

കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായി വരാൻ പാടില്ലെന്ന് നടി പൊന്നമ്മ ബാബു. നടി ഉഷ ഹസീന പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. കുക്കു പരമേശ്വരൻ ഹോളിഡേ ഇൻ ഹോട്ടലിൽ സ്ത്രീകളെ വിളിച്ചുകൂട്ടി അവർ നേരിട്ട ദുരനുഭവം പറയിച്ച് ഷൂട്ട് ചെയ്തു. ഹേമ കമ്മറ്റി വന്നപ്പോൾ ഈ മെമ്മറി കാർഡ് ഹാജരാക്കാൻ താൻ പറഞ്ഞെങ്കിലും 'മിണ്ടരുത്' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇടവേള ബാബു 25 വർഷം സെക്രട്ടറി ആയിരുന്നിട്ടും ചെയ്യാത്ത സേവനപ്രവർത്തികൾ നടൻ ബാബുരാജ് ഒരു വർഷം കൊണ്ടു ചെയ്തുവെന്ന് പൊന്നമ്മ ബാബു പറഞ്ഞു.
ബാബുരാജ്, അൻസിബ എന്നിവർ ചേർന്ന് ‘അമ്മ’യുടെ പണം കട്ടുമുടിച്ചു എന്നാണ് ചിലർ ആരോപിക്കുന്നത്. പക്ഷേ, ഇടവേള ബാബു പോകുമ്പോൾ രണ്ടു കോടിയായിരുന്ന അമ്മയുടെ നീക്കിയിരിപ്പ്, ബാബുരാജ്–അൻസിബ എന്നിവർ ചേർന്ന് ഏഴു കോടി ആക്കി. സ്ത്രീകളെ വഞ്ചിച്ച കുക്കു തെരഞ്ഞെടുപ്പിൽ വിജയിച്ചു വന്നാൽ സ്ത്രീകൾക്ക് സുരക്ഷ ഉണ്ടാകുമോ എന്ന് തങ്ങൾക്ക് ഭയമുണ്ടെന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തി.
പൊന്നമ്മ ബാബുവിന്റെ വാക്കുകൾ
"ഒരു ചാനലിൽ കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു പറഞ്ഞിട്ടാണ് ഹോളിഡേ ഇന്നിൽ എല്ലാവരേയും വിളിച്ചുകൂട്ടിയത് എന്ന് പരാമർശിച്ചു കണ്ടു. അതൊന്നും ക്ലിയർ ചെയ്യണം എന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ എല്ലാവരും വിചാരിക്കില്ലേ, ഞാനാണ് കാര്യങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന്. ശരിക്കും സംഭവം ഇങ്ങനെ ആയിരുന്നു.
ഈ മീടൂ ആരോപണങ്ങൾ ഇറങ്ങിയ സമയത്ത് ഹോളിഡേ ഇൻ ഹോട്ടലിലേക്ക് കുക്കുവാണ് എല്ലാവരെയും വിളിക്കുന്നത്. ഞങ്ങൾ പത്തോ പതിനഞ്ചോ സ്ത്രീകൾ ഉണ്ടായിരുന്നു. കുക്കു പറയുന്നത് പൊന്നമ്മ ബാബു വിളിച്ചിട്ടാണ് കുക്കു വന്നത് എന്നാണ്. ബാക്കി എല്ലാവരെയും വിളിച്ചേക്കുന്നത് കുക്കുവാണ്, ഞാനല്ല.
പിന്നെ അന്ന് പറഞ്ഞത് നിങ്ങൾക്കുള്ള വിഷമങ്ങളൊക്കെ നിങ്ങൾ പറയൂ നമ്മൾ ഒരു കൂട്ടായ്മ തുടങ്ങുകയാണ്, സ്ത്രീകളുടെ കൂട്ടായ്മ ആണ്, നമുക്ക് ഇവിടുത്തെ മീറ്റിങ് കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു മീറ്റിങ് വിളിക്കാം, അമ്മയുടെ അംഗങ്ങൾ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ എല്ലാവരും കൂടെ ചേർന്ന് പല പരിപാടികളിലും പ്ലാൻ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ സമരിക്കുമ്പോൾ രണ്ട് കാമറ അപ്പുറവും ഇപ്പുറവും ഓണായി നിൽപ്പുണ്ടായിരുന്നു.
നിങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പറയൂ, നമ്മൾ അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങൾക്ക് അതിനു വേണ്ട നീതി വാങ്ങിച്ചു തരും എന്ന് പറഞ്ഞപ്പോൾ പാവങ്ങളായ കുറച്ച് ആൾക്കാർ അവരുടെതായ ഒരുപാട് വിഷമങ്ങൾ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് ഉഷയും പ്രിയങ്കയും കൂടി ചോദിച്ചു, എന്താണ് ഇത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത്? അപ്പോൾ പറഞ്ഞു, നമുക്ക് ഇത് മറ്റുളളവരെ കാണിക്കണമല്ലോ, നിങ്ങൾക്ക് ഇങ്ങനെയൊക്കെ ഉണ്ടായ കാര്യം അവരും കൂടെ അറിയണമല്ലോ! അതുകൊണ്ടാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞു.
പക്ഷേ, പിന്നെ ആ കൂട്ടായ്മ നടന്നുമില്ല. ആ വിഡിയോയെക്കുറിച്ച് കുക്കുനോട് ചോദിക്കുമ്പോൾ കുക്കു പറയുന്നത് വിഡിയോ സുരക്ഷിതമായി കയ്യിലുണ്ട്. ഇടവേള ബാബുവിനെ ഏൽപ്പിച്ചിട്ടുണ്ട് എന്നൊക്കെയാണ്. പക്ഷേ, അതിനുശേഷം ഇതിനെ പറ്റി ഒരു നടപടിയും ഉണ്ടായില്ല. ഈ പറയുന്ന ഹാർഡ് ഡിസ്ക് ആരുടെ കയ്യിലാണ്, എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഇന്നത്തെ പരാമർശത്തിൽ പറയുന്നത് പാവം മരിച്ചുപോയ ലളിത ചേച്ചിയുടെ കയ്യിലായിരിക്കും എന്ന്. ലളിത ചേച്ചി അന്ന് ആ മീറ്റിങ്ങിൽ ഉണ്ട്. ലളിത ചേച്ചിയുടെ ആത്മാവ് ഇവർക്ക് മാപ്പ് കൊടുക്കട്ടെ എന്ന് ഞാൻ പറയുകയാണ്.
അവർ ജീവിച്ചിരിക്കുമ്പോൾ പറയുകയായിരുന്നെങ്കിൽ ലളിത ചേച്ചി ഇതിന് ഉത്തരം പറഞ്ഞേനെ. പിന്നെ പറഞ്ഞത് അത് പൊന്നമ്മ ബാബുവിന്റെയോ അല്ലെങ്കിൽ മഞ്ജു പിള്ളയുടെയോ കയ്യിൽ ഉണ്ടാകും എന്ന്. അവിടെ അന്ന് വന്ന മറ്റുള്ള സ്ത്രീകൾ മാധ്യമങ്ങളെ കാണാൻ ഇരിക്കുകയാണ്. ഇത് ആരാണ് അന്നു കൊണ്ടുപോയതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. കുക്കു പരമേശ്വരൻ എന്ന ആളുടെ കയ്യിൽ തന്നെയാണ് അതുള്ളത്. പെൺകുട്ടികൾക്കെല്ലാം ഇപ്പോൾ ഭയമായിരിക്കുകയാണ്.
സ്ത്രീകൾ മുൻനിരയിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ വച്ച് നോക്കുമ്പോൾ സെക്രട്ടറി ആവാൻ വേണ്ടി മത്സരിക്കുന്ന ഒരാൾ ഇത്രയും കാര്യങ്ങളൊക്കെ ചെയ്തെങ്കിൽ അയാൾ അതിനു പറ്റിയ ഒരാളല്ല. ഒരു സ്ത്രീ മത്സരിക്കുമ്പോൾ ഞങ്ങൾ അതിന് എതിരെ പറയുകയല്ല. പക്ഷേ, ഞങ്ങളോട് ഇങ്ങനെ ഒക്കെ ചെയ്ത ഒരാൾ നിൽക്കുന്നത് എങ്ങനെ ശരിയാകും? മെമ്മറി കാർഡ് എവിടെ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് മറുപടി ഇതുവരെ കിട്ടിയിട്ടില്ല.
ഇടയ്ക്ക് എപ്പോഴോ നശിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞു. അത് ഒരിക്കലും നശിപ്പിച്ചിട്ടൊന്നുമില്ല. അത് ഇപ്പോഴും കുക്കുവിന്റെ കയ്യിലുണ്ടായിരിക്കും. മീ ടൂ ആരോപണങ്ങൾ വന്നതിനു ശേഷമാണ് ഹേമാ കമ്മീഷൻ വരുന്നത്. എപ്പോഴെങ്കിലും ഈ പറഞ്ഞതൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി ഹാജരാക്കും എന്ന് വിചാരിച്ചു. പക്ഷേ, അത് ചെയ്തില്ല. ഞങ്ങൾ സ്ത്രീകളുടെ ഒരു വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. അതിനകത്ത് ഇത് ചർച്ചയായി വന്നു. ആ മെമ്മറി കാർഡ് എവിടെ എന്ന് ചോദിച്ചപ്പോൾ അത് വലിയ ഇഷ്യൂ ആയി വന്നു.
അപ്പോൾ അതിനെ മൂടാൻ വേണ്ടി വേറൊരു ഇഷ്യൂ കൊണ്ടുവന്നു അതിൽ ചർച്ചയായി കുറച്ചു അംഗങ്ങൾ ലീവ് ചെയ്തു പോയി. അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇതിനെ മറക്കാൻ വേണ്ടിയിട്ടാണ് ആ ഇഷ്യൂ ഉണ്ടാക്കിയതെന്ന്. പിന്നെ ഇനി ഇതിൽ ചർച്ച ഉണ്ടാകില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഉഷ പ്രസ് മീറ്റ് വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞത്. സത്യം പറഞ്ഞാൽ ഇതൊന്നും പുറത്തു വന്നു പറയണമെന്ന് വിചാരിച്ച കാര്യങ്ങളല്ല. ഞങ്ങളുടെ സംഘടനയ്ക്കുള്ളിൽ ആണ് ഇത് പറയേണ്ടത്.
പലപ്പോഴും ചോദിച്ചപ്പോഴൊക്കെ മെമ്മറി കാർഡ് ഉണ്ട് എന്നാണ് പറയുന്നത്. ഈ പ്രശ്നം ഇപ്പോൾ സീരിയസ് ആയത് കുക്കു എന്ന വ്യക്തി ഇപ്പോൾ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതു കൊണ്ടാണ്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത അവർ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ അർഹയല്ലല്ലോ. അങ്ങനെ വന്നാൽ സ്ത്രീകൾക്ക് സംഘടനയിൽ എന്ത് സുരക്ഷിതത്വമാണ് ഉളളത്? നമുക്ക് നീതി മേടിച്ചു തന്നുമില്ല, ഇതെല്ലാം ഷൂട്ട് ചെയ്തു വച്ചിട്ടുമുണ്ട്, ഇത് ആരൊക്കെ ആർക്കൊക്കെ എതിരെ തിരിയുന്നുണ്ടെന്ന് നമുക്ക് അറിയുകയുമില്ല. മുൻപൊരിക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒരു സബ് കമ്മിറ്റി രൂപീകരിച്ചത്തിൽ ലളിത ചേച്ചിയെയും എന്നെയേയും ഒക്കെ ഇട്ടപ്പോൾ കുറച്ചു പേർ വലിയ പ്രശ്നം ഉണ്ടാക്കി.
ആ സബ്കമ്മറ്റി ഉണ്ടായ വിവരം മറ്റുള്ളവർ അറിഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ട് ആ കമ്മിറ്റി കാൻസൽ ചെയ്ത് വേറെ കമ്മിറ്റി രൂപീകരിച്ചു. പിന്നെ ഞങ്ങൾ ആ സബ് കമ്മിറ്റിയിൽ ഇല്ലായിരുന്നു. ആ ഒരു പറച്ചിലിൽ മാത്രമേ ഞങ്ങളുടെ പേരുണ്ടായുള്ളൂ. പക്ഷേ കുക്കു പരമേശ്വരൻ ആണ് ഞങ്ങളെ വിളിച്ചുകൊണ്ടുപോയി ഷൂട്ട് ചെയ്തത്. ഇനി കുക്കുവിനെ ആരും അറിയിച്ചിട്ടില്ല എന്നാണെങ്കിൽ അവർ ക്യാമറ കൊണ്ടു വരേണ്ട കാര്യമെന്താ? പ്രിയങ്ക എന്നെ വിളിച്ചു ചോദിച്ചു, ‘പൊന്നു... കുക്കു പരമേശ്വരൻ വിളിച്ചു, പൊന്നു പോകുന്നുണ്ടോ’ എന്ന്. ഞാൻ പറഞ്ഞു, പോയേക്കാം... നമ്മുടെ സ്ത്രീ കൂട്ടായ്മ അല്ലേ. എല്ലാവരെയും കുക്കു ആണ് വിളിച്ചത്.
ഞാൻ മാത്രം കുക്കൂനെ വിളിച്ചെന്ന് പറയുന്നതാണ് എനിക്ക് മനസ്സിലാവാത്തത്. കുക്കുവിനെ വിളിക്കാമെങ്കിൽ എനിക്ക് ബാക്കി എല്ലാവരെയും വിളിക്കാമല്ലോ. എന്തിനാണ് കുക്കു ഇങ്ങനെ കള്ളം പറയുന്നത്? എന്തിനാണ് ഇവർ പേടിക്കുന്നത്. അന്ന് 20ൽ താഴെ സ്ത്രീകൾ ഉണ്ടായിരുന്നു. അവർ അവരുടെ സങ്കടങ്ങൾ പറഞ്ഞു. എന്നോട് ചോദിച്ചു, എനിക്കൊന്നും പറയാൻ ഇല്ലേ എന്ന്! ഞാൻ പറഞ്ഞു ഇല്ല, എനിക്ക് അനുഭവം ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ.
എന്തായാലും ഞങ്ങൾക്ക് ആ മെമ്മറി കാർഡ് കിട്ടണം! കിട്ടിയേ പറ്റൂ. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന സമയത്ത് ഞാൻ ഈ കുക്കു പരമേശ്വരനെ വിളിച്ചതാണ്. പക്ഷേ, അവരുടെ ചില രീതികൾ എനിക്ക് ഇഷ്ടപ്പെടാതെ വന്നു. കാരണം ന്യായത്തിന്റെ ഭാഗത്തല്ല അവർ നിൽക്കുന്നത്. ഞാൻ പറഞ്ഞു സ്ത്രീകൾ നമ്മളോട് ഇങ്ങനെ ഒക്കെ പറഞ്ഞില്ലേ, നമുക്കും അവർക്ക് വേണ്ടി രണ്ടു വാക്ക് പറയാം. അപ്പോൾ കുക്കു പറഞ്ഞു, ‘പൊന്നൂസേ മിണ്ടാതിരി അവിടെ, മിണ്ടരുത്, പൊയ്മുഖങ്ങളൊക്കെ അഴിഞ്ഞു വീഴട്ടെ, മിണ്ടരുത്’ എന്ന്. അപ്പോൾ ഞാൻ ഓർത്തു, അയ്യോ നമ്മുടെ ആൾക്കാർ വിഷമിക്കുന്നല്ലോ! എന്താണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നത് എന്ന്! എനിക്ക് വിഷമം ഉണ്ടായി.
ആ വിഷമം ഞാൻ ലക്ഷ്മിപ്രിയ, അൻസിബ എന്നിവരെയൊക്കെ വിളിച്ചു പറഞ്ഞു. ഞാൻ പറഞ്ഞു നമുക്ക് ഒരു പ്രസ്റ്റ് മീറ്റ് കൊടുക്കാം. പക്ഷേ, അവരെയൊന്നും ഉദ്ദേശിച്ച സമയത്ത് കിട്ടിയില്ല. ഞാൻ ആ സമയത്ത് ഒരു ചാനലിന് രണ്ട് ഇന്റർവ്യൂ കൊടുത്തു. ഹേമ കമ്മീഷൻ വന്നപ്പോൾ പെണ്ണുങ്ങളോ ആണുങ്ങളോ ആരും ആ സമയത്ത് ഒരു കാര്യവും പറഞ്ഞിട്ടില്ല. ഞാൻ മാത്രമേ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴാണ് ഓരോരുത്തർ ഓരോന്ന് പറഞ്ഞുവരുന്നത്.
ഞാൻ അവരോട് ചോദിച്ചു, ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ നിങ്ങൾ ആരുടെയും ശബ്ദം പുറത്തോട്ട് വന്നില്ലല്ലോ എന്ന്. എല്ലാവരും ഓടി ഒളിക്കുകയാണ് ചെയ്തത്. ആരും ഒരു അക്ഷരവും പറഞ്ഞില്ല. ഇവരുടെ കയ്യിൽ ഈ മെമ്മറി കാർഡ് ഇരിക്കുന്നത് ഞങ്ങൾക്ക് പേടിയാണ്. കാരണം നാളെ ഇവർ ഇത് എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന് അറിയില്ല. മെമ്മറി കാർഡ് കമ്മിഷന് മുന്നിൽ സമർപ്പിക്കണം എന്നാണു ഇപ്പോൾ ഞങ്ങളുടെ ആഗ്രഹം.ഇപ്പോൾ കുക്കു എന്റെ പേര് പറഞ്ഞപ്പോൾ ഇതിന്റെ സത്യാവസ്ഥ പറയണമെന്ന് എനിക്ക് തോന്നി.
അതുകൊണ്ടാണ് ഇതിന്റെ സത്യസന്ധമായ കാര്യങ്ങൾ ഇതൊക്കെയാണ് എന്ന് പറയാൻ വന്നത്. കുക്കു രണ്ടിടത്തും നിന്ന് കളിക്കരുത്. അത് ശരിയല്ല. ‘ഞാൻ ആണ് വിഡിയോ എടുത്തത്, അത് എന്റെ കയ്യിൽ ഉണ്ട്’ എന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം. മഞ്ജുവിന്റെയോ എന്റെയോ ലളിത ചേച്ചിയുടെയോ കയ്യിലാണ് കാർഡ് എന്ന് പറഞ്ഞാൽ പറ്റില്ല. ഞാൻ ഒരാൾ മാത്രമല്ല അവിടെ ഉണ്ടായിരുന്നത്. ഒരുപാട് സ്ത്രീകൾ ഉണ്ടായിരുന്നു. അവർ പറയട്ടെ ഞാൻ ആണ് വിളിച്ചത് എന്ന്.ഞങ്ങൾ ‘അമ്മയുടെ പെൺമക്കൾ’ എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോൾ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്. സത്യം പറഞ്ഞാൽ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്.
ബാബുരാജ് അപ്പോൾ പറഞ്ഞു, ‘അടിപൊളി’ എന്ന്. ഞങ്ങളുടെ ഗ്രൂപ്പ് നന്നായി പോകുന്നുണ്ട്. കുറെ വയസ്സായ അമ്മമാരൊക്കെ ഗ്രൂപ്പിൽ ഉണ്ട്. ബാബുരാജ് മാറി എന്ന് പറഞ്ഞപ്പോൾ അമ്മാർക്ക് ഭയങ്കര ആധി ആയി . കാരണം ഇനിയുള്ള കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകും. അടുത്ത ആൾ വന്നു ചെയ്തു കാണിക്കണ്ടേ. അമ്മയുടെ സെക്രട്ടറി ആയി ഇടവേള ബാബു 25 വർഷം കൊണ്ട് ചെയ്ത കാര്യം ബാബുരാജിന്റെ ടീം ഒരു വർഷം കൊണ്ട് ചെയ്തു.
ബാബുരാജ് എന്ന് മാത്രമല്ല ഞാൻ പറയുന്നത്, ബാബുരാജിന്റെ ടീം എന്നാണ്. അവർ കുടുംബ സംഗമം, വനിതാ സംഗമം, പിന്നെ സഞ്ജീവനി പദ്ധതി, 122 പേർക്ക് പെൻഷൻ അങ്ങനെ നിരവധി പരിപാടികളുമായി സജീവമായിരുന്നു. പെൻഷൻ കൊടുത്തിരുന്ന കുറേ പേർ മരിച്ചുപോയി. അതുകൊണ്ട് ആ പെൻഷൻ വേറെ കുറേ പേർക്ക് കൂടി കൊടുക്കാൻ വേണ്ടി തയാറായിരിക്കുകയായിരുന്നു.
പിന്നെ പെൻഷൻ കൂട്ടാൻ ഇരിക്കുകയായിരുന്നു. ഇതൊക്കെ ഇനി വരുന്ന ആൾക്കാർ ചെയ്യുമോ എന്ന് അറിയില്ല, ചെയ്യണം. ഓപ്പറേഷൻ ചെയ്യാനിരിക്കുന്ന ആൾക്കാരുണ്ട്, മെഡി ക്‌ളെയിം വേണ്ടവരുണ്ട്, മുട്ടു മാറ്റി വയ്ക്കാൻ ഓമന ചേച്ചി ഇരിപ്പുണ്ട്, അതിന്റെ കാര്യങ്ങളൊക്കെ ചെയാനുളളതാണ്.സത്യത്തിൽ കുക്കു ഒക്കെ നമ്മുടെ സഹപ്രവർത്തകരാണ്. എന്നിട്ട് ഈ സഹപ്രവർത്തകരെ കുറിച്ച് ഇങ്ങനെയൊക്കെ മീഡിയയുടെ മുന്നിൽ വന്നു പറയേണ്ടി വന്നതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്. എന്റെ പേര് പറഞ്ഞതുകൊണ്ടാണ് എനിക്കിപ്പോൾ ഇത് പറയേണ്ടി വന്നത്.
എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണ് ഞാൻ. സത്യസന്ധമല്ലാത്ത കാര്യം കുക്കു പരമേശ്വരൻ ഒരു ഉളുപ്പും ഇല്ലാതെ ചാനലിന്റെ മുന്നേ വന്ന് പറയുകയാണ്. അവർക്ക് ദൈവം വച്ചിരിക്കുന്നത് വേറെ വല്ലതുമാണ്. ഞങ്ങളുടെ ഗ്രൂപ്പിൽ മെമ്മറി കാർഡ് ചോദിച്ചുകൊണ്ട് കുറെ സ്ത്രീകൾ മെസ്സേജ് ഇട്ടിരുന്നു. പക്ഷേ, ഈ കക്ഷി അനങ്ങിയില്ല. വേറൊരു ചെറിയ ഇഷ്യൂ വലുതാക്കി ഇവർ ഗ്രൂപ്പ് വിട്ടുപോയി.
കുക്കു ഇപ്പോൾ പറയുന്നത് ഇടവേളബാബു പറഞ്ഞിട്ടായിരിക്കും എന്ന് തോന്നുന്നു. ഇലക്ഷൻ ജയിക്കാൻ വേണ്ടി പല കളികൾ കളിക്കുകയാണ്. അവർ മത്സരിച്ച് ജയിച്ചു കാണിക്കട്ടെ. അൻസിബ ഹസനെപ്പറ്റി ഒരു സഹപ്രവർത്തകൻ വളരെ മോശമായ പരാമർശവുമായി രണ്ട് വിഡിയോ ചെയ്തു. ചെയ്യിപ്പിച്ചത് ഈ പറയുന്ന ആൾക്കാരൊക്കെ കൂടിയാണ്. എന്നാൽ അൻസിബയെ അങ്ങനെ പറഞ്ഞത് മോശമായിപ്പോയി എന്ന് കുക്കു പരമേശ്വരൻ പറഞ്ഞില്ലല്ലോ. ‘അത് മോശമാണ്, അങ്ങനെ സംസാരിക്കാൻ പാടില്ല’ എന്ന് ഞങ്ങളെല്ലാം പ്രതികരിച്ചു. സ്ത്രീയെ പൊതുഇടത്തിൽ ഇങ്ങനെ അപമാനിക്കാൻ പാടില്ല.
അനൂപ് പറഞ്ഞത് ഒരുപാട് നാവുകൾക്ക് വേണ്ടിയാണ് എന്ന് ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. ഞാൻ ഇതൊക്കെ പറയുമ്പോൾ എന്നോട് ദേഷ്യം ഉണ്ടാകും. മെമ്മറി കാർഡ് എന്റെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ അത് കമ്മിഷന് മുന്നിൽ ഹാജരാക്കിയേനേ. അമ്മ എത്ര നന്നായിട്ട് പോയിക്കൊണ്ടിരുന്ന ഒരു സംഘടനയാണ്. മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി ഒക്കെ എത്ര നന്നായിട്ട് നടത്തിക്കൊണ്ടു പോയ ഒരു സംഘടനയാണ്. ആവശ്യമില്ലാതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വെട്ടിമുറിച്ച് നശിപ്പിച്ചു. നമ്മളൊക്കെ ഈ ലോകത്തുനിന്ന് മരിച്ചു പോകുന്നവരല്ലേ? എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
'അമ്മ നശിച്ചുപോയാൽ പാവപ്പെട്ട കുറെ അമ്മമാർ പെൻഷൻ മേടിക്കുന്നവരുണ്ട്, കിടപ്പു രോഗികളുണ്ട്. ഇവരുടൊക്കെ അവസ്ഥയാണ് നമ്മൾ ചിന്തിക്കുന്നത്. നമുക്ക് അത് ഓർക്കുമ്പോൾ വിഷമം ഉണ്ട്. കോടികളുടെ കുടിശ്ശിക അമ്മയ്ക്കുണ്ട്, അതിനു മുകളിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു ഇരുന്ന സമയത്ത് രണ്ടു കോടി ആയിരുന്നു നമുക്ക് നീക്കിയിരിപ്പുണ്ടായിരുന്നത്. ബാബുരാജിന്റെ ടീം വന്നപ്പോ അത് ഒരു കൊല്ലം കൊണ്ട് ഏഴു കോടി അടുത്തുണ്ട് ബാലൻസ്.
ബാബുവും അൻസിബ ഹസനും കൂടി അമ്മയെ കട്ടുമുടിച്ചു എന്നൊക്കെയാണ് വാർത്ത വെളിയിൽ വന്നേക്കുന്നത്. ഇത്ര അവർക്ക് ഉണ്ടാക്കാമെങ്കിൽ പിന്നെ ഇവർ എന്തിനാണ് കട്ടു മുടിക്കുന്നത്. അത്രയും പൈസ ഇപ്പോൾ ഉണ്ട് അമ്മയുടെ അക്കൗണ്ടിൽ. എല്ലാം നല്ലത് തന്നെയായിരുന്നു.ശ്വേതാ മേനോൻ, ദേവേട്ടൻ ഒക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കട്ടെ. നമുക്ക് ആരാണ് പ്രസിഡന്റ് ആയി വേണ്ടത് എന്ന് തോന്നുന്നവർക്ക് വേണ്ടി വോട്ട് ചെയുക.
ജഗദീഷ് മത്സരത്തിൽ തുടരണമായിരുന്നു, ഒരിക്കലും മാറാൻ പാടില്ലായിരുന്നു. അങ്ങനെ മാറി കൊടുക്കേണ്ട കാര്യം ഇല്ലായിരുന്നു. പുള്ളിക്ക് ഇതുപോലെ എന്തൊക്കെയോ മാനസിക വിഷമങ്ങൾ ഉണ്ടായെന്ന് തോന്നുന്നു. എന്തോ വിഷമൊക്കെ വന്നിട്ടായിരിക്കും മാറിയത്. ഞങ്ങൾക്ക് ഒരുപാട് വിഷമം ഉണ്ടായി മാറിയപ്പോൾ! നവ്യയും എന്തോ കാരണം കൊണ്ട് മാറി. നമുക്ക് ഒരിക്കലും ഒരാളെ നിർബന്ധിച്ചു നിർത്താൻ പറ്റത്തില്ല. അവരുടെ ഇഷ്ടത്തിനല്ലേ അവർ നിൽക്കുന്നത്. ഇതിനകത്ത് കൂട്ടായ്മ വന്നപ്പോൾ ഞാനും ഉഷയും കൂടി നവ്യയെ ഇലക്ഷനു മുന്നോട്ട് കൊണ്ടുവരാൻ വേണ്ടിയാണ് എന്ന് പലരും പറഞ്ഞു. ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ.
മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ ഇവർക്ക് ഞങ്ങളോട് വിളിച്ചു ചോദിയ്ക്കാൻ പറ്റില്ലേ എന്ന് ഞാൻ ആലോചിച്ചു. കാമറ വച്ച ഷൂട്ട് ചെയ്തപ്പോൾ മേശപ്പുറത്തത് ഒരു മൈക്ക് വെച്ചിട്ടുണ്ട്. ഞങ്ങൾ ഇരിക്കുന്നതിന് നടുക്ക് ഒരു മൈക്ക് ഇരിക്കുകയാണ്. ഉഷയും പ്രിയങ്കയുമാണ് ചോദിച്ചത്, എന്തിനാണ് റെക്കോർഡ് ചെയ്യുന്നത് എന്ന്. വാർത്ത വരുമ്പോൾ മെമ്മറി കാർഡ് നശിപ്പിച്ചു കളയുമോ എന്ന് അറിയില്ല. സത്യസന്ധമായ കാര്യമാണ്. രണ്ടു കാമറ വച്ച് കുക്കു അത് ഷൂട്ട് ചെയ്ത് കൊണ്ടുപോയി. ഇതിന്റെ പരിഹാരം നിങ്ങൾക്ക് കിട്ടിയിരിക്കും എന്ന് പറയുകയും ചെയ്തു.
എന്നിട്ട് ആ സാധനം ഇതുവരെ വെളിച്ചത്തു വന്നിട്ടില്ല. ഉഷ ഇത് പുറത്തു പറയും എന്ന് ഇവർ കരുതിയില്ല. ഉഷ പറഞ്ഞതിന്റെ ബാക്കിയാണ് ഞാൻ പറയുന്നത്. ഞങ്ങൾ ഇപ്പോൾ പറയുന്നത് ഞങ്ങൾക്ക് ആ വിഡിയോ വേണം. അതുപോലെ കുക്കു പരമേശ്വരൻ ഇലക്ഷനു നിൽക്കാൻ പാടില്ല. കാരണം ഇങ്ങനെ ഒരു വ്യക്തിയെ നമുക്ക് അമ്മ സെക്രട്ടറി സ്ഥാനത്ത് താല്പര്യമില്ല. വ്യക്തിപരമായിട്ട് എനിക്ക് താല്പര്യമില്ല, ഇനി അംഗങ്ങൾക്ക് എന്താണ് അഭിപ്രായം എന്ന് അറിയില്ല. ഇങ്ങനെ കള്ളം പറയുന്ന ഒരു വ്യക്തി സെക്രട്ടറി ആയി ഇരിക്കുമ്പോൾ അമ്മയ്ക്കുള്ളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കില്ല."
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates