

മലയാള സിനിമയിലെ മിന്നും താരമാണ് പാര്‍വതി തിരുവോത്ത്. ഓണ്‍ സ്‌ക്രീനിലെ ശക്തമായ പ്രകടനങ്ങളിലൂടെ കയ്യടി നേടാറുള്ള പാര്‍വതി തന്റെ നിലപാടുകളിലൂടേയും മലയാള സിനിമയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിനെതിരെയുള്ള ശക്തമായ ശബ്ദമാണ് പാര്‍വതി. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് പാര്‍വതി.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് പാര്‍വതി. ഇപ്പോഴിതാ ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന വെബ് സീരീസിലൂടെ ഒടിടി ലോകത്തേക്കുമെത്തുകയാണ് പാര്‍വതി തിരുവോത്ത്. സ്‌റ്റോം എന്ന ആമസോണ്‍ പ്രൈമിലൂടെയാണ് ബോളിവുഡിലേക്കുള്ള പാര്‍വതിയുടെ തിരിച്ചുവരവ്.
സ്റ്റോമിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ പാര്‍വതി ഹൃത്വിക് റോഷനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സൂപ്പര്‍ താരമെങ്കിലും അതിന്റെ ജാഡകളൊന്നും ഹൃത്വിക് റോഷന് ഇല്ലെന്നാണ് പാര്‍വതി പറഞ്ഞത്. പാര്‍വതി പണ്ട് നല്‍കിയൊരു അഭിമുഖത്തില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോഴത്തെ വാക്കുകളും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.
''സൂപ്പര്‍ താരമായിരുന്നിട്ടും ഹൃത്വിക്കും കുടുംബവും വളരെ ലാളിത്യത്തോടെയാണ് പെരുമാറിയയത്. അവര്‍ ശരിക്കും മറ്റുള്ളവരിലെ വെളിച്ചം കാണുന്നവരാണ്. അതിനെ ഞാന്‍ ഏറെ അഭിനന്ദിക്കുന്നു. അവരുടെ ചോയ്‌സുകള്‍ മനോഹരമാണ്'' എന്നാണ് പാര്‍വതി ഹൃത്വിക് റോഷനെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയില്ലെന്നായിരുന്നു പണ്ടൊരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞത്. സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. വെറുതെ സമയം കളയാനുള്ള കാര്യമാണ്. താരാരാധന മൂത്ത് ഭ്രാന്തായി ആളുകള്‍ ഇടുന്നതാണോ സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്ക് എന്ന് അറിയില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇത് കുത്തിപ്പൊക്കി താരത്തെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ.
അവസരം തരുന്നത് കൊണ്ടാണോ ഹൃത്വിക് റോഷനെ സൂപ്പര്‍ താരമെന്ന് വിളിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അന്ന് ഒരു നിലപാടും ഇന്ന് വേറൊരു നിലപാടും, ഇത് ഇരട്ടത്താപ്പാണ്. പരം സുന്ദരിയെ രഞ്ജി പണിക്കര്‍ പൊക്കിയടിച്ചതും ഇതും ഒരുപോലെ തന്നെയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
അതേസമയം 2026 പകുതിയോടെ സ്‌റ്റോം പ്രൈമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പാര്‍വതിയ്‌ക്കൊപ്പം സബ ആസാദ്, ആലയ എഫ്, സൃഷ്ടി ശ്രീവാത്സവ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന സീരീസ് സൗഹൃദസംഘത്തിന്റെ കഥയാണ് പറയുന്നതെന്നാണ് കരുതപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
