

അന്തരിച്ച ഗായിക എസ് ജാനകിയെ അനുസ്മരിച്ച് നടന്‍ നിയാസ് ബക്കര്‍. ജാനകിയമ്മയെ ഓര്‍ക്കുമ്പോഴെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് തന്റെ അനിയന്‍ നവാസിനെയാണെന്ന് നിയാസ് പറഞ്ഞു. ഇരുവരുടേയും വേര്‍പാട് ഹൃദയത്തില്‍ ഒരുപോലെ ശൂന്യതസൃഷ്ടിക്കുന്നുവെന്നും ജാനകിയമ്മയുടെ ഗാനങ്ങളും നവാസിന്റെ അവതരണങ്ങളും എന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അദ്ദേഹം ഗായികയെ അനുസ്മരിച്ചത്. ആ വാക്കുകളിലേക്ക്:
ജാനകിയമ്മയുടെ വേര്‍പാടിന്റെ വാര്‍ത്ത കേട്ട നിമിഷം, എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് എന്റെ അനുജന്‍ നവാസിന്റെ മുഖമാണ്.ജാനകിയമ്മയുടെ ഗാനങ്ങള്‍ അതേ ഭാവത്തിലും അതേ മാധുര്യത്തിലും, ഒരു സ്ത്രീശബ്ദത്തിന്റെ സൗന്ദര്യത്തോടെ വേദിയില്‍ ആലപിക്കുന്നതു കാണുമ്പോഴെല്ലാം എന്റെ ഹൃദയം പ്രാര്‍ത്ഥനയിലാകും. അവന്‍ പാട്ട് തുടങ്ങിയാല്‍, ഒരു പിഴവും സംഭവിക്കാതെ ആ ഗാനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ സ്റ്റേജിന്റെ സൈഡില്‍ നിന്ന് നോക്കി നില്‍ക്കും. അവന്‍ പാടി തീര്‍ന്നതിന് ശേഷം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി കേട്ടാലേ എനിക്ക് മനസ്സിന് ആശ്വാസമാകൂ. അതിനുശേഷമാണ് ഞാന്‍ കോസ്റ്റ്യൂം മാറാന്‍ പോലും പോകാറുള്ളത്.
ഇന്നിപ്പോള്‍ ജാനകിയമ്മ ഇല്ലെന്ന വാര്‍ത്ത വിശ്വസിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഈ ദുഃഖം എന്റേത് മാത്രമല്ല; സംഗീതത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ദുഃഖമാണ്. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ നമ്മെ വിട്ടുപോയതുപോലുള്ള ഒരു ശൂന്യതയാണ് ഈ വേര്‍പാട് സമ്മാനിക്കുന്നത്. ആ മഹാഗായികയ്ക്ക് എന്റെ ആയിരം പ്രണാമങ്ങള്‍..
അമ്മയ്ക്ക് ആദരാഞ്ജലിയായി, അമ്മ ആലപിച്ച ഒരു ചെറിയ ഗാനം ഞാന്‍ പാടാന്‍ ശ്രമിക്കുകയാണ്. ഇത് ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും വേണ്ടിയുള്ള ഒരു വീഡിയോയല്ല. എന്റെ ഹൃദയത്തില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥനയാണ്.
ഈ വീഡിയോ കാണുന്ന ഓരോരുത്തരോടും ഒരു ചെറിയ അഭ്യര്‍ഥന മാത്രം... ഒരു നിമിഷം ജാനകിയമ്മയുടെ ആത്മശാന്തിക്കായും, ആ ഗാനങ്ങളെ ഹൃദയത്തില്‍ സൂക്ഷിച്ച് പാടിക്കൊണ്ടിരുന്ന എന്റെ അനുജന്‍ നവാസിനുവേണ്ടിയും ഒരു പ്രാര്‍ത്ഥന നടത്തുമല്ലോ.
പ്രണാമം, ജാനകിയമ്മേ...അമ്മയുടെ ശബ്ദം നിലയ്ക്കില്ല. അത് കാലങ്ങളോളം നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates