

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കൻ വീരഗാഥ. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രിൽ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക.
എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. "നമസ്കാരം, ഒരു വടക്കൻ വീരഗാഥ, മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങൾ നേടി തന്ന സിനിമയാണ്.
പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻ നിർമിച്ച് 1989 ൽ പുറത്തിറങ്ങിയ ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യകളോട് കൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസിൽ റിലീസാകണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് പിവി ഗംഗാധരൻ. ഞങ്ങൾ തമ്മിൽ അതിനേപ്പറ്റി ഒരുപാട് സംസാരിച്ചിട്ടുണ്ട്.
അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ചക്കാർക്ക് പുതിയ കാഴ്ചശബ്ദ മിഴിവോടു കാണാനുമുള്ള അവസരം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണ്".- മമ്മൂട്ടി പറഞ്ഞു.
ബോംബെ രവിയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates