

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നത്. നസ്ലെനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 130 കോടിയലധികം നേടിയിരുന്നു. കേരളത്തിന് പുറത്തും വലിയ സ്വീകാര്യത നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തിന് ഹിന്ദി പതിപ്പൊരുങ്ങുവെന്നാണ് പുതിയ വാര്‍ത്തകള്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹിന്ദിയില്‍ നസ്ലെന്റെ സച്ചിനെ അവതരിപ്പിക്കുന്നത് യുവനടന്‍ വീര്‍ പഹാരിയയാണ്. മമിത അവതരിപ്പിച്ച റീനുവാകുന്നത് പുതുമുഖം ആഫിയ സയേദ് ആണ്. അടുത്തയാഴ്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സാജിദ് നദിയാദ്വാലയുടെ നദിയാദ്വാലെ ഗ്രാന്റ്‌സണ്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമയുടെ നിര്‍മാണം.
പ്രേമലുവിന്റെ ഹിന്ദി റീമേക്ക് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ആരാധകര്‍ നിരാശരാണ്. ഗിരീഷ് എഡിയുടെ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് ചിത്രത്തിലെ കാസ്റ്റിങ് ആയിരുന്നു. നസ്ലെന്റെ സച്ചിനും മമിതയുടെ റീനുവും സംഗീത് പ്രതാപിന്റെ അമല്‍ ഡേവിസുമൊക്കെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച കഥാപാത്രങ്ങളാണ്. നസ്ലെന്‍-മമിത ജോഡിയും നസ്ലെന്‍-അമല്‍ ഡേവിസ് കോമ്പോയും ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ് സമ്മാനിച്ചത്.
എന്നാല്‍ കോളേജ് പയ്യന്‍ സച്ചിനായി 32 കാരനായ വീര്‍ പഹാരിയയെത്തുന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 'ഏത് ഡിഗ്രി ജസ്റ്റ് പാസ്സ് ആയ ചെക്കന്‍ ആയിട്ട് ഇവനാ? കണ്ടാലും പ്രായം തോന്നിക്കും ചെയ്യും. ലവ് ടുഡേ പോലെ ആയിക്കോളും എന്ന തോന്നണേ' എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. അമല്‍ ഡേവിസായി വരുണ്‍ ധവാനെ കാസ്റ്റ് ചെയ്യണമെന്നും ആരാധകര്‍ പരിഹാസരൂപേണ പറയുന്നുണ്ട്.
അതേസമയം ചിത്രത്തിലെ നായികയാകുന്ന ആഫിയ സയേദ് സാജിദിന്റെ സഹോദരിയുടെ മകളാണ്. സൗത്തില്‍ നിന്നുള്ള ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ നെപ്പോ കിഡ്‌സിനെ ലോഞ്ച് ചെയ്യുന്നത് ബോളിവുഡില്‍ പതിവാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ആരാധകര്‍ തള്ളിക്കളയുന്ന അവസ്ഥ നേരിടേണ്ടി വരികയാണ് പ്രേമലുവിന്റെ ഹിന്ദി റീമേക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates