ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല, ജീവിതത്തിലേയും കരിയറിലേയും നിലപാടുകള്‍ കൊണ്ടു കൂടിയാണ് പാര്‍വതി തിരുവോത്ത് സമാനതകളില്ലാത്ത പേരാകുന്നത്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മറയില്ലാതെ തുറന്നു പറയുന്ന താരമാണ് പാര്‍വതി. അതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണവും മാറ്റി നിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുമുണ്ട്. എങ്കിലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ പാര്‍വതി ഒരുക്കമല്ല.
മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും കല്ലേറിന്റെ സമയത്ത് ഒപ്പം നിന്നവരെക്കുറിച്ചുമൊക്കെ പാര്‍വതി സംസാരിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഇങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് പാര്‍വതി മറുപടി നല്‍കുന്നത്.
''ഒരിക്കലുമില്ല. തുടക്കത്തില്‍ എനിക്കുണ്ടായൊരു വിഷമം എന്താണെന്ന് വച്ചാല്‍, നമ്മളൊരു കാര്യം പറയുമ്പോള്‍ ആളുകളില്‍ നിന്നും പ്രതീക്ഷിക്കുന്നൊരു അണ്ടര്‍സ്റ്റാന്‍ഡിങ് ഉണ്ടല്ലോ, ബേസിക് ഡീസന്‍സി പ്രതീക്ഷിച്ചിരുന്നു. അതു പോയിക്കിട്ടി. അതിനര്‍ത്ഥം ഞാന്‍ നിര്‍ത്തുമെന്നല്ല. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് വേറൊരു സംസ്‌കാരത്തെയോ ആളുകളെയോ എനിക്ക് നിയന്ത്രിക്കാനാകില്ല. എനിക്ക് എന്റെ പ്രതീക്ഷകളെ മാത്രമേ നിയന്ത്രിക്കാനാകൂ. എന്റെ പ്രതീക്ഷകളെ ഞാന്‍ മാറ്റി'' പാര്‍വതി പറയുന്നു.
അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ പിന്നീട് ആക്രമിക്കപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്നുവോ? എന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്‍കുന്നുണ്ട്. ''മിക്കവാറും പേരും കൂടെയുണ്ടായിരുന്നു. സിനിമ ഇന്‍ഡസ്ട്രിയിലെ തുടക്കം വച്ച് നോക്കുകയാണെങ്കില്‍ പത്ത് പേരെടുക്കുകയാണെങ്കില്‍ അത് രണ്ട് പേര്‍ മാത്രമേ ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഇല്ലാതുള്ളൂ. അവര്‍ അവരുടെ ജീവിതത്തില്‍ നല്ല നിലയിലാണ്. അതിനാല്‍ എനിക്ക് അവരോട് വ്യക്തിവിരോധം ഒന്നുമില്ല. ആളുകളെ നഷ്ടപ്പെടണം എന്നാണ് ഞാന്‍ ആത്മമാര്‍ത്ഥമായി തന്നെ വിശ്വസിക്കുന്നത്. ആരും ഒബ്ലിഗേഷന്‍ കാരണം നമ്മുടെ കൂടെ നില്‍ക്കാന്‍ പാടില്ല'' എന്നാണ് പാര്‍വതി പറയുന്നത്.
''വളരെ നല്ല സുഹൃത്തുക്കളായ ആളുകള്‍ പിന്നീട് പിരിഞ്ഞു പോകും. അതാണ് ശരിയെന്ന് നമുക്ക് തോന്നും. നമ്മുടെ വാല്യു സിസ്റ്റം മാറും. അത് മാറാന്‍ അനുവദിക്കണം. നീ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നുവെന്ന് പറയരുത്. എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത്? ആരും ഒരു കരാറും ഒപ്പിട്ടിട്ടില്ല, എപ്പോഴും നമുക്കൊപ്പം ഉണ്ടാകുമെന്ന്. ഞാന്‍ പോലും സ്ഥിരമല്ല. പത്ത് വര്‍ഷം മുമ്പത്തെ ഞാന്‍ ആരാണെന്ന് പോലും എനിക്ക് അറിയില്ല. മാറാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാന്‍ എനിക്ക് നല്‍കുന്നുണ്ട്. ഇന്ന് ഈ അഭിമുഖത്തില്‍ പറഞ്ഞതെല്ലാം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാകണമെന്നില്ല. ഞാന്‍ ഇതുപോലെ തന്നെയായിരിക്കുമെന്ന കരാറില്‍ ഞാന്‍ ഒപ്പിടാറില്ല. അതുപോലെ മറ്റൊരാള്‍ എന്നും ഒരുപോലെ ആയിരിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതും മോശമാണ്'' എന്നും പാര്‍വതി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates