

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴകത്തും വൈറലായിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. അതേസമയം മലയാളത്തില്‍ പ്രിയയുടേതായി സിനിമകള്‍ പുറത്തിറങ്ങിയിട്ട് കുറച്ച് നാളായി.
മലയാളത്തില്‍ അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ പ്രിയയുടെ ഉയര്‍ന്ന പ്രതിഫലമാണെന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് പ്രിയ മറുപടി നല്‍കുകയാണ്. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വാര്യരുടെ മറുപടി.
''അങ്ങനൊരു തെറ്റിദ്ധാരണയുണ്ട്. ഈയ്യടുത്ത് ഒന്ന് രണ്ട് പേര്‍ പറയുന്നത് കേട്ടു പ്രിയ ഭയങ്കരമായി പ്രതിഫലം വാങ്ങുന്ന ആളാണെന്ന്. ഞാന്‍ എത്രയാണ് ചാര്‍ജ് ചെയ്യുന്നതെന്നാണ് കേട്ടത് എന്ന് ഞാന്‍ ചോദിച്ചു. അങ്ങനൊക്കെ ആയിരുന്നുവെങ്കില്‍, വല്ല ദുബായിലോ വേറെ എവിടെയെങ്കിലും പോയി സെറ്റില്‍ ആകുമായിരുന്നില്ലേ. ഇത്രയും പൈസ വാങ്ങുന്നുണ്ടെങ്കില്‍'' പ്രിയ പറയുന്നു.
''എനിക്ക് അത്രയും അപ്പീലിങ് ആയിട്ട് തോന്നുന്ന സബ്ജക്ട് ആണെങ്കില്‍ ഫ്രീയായി വന്ന് ചെയ്യാന്‍ തയ്യാറാണ്. പണവും പ്രശസ്തിയുമല്ല എന്റെ പ്രൈമറി ഗോള്‍. എനിക്ക് അഭിനയിക്കണം, നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവെക്കണം, നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ്. പണവും പ്രശസ്തിയും രണ്ടാമതാണ്. നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ് ചെയ്യുന്നതാണെങ്കില്‍ പോലും. ഇന്‍സ്റ്റഗ്രാമില്‍ വരുന്നതില്‍ നല്ല ബ്രാന്റ് ആണെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. എനിക്ക് അങ്ങനെ കടും പിടുത്തമൊന്നുമില്ല. ബാര്‍ഗെയ്‌നിങിന് സ്‌പേസ് കൊടുക്കാറുണ്ട്.'' എന്നും പ്രിയ പറയുന്നുണ്ട്.
ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ പ്രിയ ഒടുവിലായി അഭിനയിച്ചത് മന്ദാകിനിയിലെ അതിഥി വേഷത്തിലാണ്. ഹിന്ദി ചിത്രങ്ങളായ ത്രീ മങ്കീസ്, ലവ് ഹാക്കേഴ്‌സ് എന്നിവ അണിയറയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates