

ഈ ലോകത്തിൽ എല്ലാം ഒരു അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നുവെന്ന് നടി രചന നാരായണൻകുട്ടി. അതിരുകൾ ശാശ്വത സത്യങ്ങളായി കാണുമ്പോൾ യുദ്ധവും കടലാസുകളിലെ കരാറുകൾ മാത്രം ആയി മനസിലാക്കുമ്പോൾ സമാധാനവും ഉണ്ടാവുന്നുവെന്ന് നടി കുറിച്ചു. ഇസ്രയേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് രചന നാരായണൻകുട്ടി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ എന്നും രചന കുറിച്ചിട്ടുണ്ട്. ഈ ലോകത്തിൽ എല്ലാം ഒരു അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നു. ഈ അതിർത്തി ആണ് യുദ്ധങ്ങൾക്ക് കാരണം. എന്നാൽ ഈ അതിർത്തി തന്നെ ആണ് പലരുടേയും സമാധാനത്തിനും കാരണമെന്നും രചന കുറിച്ചു. എന്റെ വീട് ഒരു റോഡരികിൽ ആണ്.
കഴിഞ്ഞ 38 വർഷങ്ങളായി അമ്മയും അച്ഛനും ഏട്ടനും കുടുംബവും ഞാനും ഇവിടെ ഈ വീട്ടിൽ ആണ് താമസം എന്ന് പറഞ്ഞു കൊണ്ടാണ് രചന തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അതേസമയം അഭിനയത്തേക്കാൾ നൃത്ത വേദികളിലാണ് രചനയിപ്പോൾ സജീവമായിരിക്കുന്നത്. രചനയുടെ നൃത്തത്തിനും ആരാധകരേറെയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എന്റെ വീട് ഒരു റോഡരികിൽ ആണ്. കഴിഞ്ഞ 38 വർഷങ്ങളായി അമ്മയും അച്ഛനും ഏട്ടനും(ഇപ്പൊ യുഎഇ യിൽ) കുടുംബവും ഞാനും ഇവിടെ ഈ വീട്ടിൽ ആണ് താമസം....
ഒരു ദിവസം അമ്മക്ക് ഒരേ വാശി. .. വീടിനു ഗേറ്റ് വക്കണം. അങ്ങനെ എന്ത് തോന്നിയാലും അമ്മ എന്നോടാണ് ആദ്യം പറയാ. .. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ വീണ്ടും ഒരു ദിവസം ഇതന്നെ “ഗേറ്റ് വക്കണം”! അപ്പോഴും ഞാൻ ഒന്നും മിണ്ടീല്ല, ഒന്ന് മൂളി. ഈ ആവശ്യത്തിന്റെ കടുപ്പം കൂടി കൂടി വന്നു ഒപ്പം എന്റെ “സാ മട്ടും”.
“അമ്മക്കിപ്പോ എന്താ ഒരു ഗേറ്റ് ഇല്ലാതെന്റെ കൊഴപ്പം... കഴിഞ്ഞ 37 വർഷമായി ഈ വീടിനു ഗേറ്റ് ഇല്ലല്ലോ അപ്പൊ ഒന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, പിന്നെ ആണ് ഇപ്പൊ. ” പൊതുവെ എല്ലാത്തിനും വിശാലത ആഗ്രഹിക്കുന്ന എനിക്ക് ഈ ഗേറ്റ് സമ്പ്രദായത്തിനോട് ഒരു ഇഷ്ടക്കുറവായിരുന്നു.
എന്നാൽ അമ്മയുടെ പ്രശ്നം പട്ടികളും നായ്ക്കളും കേറി ഇറങ്ങുന്നു, ഈ വഴി ആണ് അവറ്റകള് പിന്നില്ലത്തെ പറമ്പിലേക്ക് സഞ്ചാരം, ഒരു സ്വൈര്യവും ഇല്ല എന്നതായിരുന്നു. ഞാൻ ആണെങ്കിൽ “അതിനെന്താ ഇത് അവരുടെ കൂടെ ഇടം അല്ലെ കേറി ഇറങ്ങട്ടെ” എന്ന മനസ്സും. ഇടക്കൊക്കെ അവർ ഉമ്മറത്തു വന്നു ഇങ്ങനെ റിലാക്സ്ഡ് ആയി കിടക്കും... അത് കാണാൻ എനിക്ക് നല്ല ഇഷ്ടമായിരുന്നു.
പക്ഷേ ഒരു ദിവസം ഫാമിലി ഗ്രൂപ്പ് വാട്സാപ്പിൽ ഒരു ഫോട്ടോ വന്നു. എന്റെ വീടിനു ഗേറ്റ് വച്ചിരിക്കുന്നു. അമ്മ ആ ആഗ്രഹം നിറവേറ്റിയിരിക്കുന്നു. എനിക്കതിൽ യാതൊരു അത്ഭുതവും ഉണ്ടായില്ല കാരണം അമ്മ എന്നെങ്കിലും അത് ചെയ്യും എന്നെനിക്ക് അറിയാമായിരുന്നു. അങ്ങനെ 37 വർഷത്തിന് ശേഷം എന്റെ വീടിനു ഒരു പടി വന്നു.
ഇപ്പൊ ഒരു കൊല്ലം ആവാറായി. പട്ടികളുടേയും നായകളുടേയും കയറി വരവ് ഇല്ല, പടി തുറന്നിട്ടാലും അവരിങ്ങോട്ടിപ്പോ ഒന്ന് തിരിഞ്ഞു നോക്ക പോലും ചെയ്യില്ല. .. വേറെ ഏതോ വഴി കണ്ടുപിടിച്ചിട്ടുണ്ട് അവർ. അമ്മക്കും ശാന്തി...സമാധാനം. എന്റെ വിശാല മനസ്‌ക്കതക്ക് ഒരു കോട്ടവും തട്ടിയതുമില്ല താനും.
അപ്പൊ പറഞ്ഞു വന്നത് ഇതാണ്. ...
ഈ ലോകത്തിൽ എല്ലാം ഒരു ബൗണ്ടറിക്കുള്ളിൽ ഒതുങ്ങുന്നു. ഈ ബൗണ്ടറി ആണ് യുദ്ധങ്ങൾക്ക് കാരണം. എന്നാൽ ഈ ബൗണ്ടറി തന്നെ ആണ് പലരുടേയും സമാധാനത്തിനും കാരണം! എന്റെ അമ്മയെ പോലെ പലരുടേയും.
എന്നാൽ കുറച്ചുകൂടെ വലിയ ഫ്രെയിമിലേക്ക് ചിന്തകളെ കൊണ്ടുപോവുകയാണെങ്കിൽ... അതിരുകൾ ശാശ്വത സത്യങ്ങളായി കാണുമ്പോൾ യുദ്ധവും, കടലാസുകളിലെ കരാറുകൾ മാത്രം ആയി മനസ്സിലാക്കുമ്പോൾ സമാധാനവും ഉണ്ടാവുന്നു.
എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ!
വസുധൈവ കുടുംബകം ആവട്ടെ ചിന്ത!
കുറിപ്പ് : ബൗണ്ടറി മനസ്സിലാക്കി ഇപ്പോൾ പടി തുറന്നിട്ടാൽ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നായ്ക്കളും പട്ടികളും ഉണ്ടല്ലോ, അവരാണ് യഥാർത്ഥത്തിൽ പീസ് മേക്കേഴ്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates