

ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. മലയാള സിനിമയിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് പാട്ട് കമ്പോസ് ചെയ്ത സംഗീത സംവിധായകനും ഔസേപ്പച്ചൻ തന്നെയാണ്. ഇപ്പോഴിതാ കമ്പ്യൂട്ടർ ഉപയോഗിച്ച് പാട്ട് കമ്പോസ് ചെയ്ത അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഔസേപ്പച്ചൻ. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അന്ന് ഞാൻ വയലിൻ വായിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തുള്ള സകല സംഗീത സംവിധായകർക്ക് വേണ്ടിയും, ഇംഗ്ലീഷ് സംഗീത സംവിധായകർക്ക് വരെ ഞാൻ വയലിൻ വായിച്ചു കൊടുത്തിട്ടുണ്ട്. അന്നത്തെ കാലത്ത് പല ആൽബങ്ങളും ചെയ്യാൻ സായിപ്പുമാർ ചെന്നൈയിൽ വരും. അവർക്ക് വേണ്ടി വായിക്കും.
അങ്ങനെ നടക്കുമ്പോൾ എല്ലായിടത്തെയും അപ്ഡേഷൻസ് നമ്മൾ അറിയുന്നുണ്ട്. ഞാനൊരു സംഗീത സംവിധായകനായി എന്റെ വീട്ടിൽ കുത്തിയിരുന്നാൽ ഞാനൊന്നും അറിയില്ല, പുറത്ത് എന്താണ് നടക്കുന്നതെന്ന്. പക്ഷേ ഇന്റർനാഷണലായി എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ കാര്യം വരെ ഞാൻ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഓരോ സ്ഥലങ്ങളിലും പോകുമ്പോൾ.
എന്റെ രണ്ടാമത്തെ പടം 'വീണ്ടും' എന്നതിന് വേണ്ടിയാണ് ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ചത്. അതിലാണ് ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്. ആ സമയത്ത് റഹ്മാൻ ഇത് പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. റഹ്മാന് സംശയം വരുമ്പോൾ ചോദിക്കുന്നത് ചന്ദ്രശേഖറിനോടായിരുന്നു. അദ്ദേഹമിപ്പോൾ മരിച്ചു പോയി. അങ്ങേര് ഇതിൽ ഭയങ്കര ബ്രില്യന്റ് ആണ്. കമ്പ്യൂട്ടർ, കീബോർഡ് തുടങ്ങി അതിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം ഭയങ്കരമാണ്.
അദ്ദേഹത്തെ വച്ചാണ് ഞാൻ 'വീണ്ടും' എന്ന സിനിമയിലെ പാട്ടുകൾ ചെയ്യുന്നത്. അന്നെനിക്ക് ഓർമയുണ്ട്, എല്ലാ സംഗീത സംവിധായകരും ഇങ്ങനെ നോക്കി നിൽക്കുമ്പോൾ, ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്, ചന്ദ്രശേഖർ കൈ കെട്ടി ഇരിക്കുകയാണ്. ഗിറ്റാർ, ഡ്രംസ്, റിഥം അങ്ങനെ സകലതും ഇതിലൂടെ വരികയാണ്. ഇതിന്റെ കൂട്ടത്തിൽ വയലിനും ഫ്ലൂട്ടുമൊക്കെയുണ്ട്. 'ദൂരെ മാമലയിൽ...പൂത്തൊരു ചെമ്പകത്തിൽ...' അതാണ് ആദ്യം കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യുന്നത്.
ഇൻസ്ട്രുമെന്റില്ലാതെ ഒരു ആൽബം ചെയ്തു, 'വെൽക്കം 1990'. കമ്പ്യൂട്ടർ പഠിപ്പിക്കുന്നതൊക്കെ അന്നൊക്കെ അത്ഭുതമാണ്. കമ്പ്യൂട്ടർ പഠിപ്പിക്കുന്ന ഒരു സ്ഥലത്ത് പോയിട്ടാണ് ദിലീപ് എന്ന് പറയുന്ന ഇന്നത്തെ എആർ റഹ്മാൻ ഇത് പഠിക്കുന്നത്. അങ്ങനെയാണ് ഞാൻ അതിലേക്ക് കയറിയത്".- ഔസേപ്പച്ചൻ പറഞ്ഞു. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി, രതീഷ്, ജയശ്രീ, ഗീതു മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ സിനിമയാണ് 'വീണ്ടും'.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക