'ഇതൊരു പാറ്റേൺ ആണ്, നിതിൻരാജിന് ലഭിക്കാതെ പോയ നീതി കുടുംബത്തിനെങ്കിലും ലഭിക്കട്ടെ'; കുറിപ്പുമായി പ്രേംകുമാർ

ഒരുപാട് കാപട്യങ്ങൾക്കുള്ളിലാണ് നാം നമ്മുടെ സാംസ്‌കാരിക ബോധത്തെ പണിതു വച്ചിരിക്കുന്നത്.
Nithin Raj, Premkumar
Nithin Raj, Premkumarഫെയ്സ്ബുക്ക്
Updated on
2 min read

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സ്ഥാപനവത്ക്കൃത കൊലയാണെന്ന് നടൻ പ്രേംകുമാർ. നിതിന്റെ മരണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രേം കുമാർ പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജാതി ചിന്ത പേറുന്ന പുഴുക്കുത്ത് നിറഞ്ഞ മനസ്സുകൾ ഇപ്പോഴും തകർത്താടുന്നു എന്നത് വർത്തമാനകാലത്തെ ഏറ്റവുംവലിയ ദുരന്തമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സമൂഹവും വിദ്യാലയങ്ങളും വ്യവസ്ഥിതികളും ഒക്കെ ചിലർക്ക് സ്വപ്നങ്ങളും പ്രത്യാശയും നൽകുമ്പോൾ മറ്റു ചിലർക്ക് നൽകുന്നത് അപമാനവും അവഹേളനവും മാത്രം. നിതിൻ രാജിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. ഇതൊരു പാറ്റേൺ ആണെന്നും പ്രേംകുമാർ പറയുന്നു.

പ്രേംകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

നിതിൻ രാജിന്റെ മരണം ആത്മഹത്യ അല്ല - സ്ഥാപനവത്ക്കൃത കൊലയാണ്... മതവും ജാതിയും വർഗവും വർണവുമൊക്കെ നോക്കി മനുഷ്യനെ അളന്നിരുന്ന അളവുകോലുകൾ ഇന്ന് ചിലർ പ്രത്യക്ഷത്തിൽ തന്നെ പുറത്തെടുത്ത് പൊതുമധ്യത്തിൽ നന്നായി രാകി മൂർച്ച കൂട്ടുന്നു - മനുഷ്യനെ അധിക്ഷേപിക്കാനും അവഹേളിക്കാനും മാനസികവും ശരീരികവുമായി തളർത്താനും തകർക്കാനും അത് ആയുധമാക്കുന്നു.

ജാതിയും മതവും കുലവും നിറവും മനുഷ്യന്റെ ആകൃതിയും പ്രകൃതിയും സാമ്പത്തികസ്ഥിതിയുമെല്ലാം ആ ആയുധങ്ങളുടെ സംഹാരത്തിന് ഇരയാകുന്നു. അത്തരം ക്രൂരമായ അവഹേളനങ്ങൾക്കും വിവേചനങ്ങൾക്കും ഇരകളാകുന്നവരും ഇരകളാക്കുന്നവരും എല്ലാ മേഖലകളിലും ഉണ്ട്. പരിഷ്കൃത സമൂഹമെന്ന് മേനി പറയുന്ന നാം കെട്ടകാലത്തിന്റെ പ്രതീകമായി മാറുന്നു.

രോഹിത് വെമുല, നിതിൻ രാജ്... എത്രയെത്ര പേരുകൾ. നിസ്സഹായരായ എത്രയോ മനുഷ്യ ജന്മങ്ങൾ..... ആത്മാവിൽ മുറിവേറ്റവരായി അപമാനഭാരത്താൽ അപകർഷ മനസുകളുമായി ആത്മഹത്യയിലോ കൊലയിലോ ഒടുങ്ങുന്നവർ മാത്രം വാർത്തയാവുന്നു. അവശേഷിക്കുന്നവർ ജീവിക്കുന്ന രക്തസാക്ഷികൾ ആയി വിസ്‌മൃതിയിൽ ആഴുന്നു.

ഇത്തരം അതിക്രമങ്ങളെ തടയാനറയ്ക്കുന്ന സംവിധാനങ്ങൾ..... നിശ്ശബ്ദതയിലാണ്ട സമൂഹം.....

സാംസ്‌കാരിക നായകർ സഹപാഠികൾ.....

സഹപ്രവർത്തകർ സംഘടനകൾ.....

സാക്ഷരതയുടെയും സംസ്ക്കാര സമ്പന്നതയുടെയും ഔന്നത്യമുള്ള നാട്ടിൽ..... നവോത്ഥാനത്തിന്റെ ഈറ്റില്ലത്തിൽ.

ഒരു ജാതി ഒരു മതം ഒരു ദൈവം.....

ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവരും..... എന്നൊക്കെയുള്ള ആപ്തവാക്യങ്ങൾ നിരന്തരം ഉത്ഘോഷിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ "ജാതി ചിന്ത പേറുന്ന പുഴുക്കുത്ത് നിറഞ്ഞ മനസ്സുകൾ'' ഇപ്പോഴും തകർത്താടുന്നു എന്നത് വാർത്തമാനകാലത്തെ ഏറ്റവുംവലിയ ദുരന്തമാണ്. നിതിൻ രാജ് എന്ന നിരാലംബനും ദരിദ്രനുമായ ഒരു പാവം വിദ്യാർത്ഥിയെ നിർദ്ദയം അധിക്ഷേപങ്ങൾ ചൊരിഞ്ഞു നിരന്തരം പീഡിപ്പിച്ചു മരണത്തിലേക്ക് തള്ളിവിട്ടതിൽ അധ്യാപക സമൂഹത്തിനാകെ അപമാനമായ ചില അധ്യാപകവേഷധാരികൾക്കു പുറമെ ''ലോൺ ആപ്പ്'' എന്നൊരു പണം തട്ടൽ സംഘം കൂടിയുണ്ടെന്ന് ഇപ്പോൾ വാർത്തകൾ വരുന്നു.

പൊതു ബോധ്യങ്ങളെ ബദൽപ്രതിരോധ യുക്തിയാൽ അട്ടിമറിക്കാൻ പ്രമാണികളും അധികാരിവർഗവും തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കും "ലോൺ ആപ്പ് എപ്പിസോഡ്" നിർവഹിക്കുന്നത് അത്തരമൊരാഖ്യാനമാണ്. എല്ലാം കൃത്യമായി അന്വേഷിക്കപ്പെടണം. എല്ലാ സത്യങ്ങളും വെളിപ്പെടണം. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. നിതിൻരാജിന് ലഭിക്കാതെ പോയ നീതി,

നിതിൻ രാജ് മിടുക്കനായ ഡോക്ടറായി മടങ്ങി വരുന്നതും കാത്ത് സർവ പ്രതീക്ഷകളും അവനിൽ അർപ്പിച്ച് സ്വപ്നം കണ്ട് കാത്തിരുന്ന നിതിൻരാജിന്റെ കുടുംബത്തിനെങ്കിലും ലഭിക്കട്ടെ. കൊലയാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആ "മഹത് വ്യക്തികളെ" പൊതുസമൂഹത്തിനുമുൻപിൽ പ്രദർശിപ്പിക്കുക കൂടി വേണം. ലോകത്തിനു മുന്നിൽ കേരളത്തെ ലജ്ജിപ്പിച്ചു തല താഴ്ത്തിച്ചവരെ കേരളീയർ മുഴുവൻ കാണട്ടെ.....

ഒരുപാട് കാപട്യങ്ങൾക്കുള്ളിലാണ് നാം നമ്മുടെ സാംസ്‌കാരിക ബോധത്തെ പണിതു വച്ചിരിക്കുന്നത്. നമ്മൾ ഊറ്റം കൊള്ളുന്ന സാമൂഹ്യ മുന്നേറ്റങ്ങൾ പലതും കപടതയുടെ മുഖംമൂടി അണിഞ്ഞാണ് ഇന്ന് മുന്നോട്ട് നീങ്ങുന്നത്. കാലങ്ങളിലൂടെ നാം ആർജിച്ച നവോത്ഥാനത്തിന്റെ കുതിപ്പുകൾ പലതും ഇന്ന് കിതപ്പുകളായി മാറുന്നു.

രോഹിത് വെമുലയുടെ അവസാന കുറിപ്പിലെ വരികൾ എന്നും നമ്മെ മുറിവേൽപ്പിക്കുന്നതാണ്.

‘My birth is my fatal accident'

തന്റെ ജനനം ദുരന്തമെന്ന് ഒരു കുട്ടിക്ക് പറയേണ്ടി വരുമ്പോൾ ജാതിയും നിറവും അങ്ങനെ പലതുമൊക്കെയാണ് അതിന്കാരണം എന്ന് വരുമ്പോൾ അവൻ അനുഭവിച്ച മാനസികവ്യഥയളക്കാൻ ഏതു മാപിനിക്കാണ് കഴിയുക..... ?

സമൂഹവും വിദ്യാലയങ്ങളും വ്യവസ്ഥിതികളും ഒക്കെ ചിലർക്കു സ്വപ്നങ്ങളും പ്രത്യാശയും നൽകുമ്പോൾ മറ്റു ചിലർക്കു നൽകുന്നത് അപമാനവും അവഹേളനവും മാത്രം.

നിതിൻരാജിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. ഇതൊരു പാറ്റേൺ ആണ്. ഒരു സംവിധാനത്തിന്റെ ഭാഗം. നിതിൻരാജിന്റേത് ആത്മഹത്യയല്ല. സ്ഥാപനവൽകൃത കൊലയാണ്. രോഹിത് വെമുലയും നിതിൻരാജും എല്ലാം നമ്മോടു ചോദിക്കുന്നു.

ഇനിയുമെത്ര പേർ..... ?

എത്ര സ്വപ്നങ്ങൾ..... ?

എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകൾ..... ?

Nithin Raj, Premkumar
'ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്'; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

അംബേദ്കർ ചുട്ടെരിക്കാൻ ശ്രമിച്ച ജാതിയുടെയും വ്യവസ്ഥിതികളുടെയും ജീർണതയുടെ എരിയാത്ത താളുകൾ ഇപ്പോഴും അവശേഷിക്കുന്നു. ജാതിവെറിയുടെയും വർണവെറിയുടെയുമൊക്കെ കെടാത്ത കനലുകൾ ഇപ്പോഴും എരിയുന്നുണ്ട്.

Nithin Raj, Premkumar
സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

ഇനിയും നാം കാണാതിരുന്നുകൂടാ.....

ഇനിയും നാം മിണ്ടാതിരുന്നുകൂടാ.....

എല്ലാ വിവേചനങ്ങളും അവസാനിക്കണം.

എല്ലാ ഉച്ചനീചത്വങ്ങളും ഇല്ലായ്മ ചെയ്യണം.

ഇവിടെ മാനവികത പുലരണം.

മനുഷ്യരായി നാം നിലകൊള്ളണം.

മനുഷ്യരാവുകയാണ് പ്രധാനം.

മനുഷ്യരാവുക തന്നെയാണ് പ്രധാനം.

Summary

Cinema News: Actor Premkumar facebook post about Nithin Raj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com