മോഹൻലാൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു അപൂർവ സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. ‘വിജയനാ, എന്തൊക്കെയുണ്ടെടോ, പറ’ എന്നു വിളിച്ചു ചോദിക്കുന്ന സൗഹൃദം. മോഹൻലാലിന്റെ വാക്കുകൾ വൈറലായതിന് പിന്നാലെ പിണറായിയുടെ അടുത്ത സുഹൃത്തായ നടനാരെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. സിനിമയിലും സീരിയലിലും സജിവമായ ജയകൃഷ്ണനാണ് പിണറായിയുടെ അടുത്ത സുഹൃത്ത്. ജയകൃഷ്ണൻ അഭിനയിക്കുന്ന പുതിയ ചിത്രം ഒരു ത്വാതിക അവലോകനത്തിന്റെ സംവിധായകനായ അഖിൽ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുണ്ടായ സംഭവമാണ് വിവരിച്ചത്. ജയകൃഷ്ണന്റെ ഫോണിലേക്ക് പിണറായി വിജയൻ രണ്ടു തവണ വിളിച്ചു. എന്നാൽ അപ്പോൾ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പിന്നീട് തെരഞ്ഞെടുപ്പ് ദിനത്തിൽ നേരിട്ടു ഫോണിൽ സംസാരിക്കുന്നതു കണ്ടപ്പോഴാണ് സൗഹൃദത്തിന്റെ ആഴം അറിഞ്ഞത്. പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയകൃഷ്ണന് ക്ഷണമുണ്ടായിരുന്നു എന്നും അഖിൽ പറയുന്നു.
അഖിൽ മാരാരുടെ കുറിപ്പ്
ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജ്യേഷ്ഠനാണ്...മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടൻ നിങ്ങളുടെനടൻ ജയകൃഷ്ണൻ. ഷൂട്ടിങ് സമയത്ത് ജയേട്ടന്റെ ഫോണ്‍ എന്റെ കയ്യിലാണ്..അതിൽ ഒരു കോൾ വരുന്നു..ആദ്യം ബെൽ അടിച്ചു നിന്നപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോൾ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാൻ ഫോണിൽ പേര് നോക്കി..പേര് വായിച്ചു ഞാൻ ഞെട്ടി..പിണറായി വിജയൻ CM കോളിങ്....
തുടർച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യൻ വിളിക്കുന്നോ...ഞാനിത് സെറ്റിൽ മറ്റൊരു നടനോട് പറഞ്ഞപ്പോൾ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പർ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു. എന്നാൽ പിന്നീടാണ് ഞാൻ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതൽ അറിയുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഞാൻ ജയേട്ടന്റെ വീട്ടിൽ ആണ്..
ഏതാണ്ട് 11 മണി ആയപ്പോൾ ജയേട്ടൻ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല..
5 മിനിറ്റിനുള്ളിൽ തിരികെ വിളി വന്നു..
ജയാ...ചെയ്തു തന്ന സഹായങ്ങൾക്ക് ഒരായിരം നന്ദി...
പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വ്യക്തമായി കേൾക്കാം...
ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മൾ 100 അടിക്കും...
ആ സമയം 90 സീറ്റിൽ ആണ് LDF മുന്നേറ്റം..
എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അദ്ഭുതപെടുത്തുന്നതാണ്..
ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുൻ നിരയിൽ ജയേട്ടനും പിണറായിയുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായി ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിന് ജയേട്ടൻ പങ്കെടുത്തില്ല, എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരിൽ ജയേട്ടനും ഉണ്ടായിരുന്നു. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോൾ എനിക്ക് ഓർമ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates