

മൊബൈല്‍ ഫോണിന്റെ ഇന്ത്യന്‍ ചരിത്രത്തിന് മൂന്ന് പതിറ്റാണ്ടുകള്‍ തികയുകയാണ്. 1995 ജൂലായില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമും ആയിരുന്നു ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ടെലികോം മേഖലയും വളര്‍ന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ടെലികോം മാര്‍ക്കറ്റുകളില്‍ ഒന്നുകൂടിയാണ് ഇന്ത്യ.
മൊബൈല്‍ ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്ക് സമാനമായിരുന്നു ഇതുമായി ബന്ധപ്പെട്ട മറ്റ് വ്യവസായങ്ങളുടെയും വളര്‍ച്ച. പരസ്യ മേഖയായിരുന്നു ഇതില്‍ പ്രധാനം. പരസ്യങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെടുത്താന്‍ കമ്പനികള്‍ കിണഞ്ഞു പരിശ്രമിച്ചു. മൊബൈല്‍ കമ്പനികളുടെ പരസ്യങ്ങള്‍ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. ഇത്തരത്തില്‍ ഒന്നായിരുന്നു 'വണ്‍ ബ്ലാക്ക് കോഫി പ്ലീസ്..' എന്ന പരസ്യം. എറിക്സൺ കമ്പനി തങ്ങളുടെ കുഞ്ഞന്‍ മൊബൈല്‍ ഫോണിനെ പരിചയപ്പെടുത്താന്‍ തയ്യാറാക്കിയ ഈ പരസ്യം ആഗോള തലത്തില്‍ തന്നെ ശ്രദ്ധനേടി. കാന്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ ചലച്ചിത്ര വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഈ ചിത്രം.
ലക്ഷ്വറി റസ്‌റ്റോറന്റില്‍ ഇരിക്കുന്ന ഒരു മധ്യവയസ്‌കനും യുവതിയുമായിരുന്നു പരസ്യത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. യുവതിയുടെ സംഭാഷണം തന്നോടെന്ന് തെറ്റിദ്ധരിച്ച് അവരോട് ഇടപഴകാന്‍ ശ്രമിക്കുന്ന പുരുഷന്‍ എന്നതായിരുന്നു പരസ്യ ചിത്രത്തിന്റെ ഉള്ളടക്കം. എന്നാല്‍ യുവതി തന്റെ കൈപ്പത്തിയ്ക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷമാണ് പരസ്യത്തിന്റെ ക്ലൈമാക്‌സ്. 1996 ല്‍ പുറത്തിറങ്ങിയ ഈ പരസ്യം വലിയ ജന ശ്രദ്ധ നേടി. മൊബൈല്‍ ഫോണുകളുടെ പരസ്യങ്ങളിലെ വ്യത്യസ്ഥതയ്ക്ക് കൂടിയായിരുന്നു എറിക്‌സണിലൂടെ തുടക്കമായത്. നെക്‌സസ് ഇക്യുറ്റി എന്ന അഡ്വര്‍ട്ടൈസിങ് ഏജന്‍സിയായിരുന്നു വണ്‍ ബ്ലാക്ക് കോഫി പ്ലീസ് എന്ന പരസ്യം തയ്യാറാക്കിയത്. എറിക്‌സണായി ഇത്തരം ഒരു ഉള്ളടക്കം തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കഥകൂടിയുണ്ട്.
ചലച്ചിത്ര സംവിധായകനായ പ്രസൂണ്‍ പാണ്ഡെ ആയിരുന്നു പരസ്യത്തിന്റെ സംവിധായകന്‍. എറിക്‌സണായി ഒരു പരസ്യം എന്ന ആവശ്യവുമായി മുന്ന് ആശങ്ങളുമായാണ് പരസ്യ ഏജന്‍സിയുമായും കമ്പനിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുവന്‍ സംവിധായകനെ സമീപിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന മൂന്ന് ആശയങ്ങളില്‍ ഒന്ന് ഫോണിന്റെ കരുത്തിനെ കുറിച്ചുള്ളതായിരുന്നു. മറ്റൊന്ന് മൊബൈല്‍ ഒറ്റക്കയ്യാല്‍ ഉപയോഗിക്കാവുന്നതെങ്ങനെ എന്നതിനെ കുറിച്ചുള്ളതും, ഫോണ്‍ എത്രത്തോളം ചെറുതാണ് എന്ന് വ്യക്തമാക്കുന്നായിരുന്നു മുന്നാമത്തെ ആശയം.
കരുത്ത് ആധാരമാക്കി മോട്ടോറോള കമ്പനി ഒരു പരസ്യം ഇതിനോടകം തയ്യാറാക്കിയിരുന്നു. ഒറ്റക്കയ്യില്‍ ഉപയോഗിക്കാവുന്നത് എന്ന ആശയവും ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തള്ളപ്പെട്ടതോടെ ചെറിയ ഫോണ്‍ എന്ന ആശയം പരസ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
അഭിനേതാവായ കമല്‍ ചോപ്രയായിരുന്നു പരസ്യത്തിലെ മധ്യവയസ്‌കന്റെ വേഷം അവതരിപ്പിച്ചത്. രണ്ടാമത്തെ കഥാപാത്രമായി മുപ്പതുകളിലുള്ള സ്ത്രീയായി കവിത കപൂറും പരസ്യത്തിലെത്തി. മുംബൈയിലെ മുകേഷ് മില്‍സ് ആയിരുന്നു ലൊക്കേഷന്‍. ബരുണ്‍ മുഖര്‍ജി കാമറയും ലൂയിസ് ബാങ്ക്‌സ് പരസ്യത്തിന്റെ സംഗീതവും നിര്‍വഹിച്ചു.
ഇതിനിടെയാണ്, 1996 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണാവരാശം ദൂരദര്‍ശന്‍ സ്വന്തമാക്കുന്നത്. പ്രതിദിനം ഒരു തവണ എന്ന നിലയില്‍ ക്രിക്കറ്റിനിടെ പരസ്യം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. പരസ്യത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. എറിക്‌സണ്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കും പരസ്യം കാരണമായി. പരസ്യത്തിലെ അഭിനേതാക്കളും ലോക ശ്രദ്ധ നേടി. ഒരു പരസ്യം ആകര്‍ഷകമാണെങ്കില്‍ അത് നിരന്തരം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രസൂണ്‍ പാണ്ഡെ ചൂട്ടിക്കാട്ടിരുന്നു. അഭിനേതാക്കളുടെ മിടുക്കും പരസ്യത്തിന്റെ സ്വീകാര്യതയ്ക്ക് കാരണമായി. കവിത കപൂറിന്റെ അഭിനയം വളരെ സ്വാഭാവികമായിരുന്നെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു.
പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടായിട്ടും എറിക്‌സണ്‍ പരസ്യം എന്തുകൊണ്ട് ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നിസാരമാണ്. ഒരു പരസ്യം ഉപഭോക്താക്കളുടെ വിനോദ സമയത്തെയും താത്പര്യങ്ങളെയും ഹനിക്കാതെ ആകര്‍ഷകമായി നല്‍കാനാകുക എന്നതാണ് ഇതില്‍ പ്രധാനമെന്നാണ് ഈ വിഷയത്തില്‍ പ്രസൂണ്‍ പാണ്ഡെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കൈനറ്റിക് ഹോണ്ട, ഏഷ്യന്‍ പെയിന്റ്‌സ്, ധാര, കെല്‍വിനേറ്റര്‍ റഫ്രിജറേറ്റര്‍ പരസ്യങ്ങളിലും അഭിനയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates