

മലയാളികള്‍ക്ക് സുപരിചിതനാണ് നിയാസ് ബക്കര്‍. മറിമായം പരമ്പരയിലൂടെ മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നടന്‍. നിയാസിന്റെ സഹോദരന്‍ കലാഭവന്‍ നവാസിന്റെ വേര്‍പാട് ഇന്നും എല്ലാവരുടേയും മനസിലെ മായാത്ത നോവാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവാസിനെക്കുറിച്ച് നിയാസ് സംസാരിക്കുന്നുണ്ട്.
തങ്ങള്‍ സഹോദരങ്ങളെപ്പോലെയായിരുന്നില്ല, സുഹൃത്തുക്കളെ പോലെയായിരുന്നുവെന്നാണ് നിയാസ് പറയുന്നത്. പരസ്പരം പേരായിരുന്നു വിളിച്ചിരുന്നത്. നവാസ് മരിച്ചപ്പോള്‍ താന്‍ കരഞ്ഞിട്ടില്ലെന്നും ഒരുപാട് നാള്‍ ഉറങ്ങാന്‍ സാധിച്ചില്ലെന്നും നിയാസ് പറയുന്നു.
''ഞങ്ങള്‍ തമ്മില്‍ സുഹൃദ് ബന്ധമായിരുന്നു. നിയാസേ, നവാസേ എന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. സ്വന്തം അനുജന്‍ നഷ്ടമായതിന്റെ ഫീലായിരുന്നില്ല എനിക്ക്. അവന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടൊന്നുമില്ല. പക്ഷെ മനസ്സ് ഇടുങ്ങിയ ഒരവസ്ഥയായിരുന്നു. ഒരുപാട് നാള്‍ ഉറങ്ങാന്‍ പറ്റിയില്ല. അവന്റെ നഷ്ടം മസിലെക്കൊന്നും വരുന്നില്ലെങ്കിലും ഉറക്കമില്ല. ചിലപ്പോള്‍ രാത്രി രണ്ടുമണിക്ക് കിടന്ന് നാലു മണിക്ക് എഴുന്നേല്‍ക്കും. ഒരു മാസം അങ്ങനെയായിരുന്നു. വെറുതെയിരുന്നാലും ഞങ്ങളൊരുമിച്ചുള്ള യാത്രകളുടെ ഓര്‍മ മനസിലേക്ക് വരും'' എന്നാണ് നിയാസ് പറയുന്നത്.
''അവന്‍ ഒരു ലീഡറെപ്പോലെയായിരുന്നു. വളരെ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യും. ഉത്തരവാദിത്വത്തോടെ ഞങ്ങളുടെ ടീമിനെ നയിക്കും. അവനെന്താ ഇങ്ങനെ, ഒട്ടും സോഫ്റ്റല്ലല്ലോ എന്ന് ചിലര്‍ വിചാരിക്കും. പക്ഷെ അവിടെ അത് ആവശ്യമായിരുന്നു. അതുപോലെ അവന്റെ സ്‌നേഹം പലര്‍ക്കും മനസിലാകില്ല. നമ്മള്‍ മറ്റുള്ളവരെ കാണിക്കാന്‍ പ്രകടനപരമായി സ്‌നേഹം കാണിക്കും. നവാസ് അങ്ങനെ ചെയ്യില്ല. ഇനി അവനില്ല എന്നാലോചിക്കുമ്പോള്‍, വലിയ സങ്കടമാണ്'' എന്നും നിയാസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates