

പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണന്റെ സംവിധാനം, വർഷങ്ങൾക്ക് ശേഷമുള്ള മോഹൻലാൽ- മമ്മൂട്ടി കോമ്പോ ഇതൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രധാന യുഎസ്പി. എന്നാൽ ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ ഇൻഡസ്ട്രി ട്രാക്കര്‍മാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് ആകെ 9.80 കോടിയാണ് ചിത്രം നേടിയത്. വേൾഡ് വൈഡായി 29.37 കോടി കളക്ട് ചെയ്തു.
കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം എട്ട് കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. കേരള ബോക്സ് ഓഫീസില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് പേട്രിയറ്റ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്ന ഒടിയനെ മറികടന്നാണ് ഈ നേട്ടം. 7.25 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഓപ്പണിങ്.
അതേസമയം കേരളത്തില്‍ ഒരു മലയാള ചിത്രത്തിനുള്ള റെക്കോര്‍ഡ് ഓപ്പണിങ് എംപുരാന്‍റെ പേരിലാണ്. 14.07 കോടി ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കേരള കളക്ഷന്‍. അതേസമയം വാരാന്ത്യമായതു കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ ഉയരുമെന്ന് തന്നെയാണ് വിലയിരുത്തൽ. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates