Dies Irae
Dies Irae ഫെയ്സ്ബുക്ക്

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സംവിധായകൻ ഡീയസ് ഈറെ ഒരുക്കിയിരിക്കുന്നത്.
Published on
വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഒഡിയോ വിഷ്വൽ ക്രാഫ്റ്റ്(4 / 5)

"ആർക്കും ആരെയും വിട്ടു കൊടുക്കാൻ പറ്റാത്തത് ആണല്ലോ പ്രശ്നം" ഡീയസ് ഈറെയിലെ ഒരു പ്രധാന കഥാപാത്രം പറയുന്ന ഡയലോ​ഗാണിത്. ശരിക്കു പറഞ്ഞാൽ ഡീയസ് ഈറെയുടെ കോർ ഇതാണ്. മലയാളത്തിൽ ഹൊറർ സിനിമാ കാഴ്ചാ രീതികളെ തന്നെ മാറ്റി മറിച്ചൊരു സംവിധായകനാണ് രാഹുൽ സദാശിവൻ. ഇത്തവണയും രാഹുൽ ഡീയസ് ഈറെയിലൂടെ മറ്റൊരു ലോകത്തേക്ക് തന്നെയാണ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. ഹൊറർ തന്നെയാണ് തന്റെ തട്ടകമെന്ന് ഡീയസ് ഈറെയിലൂടെ അടിവരയിടുന്നുണ്ട് രാഹുൽ.‌‌‌

ഭൂതകാലം, ഭ്രമയു​ഗം എന്നീ ചിത്രങ്ങൾ പോലെ തന്നെ വീട് തന്നെയാണ് ഡീയസ് ഈറെയിലും മെയിൻ. കഥാപാത്രങ്ങൾക്കൊപ്പം ആ വീടുകളും നമ്മുടെ മനസിലേക്ക് കുടിയേറുന്നു. റോഹൻ (പ്രണവ് മോഹൻലാൽ), മധുസൂദനൻ പോറ്റി (ജിബിൻ ​ഗോപിനാഥ്), എത്സമ്മ (ജയ കുറുപ്പ്) എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സംവിധായകൻ ഡീയസ് ഈറെ ഒരുക്കിയിരിക്കുന്നത്.

പ്രണവിന്റെ റോഹനിൽ നിന്നാണ് കഥ തുടങ്ങത്. പാർട്ടി വൈബും സുഹൃത്തുക്കളുമൊക്കെയായി ആഘോഷജീവിതം നയിക്കുന്ന റോഹനെ തേടി ഒരു മരണ വാർത്ത എത്തുന്നു. റോഹന്റെ സഹപാഠിയുടെ മരണ വാർത്തയാണത്. മരണ വീട്ടിൽ എത്തുന്ന റോഹന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

നിശബ്ദതയിൽ പോലും ഭീതി കൊണ്ടുവരിക എന്ന് പറയുന്നത് അത്ര നിസാരമായ കാര്യമല്ല, ഇവിടെ അക്കാര്യത്തിൽ 100 ശതമാനവും വിജയിച്ചിട്ടുണ്ട് സംവിധായകൻ രാഹുൽ. ഒരവസരത്തിൽ ഇങ്ങേര് നമ്മുടെയൊക്കെ പേടിയുടെ മീറ്റർ എത്രയുണ്ടാകുമെന്ന് അളക്കുകയാണോ എന്ന് പോലും നമുക്ക് തോന്നി പോകും.

കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹീറോ. രാഹുൽ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഒരിഞ്ച് പോലും പ്രേക്ഷകനെ ബോറടിപ്പിക്കുകയോ മറ്റേതെങ്കിലും ചിന്തകളിലേക്കോ പോകാൻ പ്രേക്ഷകനെ സംവിധായകൻ അനുവദിച്ചിട്ടില്ല. അതിസൂക്ഷ്മമായ കാര്യങ്ങൾ പോലും അത്രയും കൃത്യതയോടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

ഓരോ സിനിമ കഴിയുന്തോറും പ്രണവിനോടുള്ള ഇഷ്ടം നമുക്ക് കൂടി വരികയാണ്. എന്തൊരു അസാധ്യ നടനാണ് അയാൾ. നമ്മൾ ഹോളിവുഡ് പടങ്ങളിലെ നായകൻമാരെ കുറിച്ചൊക്കെ പറയാറില്ലേ, അവർ മൈക്രോ ആക്ടിങ് ആണെന്നൊക്കെ. ശരിക്കും പ്രണവും അത്തരമൊരു നടനാണ്. പേടിയൊക്കെ എത്ര തന്മയത്വത്തോടെയാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്.

അതുപോലെ എടുത്തു പറയേണ്ട പെർഫോമൻസ് ആണ് കിരൺ ആയെത്തിയ അരുൺ അജികുമാറിന്റെ. പലയിടങ്ങളിലും അരുൺ അഭിനയിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നോ എന്ന് തോന്നിപ്പോകും. അത്ര ഇന്റൻസായാണ് അരുൺ ആ കഥാപാത്രം ചെയ്തു വച്ചിരിക്കുന്നത്. അരുണിനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുമെന്ന കാര്യം ഉറപ്പാണ്. ഒരു രക്ഷയുമില്ലാത്ത പെർഫോമൻസാണ് ജിബിൻ ​ഗോപിനാഥിന്റേത്.

എന്തൊരു നാച്ചുറലായാണ് മധുസൂദനൻ പോറ്റിയെ ജിബിൻ കൈകാര്യം ചെയ്തിരിക്കുന്നത്. ജയ കുറുപ്പിന്റേതും നമുക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രമാണ്. അനായാസമായി എത്സമ്മ എന്ന കഥാപാത്രത്തിന്റെ തീവ്രത ജയ കുറുപ്പിന് അല്ലാതെ മറ്റാർക്കും ചെയ്യാനാകില്ലെന്ന് ഉറപ്പാണ്.

പ്രേക്ഷകനെ ഭീതിയുടെയും ആകാംക്ഷയുടെയും പീക്ക് ലെവലിൽ നിർത്താൻ ഒരുപാട് ഡയലോ​ഗുകളുടെ ഒന്നും ആവശ്യമില്ലെന്ന് ഊട്ടി ഉറപ്പിക്കുകയാണ് രാഹുൽ. കാമറാ മൂവ്മെന്റുകളും സൗണ്ടും ലൈറ്റിങും തന്നെ അതിന് ധാരാളം. ആദ്യം മുതൽ അവസാനം വരെ ഒരു ഹോണ്ടിങ് ഫീൽ നിലനിർത്തുന്നതിലും രാഹുൽ വിജയിച്ചിട്ടുണ്ട്. ‍

Dies Irae
'പ്രണവ് മോഹന്‍ലാല്‍, ആ പേരിലുണ്ട് അയാള്‍ ആരെന്ന്; തിയേറ്റര്‍ വിട്ടത് പേടിച്ച് വിറച്ച്, മരവിപ്പോടെ'; 'ഡീയസ് ഈറേ'യ്ക്ക് സോഷ്യല്‍ മീഡിയയുടെ നിറകയ്യടി

ഡീയസ് ഈറെ എന്ന ടൈറ്റിലിനോടും സിനിമ നൂറ് ശതമാനവും നീതി പുലർത്തിയിട്ടുണ്ട്. ആ പേരിനു പിന്നിലെ ചരിത്രവും മിത്തുമെല്ലാം സംവിധായകൻ ഏറ്റവും വ്യക്തമായി തിരക്കഥയിലേക്ക് സന്നിവേശിപ്പിച്ചു. അന്ത്യവിധി ദിവസത്തെ  കുറിച്ചുള്ള ഈ ലാറ്റിൻ ഗീതവും, അതിന്റെ വേട്ടയാടുന്ന ഈണവും സിനിമയിൽ വളരെ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.

രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കഥ കുറച്ച് ഫ്ലാറ്റായി പോകുന്നുണ്ടെങ്കിലും ടെക്നിക്കൽ വശങ്ങളെ കൃത്യമായി ഉപയോ​ഗിച്ച് ആ പോരായ്മ സംവിധായകൻ നികത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ പോലെ തന്നെ ഏറ്റവും കയ്യടി അർഹിക്കുന്നത് സൗണ്ട് ഡിപ്പാർട്ട്മെന്റാണ്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സം​ഗീതം വേറെ ലെവൽ ആണെന്ന് തന്നെ പറയാം.

Dies Irae
നിശബ്ദതയിൽ പോലും പേടിച്ചു പോകും! കാണാൻ പോകുന്നത് പ്രണവിന്റെ മറ്റൊരു രൂപം; 'ഡീയസ് ഈറെ' ട്രെയ്‌ലർ

അതുപോലെ ഓരോ സീനിന്റെയും മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സൗണ്ട് ഡിപ്പാർട്ട്മെന്റ് അവരുടെ ഏറ്റവും മാക്സിമം തന്നെ പുറത്തെടുത്തിട്ടുണ്ട്. സൗണ്ട് ഡിസൈൻ ചെയ്ത ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് ചെയ്ത രാജാകൃഷ്ണൻ എംആർ എന്നിവർ തീർച്ചയായും കയ്യടിയ്ക്ക് അർഹരാണ്. ഷെഹ്‌നാദ് ജലാലിന്റെ ഛായാ​ഗ്രഹണവും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും പ്രശംസനീയമാണ്. തീർച്ചയായും ഹൊറർ സിനിമാ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന കാര്യം ഉറപ്പാണ്.

Summary

Cinema News: Pranav Mohanlal, Gibin Gopinath and Jaya Kurup starrer Dies Irae Movie Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com