ചതും, വമ്പിച്ച ജനക്കൂട്ടത്തിന്റെ മുന്നിൽ നടത്തിയ പ്രകടനവും, നമ്മള് സിനിമയിൽ മാത്രം കണ്ടിട്ടുള്ള കുറെയേറെ താരങ്ങളെ നേരിട്ട് കണ്ട് കൈ കൊടുത്ത് സംസാരിച്ചതും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമായ എല്ലാ താരത്തിലുമുള്ള 'അതി ഭീകര വിടൽസ്' വിട്ടു കൊണ്ടിരിക്കുന്ന ആ സമയത്തതാണ് 'ബെസ്റ്റ് ആക്ടർ' സിനിമയിൽ നിന്നും മമ്മൂക്ക പറഞ്ഞിട്ട് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ചേട്ടൻ പ്രൊഡക്‌ഷൻ കൺട്രോളർ അലക്സേട്ടനോട് എന്നെ വിളിക്കാൻ പറയുന്നതും, അദ്ദേഹത്തിന്റ കോൾ വരുന്നതും..
"എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തണം..!!"
"...നയാ പൈസയില്ലാ..."
പാട്ടും പാടി നടന്നിരുന്ന കാലം. എവിടുന്നൊക്കയോ പൈസയും സംഘടിപ്പിച്ച് എന്റെ ലിബറോ ബൈക്കും എടുത്ത് വളാഞ്ചേരി ടു എറണാംകുളം ഒറ്റ വിടലാണ്.. (ആ വിടലല്ല )
നാട്ടിലെ പമ്പിൽ നിന്നും 700 രൂപക്ക് പെട്രോൾ അടിക്കുമ്പോൾ പമ്പിലെ സുരേട്ടന് അത്ഭുതം..!
"ലോങ്ങ് ട്രിപ്പാണല്ലോടാ..." എന്ന ആക്കലിന്റെ ഒച്ചക്ക് മറുപടിയായി "..ഹിമാലയം കീഴടക്കാൻ പോവാണ് ചേട്ടോയ്.." എന്ന് പറയുമ്പോൾ അന്ന് ഓർത്തിരുന്നില്ല, സ്വപ്നങ്ങളിൽ മാത്രം കീഴടങ്ങിയിരുന്ന ഹിമാലയമല്ല മുന്നിലുള്ളതെന്ന്!
കീഴടക്കാൻ ഒട്ടും എളുപ്പമല്ലാത്ത ഒരു പർവതിലേക്കാണ് എത്തിച്ചേരുന്നതെന്ന് അന്ന് അറഞ്ഞിരുന്നില്ല എന്നതാണ് സത്യം. 700ന്റെ എണ്ണ അടിച്ചോണ്ടിരിക്കുമ്പോൾ എന്റെ ലിബറോ ആത്മാർത്ഥമായി ചിരിച്ച് കാണും..ആദ്യമായിട്ടാണ് ആ പഹയന്റെ പള്ളയിലേക്ക് 100 രൂപയിൽ കൂടുതൽ പെട്രോൾ ചെല്ലുന്നത്..അങ്ങനെ ഞാനും എന്റെ സുഹൃത്ത് അലിയും കൂടെ
പെരുമഴയിൽ നനഞ്ഞു കുളിച്ച് ലൊക്കേഷനിൽ എത്തി. നെടുമുടി വേണുച്ചേട്ടൻ, സലീമേട്ടൻ, ലാൽ സാർ, വിനായകൻ ചേട്ടൻ.. പിന്നെ എന്നെ പോലെ അഭിനയിക്കാൻ വന്ന കുറെ മുഖങ്ങളും.. എല്ലാവരെയും പരിചയപ്പെട്ട് മേക്കപ്പ് ഇട്ട് ഇരിക്കുമ്പോഴാണ് പുറത്ത് ശക്തമായ ഒരു ആരവം കേട്ടത്..
"മമ്മൂക്കാ.." എന്ന ആവേശാ-രവ ശബ്ദം ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ നടന്നു..എന്റെ മുന്നിൽ വരാന്തയുടെ അറ്റത്ത് അതാ..ആൾക്കൂട്ടത്തിന്റെ മുന്നിലായി നീല ജീൻസും കറുത്ത ഷർട്ടും കൂളിങ് ഗ്ലാസ്സും വെച്ച് തലയെടുപ്പോടെ നടന്ന് വരുന്നു, ഇന്ത്യൻ സിനിമയുടെ അഭിമാനം..ഒരു ക്ലാസ് റൂമിന്റെ സൈഡിലേക്ക് മാറിയ ശേഷം നോക്കി നിന്നു..(നോക്കി നിന്ന് പോകും )
കുറച്ച് കഴിഞ്ഞ് കോസ്റ്റ്യൂം ഇട്ട് "ബോംബെ" ആയി മുന്നിലെത്തി..അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു.. "ഇല്ലാ... ഇല്ലാ..." എന്ന എന്റെ ഡയലോഗ് ഞാൻ പറഞ്ഞ അതെ ടോണിൽ വീണ്ടും എന്നെകൊണ്ട് പറയിച്ച് ചിരിച്ചു..ആ ചിരിക്കിടയിൽ കിട്ടിയ അവസരത്തിൽ ഞാൻ പേടിയോടെ ചോദിച്ചു.."ഒരു ഫോട്ടോ എടുത്തോട്ടെ..?"
അങ്ങനെ ആദ്യമായി മമ്മൂക്കയെ അടുത്ത് കണ്ട്, തൊട്ട് നിന്ന് എടുത്ത ഫോട്ടോ ആണ് ഇത്.. ഈ ഫോട്ടോ എടുക്കുമ്പോൾ മമ്മൂക്കയെ കല്യാണം വിളിക്കാൻ മലർവാടി ആർട്സ് ക്ലബ്ബിലെ പ്രകാശനും (നിവിൻ പോളി) കുട്ടുവും (അജു) ടീമും കാത്ത് നിൽക്കുന്നുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു രസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates