

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സിനിമാ നിർമാണ രംഗത്തേക്ക്. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇരുവരും നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ആമസോൺ എംജിഎമ്മുമായി ബറാക് ഒബാമയുടെ നിർമാണക്കമ്പനി ചർച്ചകൾ നടത്തുകയാണെന്നാണ് വിവരം. കെവിൻ കുക്കിന്റെ 2014 ൽ പുറത്തിറങ്ങിയ "ദ് ടൈഗർ സ്ലാം: ദ് ഇൻസൈഡ് സ്റ്റോറി ഓഫ് ദ് ഗ്രേറ്റസ്റ്റ് ഗോൾഫ് എവർ പ്ലെയ്ഡ്" എന്ന പുസ്തകത്തിന്റെ പകർപ്പവകാശം ആമസോൺ എംജിഎം സ്റ്റുഡിയോസ് അടുത്തിടെ വാങ്ങിയിരുന്നു.
ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുക. 2000- 2001വർഷത്തിലെ നാല് പ്രധാന ടൂർണമെന്റുകളിലും ഒരേസമയം ചാമ്പ്യനായ ആദ്യത്തെ ഗോൾഫ് കളിക്കാരനായി വുഡ്സ് എങ്ങനെ മാറി എന്നാണ് പുസ്തകം പറയുന്നത്. "ടൈഗർ സ്ലാം" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.
ടെന്നീസ് ഇതിഹാസങ്ങളായ വീനസ്, സെറീന വില്യംസ്, അവരുടെ പരിശീലകനും പിതാവുമായ റിച്ചാർഡ് എന്നിവരുടെ ബാല്യകാല കഥ പറഞ്ഞ "കിങ് റിച്ചാർഡ്" എന്ന സിനിമയുടെ സംവിധായകൻ റെയ്നാൾഡോ മാർക്കസ് ഗ്രീൻ ആയിരിക്കും ടൈഗർ വുഡ്സിന്റെ ബയോപിക് സംവിധാനം ചെയ്യുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മുൻ പ്രൊജക്ടുകളെല്ലാം ബയോപിക്കുകളായിരുന്നു.
ബോബ് മാർലിയുടെ ജീവിതത്തെ ആസ്പദമാക്കി 2024 ൽ പുറത്തിറങ്ങിയ വൺ ലവ് ആണ് റെയ്നാൾഡോ മാർക്കസ് ഗ്രീന്റേതായി ഒടുവിലെത്തിയ പ്രൊജക്ട്. ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് എന്നാണ് ബറാക് ഒബാമയും മിഷേൽ ഒബാമയും നടത്തുന്ന നിർമാണക്കമ്പനിയുടെ പേര്.
ഓസ്‌കർ പുരസ്കാരം നേടിയ "അമേരിക്കൻ ഫാക്ടറി"(ഡോക്യുമെന്ററി), നെറ്റ്ഫ്ലിക്സിലെ ഹിറ്റ് ത്രില്ലർ "ലീവ് ദ് വേൾഡ് ബിഹൈൻഡ്" എന്നിവയടക്കം നിരവധി ടിവി ഷോകളും പോഡ്കാസ്റ്റുകളും ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് നിർമിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates