മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോൾ ബറോസ് ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസന. ലാൽ സാർ ഒരു എനർജന്റിക് ഐറ്റമാണ് എന്നാണ് താരം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകനായ സന്തോഷ് ശിവനുമായുള്ള മോഹൻലാലിന്റെ ബന്ധത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ചിത്രത്തിൽ ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിനായുള്ള താരത്തിന്റെ മേക്കോവർ വൈറലായിരുന്നു.
അനീഷ് ഉപാസനയുടെ കുറിപ്പ് വായിക്കാം
സത്യം പറയണം ലാൽ സാർ..സാർ ആരാണ്..? സാറിനെവിടുന്നാണ് ഇത്രയും എനർജി..?സാറിനെവിടുന്നാണ് ഇത്രയും ക്ഷമ..? സാറിന് ഉറക്കമൊന്നും ഇല്ലേ..?
എത്ര ലേറ്റ് ആയിട്ട് ഷൂട്ടിങ് കഴിഞ്ഞാലും സാറെങ്ങനെയാണ് കൃത്യം 7.30 ന് തന്നെ ലൊക്കേഷനിൽ എത്തുന്നത്..?
എന്റെ 1000 വാട്ട് പവറുള്ള ചോദ്യങ്ങളാണ്..പക്ഷേ ലാൽ സാർ മുന്നിൽ വന്നാൽ ഈ ചോദ്യങ്ങളെല്ലാം എന്റെ വായിൽക്കൂടി ആവിയായിപ്പോകും എന്നുള്ളതാണ് മറ്റൊരു സത്യം. ഒരു ഗ്യാപ് കിട്ടിയാൽ വിളക്ക്‌പണയം വെച്ചപോലെയിരിക്കുന്ന എന്നെപോലുള്ളവർക്ക് ലാൽ സാർ ഒരു എനെർജറ്റിക് ഐറ്റം തന്നെയാണ്.
"മോനേ..ജിബ് ന്റെ മൂവ്‌മെന്റ് പൂ പൊലെ വേണേ..ഒട്ടും ഷേക്ക് പാടില്ല.."
ഹോ..ആ ശബ്ദം മൈക്കിലൂടെ കേൾക്കാൻ തന്നെ എന്തൊരു രസാ..
ജിബ് ഓപ്പറേറ്ററിന്റെ പേര് ദിനേശൻ എന്ന് കൂടിയായപ്പോൾ സംഗതി ജോറായി..
സെറ്റിലിപ്പോ "മോനേ ദിനേശാ.." എന്ന വിളികളും ഇടയ്ക്കിടെ കേൾക്കാം..
കട്ട് പറഞ്ഞയുടൻ ലാൽ സാർ..
"അണ്ണാ ഓക്കേ ആണോ..?"
"ഓക്കേ ആണ് അണ്ണാ.." (സന്തോഷ് ശിവൻ)
ഇവർ രണ്ട് പേരും തമ്മിലുള്ള ഒരു കെമിസ്ട്രി കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് കേട്ടോ.. ഇവർ ഒരുമിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണല്ലോ..( ഇരുവർ, കാലാപാനി, യോദ്ധ...)
ബറോസ് എന്ന ടൈറ്റിൽ ക്യാരക്ടർ ചെയ്യുന്നത് ലാൽസാറാണ്..ആ ക്യാരക്ടറിന്റെ കോസ്റ്റ്യൂമിന് തന്നെ അത്യാവശ്യം ഭാരമുണ്ട്..അതും പേറിക്കൊണ്ടാണ് ഒരേ സമയം സംവിധായകനായും നടനായും ലാൽ സാർ മാറിക്കൊണ്ടേയിരിക്കുന്നത്...
അപ്പോഴാണ് സ്റ്റിൽ മോഡിൽ നിന്ന് ക്യാമറ വിഡിയോ മോഡിലേക്ക് മാറ്റാൻ ഞാൻ മടി കാണിക്കുന്നത്.സത്യം പറഞ്ഞാൽ എന്നെ സൈക്കിൾ ചെയിൻ എടുത്ത് അടിക്കണം..
ചില നേരത്ത് ലാൽ സാർ ഒറ്റയ്ക്ക് മാറിയിരുന്ന് ഷോട്ട് പ്ലാൻ ചെയ്യുന്നത് ഞാൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്..കയ്യൊക്കെ വെച്ച് അന്തരീക്ഷത്തിൽ എന്തൊക്കെയോ ചെയ്യും..എന്നിട്ട് ഓടി വരും
"അണ്ണാ..ഇതാണ് ഷോട്ട്.."
സിംഗിൾ ഷോട്ട് മൂവ്‌മെൻറ് ആക്ടിവിറ്റിയെല്ലാം വളരെ കൂളായിട്ടാണ് സന്തോഷ് സാറിന് ലാൽ സാർ പറഞ്ഞ് കൊടുക്കുന്നത്. "Get ready"..ഷോട്ടിലേക്ക് പോകുന്നു..
മിക്കവാറും ദിവസങ്ങളിലെല്ലാം ആന്റണിച്ചേട്ടൻ (ആന്റണി പെരുമ്പാവൂർ) കൂടെയുണ്ടാവാറുണ്ട്..അദ്ദേഹത്തിന്റെ നിർമ്മാണസംരംഭമായ ആശീർവാദ് സിനിമാസിന്റെ മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് ബറോസ്. ബറോസ് ലാൽ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല..ലാൽ സാറിനെ നെഞ്ചോട് ചേർത്ത്‌വച്ച എല്ലാവരുടെയും സ്വപ്നമാണ്...!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates