

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടകത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ആദ്യാവസാനം ചിരിച്ച് ആസ്വദിച്ച് കാണാൻ കഴിയുന്ന തികച്ചും ആക്ഷേപ ഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം.
ഇടപ്പള്ളി വനിത തിയറ്ററിൽ ഇന്ന് നടന്ന സെലിബ്രിറ്റി ഷോയ്ക്ക് ശേഷം സിനിമയുടെ വിജയാഘോഷം കേക്ക് മുറിച്ച് അണിയറപ്രവർത്തകർ ആഘോഷിച്ചു. സംവിധായകൻ നൗഷാദ് സാഫ്രോൺ, സൈജു കുറുപ്പ്, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ധർമ്മജൻ ബോൾഗാട്ടി, നടി ഐശ്വര്യ മിഥുൻ, രാഹുൽ മാധവ്, ഗീതി സംഗീത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രസകരവും കൗതുകകരവുമായ സംഭവങ്ങളുമായി എത്തിയിരിക്കുന്ന ചിത്രം പ്രായഭേദമെന്യേ എവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെട്ടിരിക്കുന്നത്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ഒരുക്കിയ 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിലുള്ളത്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
സൈജു കുറുപ്പിനെ കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates