'എന്റെ ആരോഗ്യം തകര്‍ത്ത ദുശീലം; സ്റ്റുഡിയോയില്‍ വച്ച് ശ്വാസമുട്ടലുണ്ടായി; ബോധം വന്നത് 24 മണിക്കൂര്‍ കഴിഞ്ഞ്'; ശ്രീനിവാസന്‍ അന്ന് പറഞ്ഞത്

ഒരു കാര്യം മനസിലായി, മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട
Sreenivasan
Sreenivasanഫയല്‍
Updated on
1 min read

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന് വിട ചൊല്ലുകയാണ് മലയാള സിനിമ. മലയാളിയുടെ നേര്‍ക്ക് തിരിച്ചുവച്ച കണ്ണാടിയായിരുന്നു ശ്രീനിവാസന്‍ സിനിമകളും കഥാപാത്രങ്ങളും. വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ ബോധ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രീനി ശ്രമിച്ചിരുന്നു. ജീവിതത്തിലും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. തന്റെ നല്ലതിനെക്കുറിച്ച് മാത്രമല്ല, മോശം ശീലങ്ങളെക്കുറിച്ചും അദ്ദേഹം മറയില്ലാതെ സംസാരിച്ചു പോന്നു.

Sreenivasan
താലി വാങ്ങാന്‍ കാശ് തന്ന മമ്മൂട്ടി, ആലീസിന്റെ വള വിറ്റ ഇന്നസെന്റും; കല്യാണത്തെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത്

അമിതമായ പുകവലിയാണ് തന്റെ ആരോഗ്യം തകര്‍ത്തതെന്ന് മുമ്പ് ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. ഏറെക്കാലമായി ശ്വാസകോശ സംബന്ധമായും ഹൃദയസംബന്ധമായും അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. 'ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാന്‍ വലിച്ചുപോകും, അത്രയ്ക്ക് അഡിക്ഷനുണ്ട്. മറ്റുള്ളവരോട് എനിക്ക് ഒരു ഉപദേശമേയുള്ളൂ, കഴിയുമെങ്കില്‍ പുകവലിക്കാതിരിക്കുക'' എന്ന് തന്റെ അനുഭവങ്ങളില്‍ നിന്നും ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്.

Sreenivasan
'തിരക്കഥയെഴുതാമെങ്കില്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ തിരിച്ചുപോകാം'; നടനാകാന്‍ എഴുതി തുടങ്ങി, പകരം വെക്കാനില്ലാത്തവനായി

വിഎം വിനു സംവിധാനം ചെയ്ത കുട്ടിമാമ എന്ന സിനിമയുടെ ഡബ്ബിങിനിടെയാണ് ശ്രീനിവാസന് ആദ്യമായി ആരോഗ്യപ്രശ്‌നമുണ്ടാകുന്നത്. ബോധരഹിതനായ അദ്ദേഹത്തെ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.

''കുറച്ച് ഡബ്ബിങ് ബാക്കി വന്നിരുന്നു. അതിനായി സ്റ്റുഡിയോയില്‍ പോയി. സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ശ്വാസം മുട്ടലുണ്ടായി. പുകവലിയായിരുന്നു പ്രധാന പ്രശ്‌നം. അതുകൊണ്ടാണ് എനിക്ക് പല പ്രശ്‌നങ്ങളും ഉണ്ടായത്. എഴുതുമ്പോള്‍ അഡിക്ഷന്‍ ഉള്ള സാധനം വിടാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചതാണ്. കൂടുതല്‍ കൂടുതല്‍ പുകവലിയ്ക്കും. ഈ ശീലമുള്ളവര്‍ക്ക് വിടാന്‍ പറ്റില്ല. ആഗ്രഹിച്ചതു പോലെ എഴുതാന്‍ പറ്റാതെ വരുമ്പോള്‍ ഭ്രാന്ത് വരും. അപ്പോള്‍ വലിച്ചു പോകും. വലിച്ചാല്‍ മാത്രമേ എഴുതാന്‍ പറ്റുള്ളൂവെന്നല്ല ഞാന്‍ പറയുന്നത്.'' ശ്രീനിവാസന്‍ പറയുന്നു.

''ശ്വാസംമുട്ടിക്കൊണ്ടിരുന്നപ്പോള്‍ വിനു ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞു. അതൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഒരു ഘട്ടത്തില്‍ ആരൊക്കയോ ചേര്‍ന്ന് എന്നെ എടുത്തുകൊണ്ടു പോയി കാറില്‍ കയറ്റി. ലാല്‍ മീഡിയയില്‍ നിന്നും ആശുപത്രിയിലേക്കുള്ള റോഡിലെ കാഴ്ച മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. പിന്നെ ബോധം വരുന്നത് 24 മണിക്കൂറിന് ശേഷമാണ്. ഇതിനിടെ എന്തും സംഭവിക്കാമായിരുന്നു. മരണം കഴിഞ്ഞുവെന്ന് വേണമെങ്കില്‍ പറയാം. സിപിആര്‍ ചെയ്തിട്ടാണ് റിവൈവ് ചെയ്തതെന്നാണ് പിന്നീട് പറഞ്ഞത്. ഒരു കാര്യം മനസിലായി, മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. ഏത് മണ്ടനും എത്ര പെട്ടെന്ന് വേണമെങ്കിലും മരിക്കാം.'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Summary

Once Sreenivasan opened up about how smoking distroyed his health. he urged everyone to stay away from it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com