

തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ഗായിക സ്വാഗത എസ് കൃഷ്ണന്‍. ആ അനുഭവത്തെ തുടര്‍ന്നാണ് താന്‍ ചെന്നൈയില്‍ നിന്നും ഋഷികേശിലേക്ക് സ്വയം പറിച്ചു നട്ടതെന്നും സിനിമാ മേഖലയില്‍ നിന്നും മാറിയതെന്നുമാണ് സ്വാഗത പറയുന്നത്. ശിവശങ്കരി ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാഗതയുടെ വെളിപ്പെടുത്തല്‍.
അതിക്രൂരമായ ലൈംഗിക അതിക്രമമാണ് തനിക്ക് പ്രമുഖ സംഗീത സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്നതെന്നാണ് താരം പറയുന്നത്. തന്നെ പീഡിപ്പിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ സ്വാഗത തയ്യാറായില്ല. അതേസമയം അയാള്‍ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് മനസിലാക്കുന്നതെന്ന് സ്വാഗത പറയുന്നുണ്ട്.
സംഗീത സംവിധായകന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു സ്വാഗത അതിക്രമം നേരിട്ടത്. സുരക്ഷിതമെന്ന് താന്‍ കരുതിയിരുന്ന സ്ഥലം തന്നെ അതിക്രമത്തിന്റെ ഇടമായി മാറിയെന്നാണ് ഗായിക പറയുന്നത്. അതൊരു സൗണ്ട് പ്രൂഫ് മുറിയായിരുന്നു. അതിനാല്‍ താന്‍ അലറി വിളിച്ചാലും ആരും കേള്‍ക്കുമായിരുന്നില്ലെന്നും സ്വാഗത പറയുന്നു. മുറിയില്‍ സിസിടിവി ക്യാമറകളും ഒളിക്യാമറകളും ഉണ്ടായിരുന്നതായും സ്വാഗത പറയുന്നു.
പീഡനം അയാള്‍ ക്യാമറയില്‍ പകര്‍ത്തുകയും സംഭവം പുറത്ത് പറയാതിരിക്കാന്‍ അത് വച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും സ്വാഗത പറയുന്നുണ്ട്. ഇത്തരം ചെയ്തികള്‍ ജയിലിലെത്തിക്കുമെന്ന് പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ലെന്നാണ് സ്വാഗത പറയുന്നത്. തന്നെ ആക്രമിച്ച സംഗീത സംവിധായകനെ മദ്രാസിന്‍റെ എപ്സ്റ്റീന്‍ എന്നാണ് സ്വാഗത വിളിക്കുന്നത്.
സ്ത്രീകളെ സാമ്പത്തികമായി സഹായിച്ചും വൈകാരികമായി അടുപ്പമുണ്ടാക്കുകയും ചെയ്ത ശേഷം അവര്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുന്നതാണ് ഇയാളൂടെ രീതിയെന്നും സ്വാഗത പറയുന്നു. സംഭവത്തിന് ശേഷമാണ് തന്നെ പോലെ നിരവധി സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. ഇപ്പോഴും അത് തുടരുന്നുണ്ട്. അതിനെല്ലാം തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും സ്വാഗത പറയുന്നു.
അതേസമയം ഇയാള്‍ സ്റ്റുഡിയോയില്‍ വരുന്ന സ്ത്രീകളുടേയും കൊച്ചുപെണ്‍കുട്ടികളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഹോബിയായി കാണുന്നയാളാണെന്നും സ്വാഗത പറയുന്നു. പീഡനത്തിന് ശേഷം അയാള്‍ തന്നെക്കുറിച്ച് സിനിമാ മേഖലയില്‍ ഇല്ലാക്കഥകളും അപവാദവും പ്രചരിപ്പിച്ചു. തനിക്ക് മേല്‍ മോഷണക്കുറ്റം ആരോപിച്ചുവെന്നും സ്വാഗത പറയുന്നു. ഈ സംഭവങ്ങളെ തുടര്‍ന്നാണ് സൗണ്ട് റെക്കോര്‍ഡിങ് ജോലിയടക്കം ഉപേക്ഷിച്ച് സ്വാഗത ഋഷികേശിലേക്ക് പോകുന്നത്.
പിന്നീടുള്ള ജീവിതം തനിക്ക് ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നുവെന്നാണ് സ്വാഗത പറയുന്നത്. വേദനകള്‍ മറക്കാന്‍ താന്‍ സ്‌കീന്‍ ട്രീറ്റ്‌മെന്റ് ചെയ്തതായും സ്വാഗത പറയുന്നു. ''അയാള്‍ തൊട്ട എന്റെ ശരീരഭാഗങ്ങള്‍ വേണ്ടെന്ന് വരെ എനിക്ക് തോന്നി'' എന്നാണ് സ്വാഗത പറയുന്നത്. അക്കാലത്ത് തെറാപ്പിയും സഹോദരിയുമാണ് തന്നെ രക്ഷിച്ചതെന്നും ഗായിക പറയുന്നു.
സംഭവമുണ്ടായപ്പോള്‍ പരാതി നല്‍കാന്‍ അഭിഭാഷകരെ കണ്ടിരുന്നുവെങ്കിലും പിന്നീട് ഭയന്ന് പിന്മാറിയെന്നാണ് സ്വാഗത പറയുന്നത്. എന്നാല്‍ താന്‍ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായാണ് ഗായിക പറയുന്നത്. തനിക്കുണ്ടായ അനുഭവം ഇനി മറ്റൊരു സ്ത്രീയ്ക്കും നേരിടേണ്ടി വരരുതെന്നാണ് സ്വാഗത പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates