
മഴ ആയതുകൊണ്ട് പുറത്തേക്ക് ഇറങ്ങാൻ മടി പിടിച്ചിരിക്കുന്ന ഒരുപാട് പേരുണ്ടാകുമിപ്പോൾ. മഴയത്ത് വീട്ടിൽ തന്നെ ഇരുന്ന് കാണാൻ ഈ വാരാന്ത്യം കിടിലൻ സിനിമകളാണ് ഒടിടിയിലെത്തിയിരിക്കുന്നത്. ഈ വാരാന്ത്യം നിങ്ങളിലേക്കെത്തുന്ന ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ഒടിടിയിലെത്തി. ഒരു സ്പായെ ചുറ്റിപ്പറ്റിയുള്ള രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
തിയറ്റർ പ്രദർശനത്തിന് ശേഷം മറ്റൊരു മലയാള ചിത്രം കൂടി ഒടിടി റിലീസിനൊരുങ്ങുന്നു. യുവതാരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒന്നിച്ച 'സുഖമാണോ സുഖമാണ്' എന്ന ചിത്രമാണ് ഒടിടിയിൽ പ്രദർശനത്തിനെത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയിലൂടെ മെയ് 29 മുതൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
വിഘ്നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ്, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കര. ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച കരയിപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ലെജൻഡ് ശരവണൻ നായകനായെത്തിയ ചിത്രമാണ് ലീഡർ. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ്, ഐശ്വര്യ, മറിയം ജോർജ്, നിഷ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണിപ്പോൾ. മെയ് 29 ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റൊമാന്റിക് ത്രില്ലർ ചിത്രമാണ് 'ഫെയ്സസ്'. നവാഗതനായ നിലേഷ് ഇ.കെ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സൺ നെക്സ്റ്റിലൂടെ മെയ് 29 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates