
വീണ്ടുമൊരു ആഘോഷദിനത്തിലേക്ക് കടക്കുകയാണ് നമ്മൾ, ദീപങ്ങളുടെയും നിറങ്ങളുടെയും ഉത്സവമായ ദീപാവലി. പടക്കം പൊട്ടിക്കാനും ദീപങ്ങൾ കൊണ്ട് വീടുകളും തെരുവുകളുമൊക്കെ അലങ്കരിക്കാനുമൊക്കെയുള്ള ഒരുക്കങ്ങളിലായിരിക്കും പലരും. ഒടിടി പ്ലാറ്റ്ഫോമുകളിലും ഈ വാരാന്ത്യത്തിൽ നിരവധി സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലായി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഈ വാരാന്ത്യം എത്തിയിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായെത്തിയ 'ഐ ആം ഗെയിം' ഒടിടിയിൽ സ്ട്രീമിങ്ങിനെത്തി. ഫാന്റസി ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ആസ്വദിക്കാനാകും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം കാണാം. ബിസിനസുകാരനായ ഡാൻ ജോൺ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ചൂതാട്ടത്തിന് അടിമയായ ഡാൻ ജോണിന് ഒരപകടത്തിൽ വലതുകൈ നഷ്ടമാകുന്നു. കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഡാനിന്റെ ജീവിതത്തിൽ സംഭവിക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഹിപ്ഹോപ് തമിഴ ആദിയുടെ മ്യൂസിക്കൽ കോമഡി ഡ്രാമ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലെത്തി. സോണി ലിവിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴ ആദി, ചൈത്ര ജെ ആചാർ, രമ്യ രംഗനാഥൻ, കേതിക ശർമ, ഹർഷത് ഖാൻ, നാസർ, കരുണാസ്, യോഗി ബാബു, ബാബ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ഫാമിലി കോമഡി എന്റർടെയ്‌നർ 'ഓട്ടം തുള്ളൽ' മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, മനോജ് കെയു, ഹരീഷ് കണാരൻ, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ക്രൈം ത്രില്ലർ ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്കായ 'ഹയ്‌വാൻ' സോണി ലിവിൽ സ്ട്രീമിങ് തുടങ്ങി. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രത്തിൽ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, ബൊമൻ ഇറാനി തുടങ്ങിയ വമ്പൻ ബോളിവുഡ് താരങ്ങളാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തിയറ്ററിൽ ചിത്രം തണുപ്പൻ പ്രതികരണമാണ് നേടിയത്.
സിദ്ധാർഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ഫോക്ലോർ എന്റർടെയ്‌നറാണ് ദ് വാൻ. സെപ്റ്റംബർ 25-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates