'വാപ്പിച്ചിയുടെ അഭിനയ ശൈലി അവനില്‍ കണ്ടു; ഓര്‍ക്കുമ്പോള്‍ സഹിക്കുന്നില്ല'; പ്രകമ്പനത്തിലെ നവാസിനെക്കുറിച്ച് നിയാസ്
മലയാളികളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദികളിലൂടേയും സിനിമയിലൂടേയും ഒരുപാട് ചിരിപ്പിച്ച നടന്‍. പാട്ടുപാടി ഹൃദയം തൊട്ട ഗായകന്‍. അങ്ങനെ മലയാളി ജീവിതത്തില്‍ പലമേഖലകളിലൂടെ നവാസ് കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നവാസന്റെ മരണ വാര്‍ത്ത ഇപ്പോഴും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തെ തുടര്‍ന്നാണ് നവാസിനെ തേടി മരണമെത്തുന്നത്. നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. നവാസിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടതിനെക്കുറിച്ച് എഴുതുകയാണ് നടന്‍ കൂടിയായ സഹോദരന്‍ നിയാസ് ബക്കര്‍.
ഫെയ്‌സ്ബുക്കിലൂടെയാണ് നിയാസ് നവാസിനെ ഓര്‍ത്തത്. പ്രകമ്പനത്തിലെ നവാസിന്റെ അഭിനയം കണ്ടപ്പോള്‍ പല സീനുകളിലും തങ്ങളുടെ പിതാവ് അബൂബക്കറിനെ ഓര്‍മ വന്നുവെന്നാണ് നിയാസ് പറയുന്നത്. ഇനിയായിരുന്നു നവാസില്‍ നിന്നും നല്ല കഥാപാത്രങ്ങള്‍ കാണാനുണ്ടായിരുന്നതെന്നും നിയാസ് പറയുന്നു. ആ വാക്കുകളിലേക്ക്:
ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ (നടന്‍ അബൂബക്കര്‍) അടുത്തറിയുന്നവര്‍ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവര്‍ പറയും കൊള്ളാം, എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോള്‍ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്.
ഓര്‍ക്കുമ്പോള്‍ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാര്‍ഥ്യങ്ങളെ ഞാന്‍ ഉള്‍കൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് അവന്റെ മക്കള്‍ക്ക് സാധ്യമാവട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. പ്രകമ്പനം ഒരു തികഞ്ഞ എന്റര്‍ടെയ്ന്‍മെന്റ് സിനിമയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങള്‍ തിയ്യേറ്ററില്‍ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ് സിനിമയില്‍ ഒരു നല്ല വേഷം നല്‍കിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസര്‍, ഡയറക്ടര്‍, എല്ലാ അംഗങ്ങള്‍ക്കും എന്റെ നിറഞ്ഞ സ്‌നേഹം. പ്രാര്‍ത്ഥന.
Niyas Backer pens an emotional note about Kalabhavan Navas and his perfomance in Prakambanam. It was his last movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

