

രജനികാന്തും രമ്യ കൃഷ്ണനും മത്സരിച്ചഭിനയിച്ച ചിത്രമാണ് പടയപ്പ. ചിത്രം വീണ്ടും റീ റിലീസിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. പടയപ്പയുടെ ക്ലൈമാക്സ് പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ പടയപ്പ ക്ലൈമാക്സിനെക്കുറിച്ച് സംസാരിക്കുകയാണ് രജനികാന്ത്. പടയപ്പ റീ റിലീസിനോടനുബന്ധിച്ച് സൺ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.
"ക്ലൈമാക്സിൽ നീലാംബരി വന്ന് പടയപ്പയുടെ കാലിൽ വീഴുന്ന രംഗമുണ്ട്. എന്നോട് ക്ഷമിക്കണം, നീ ദൈവമാണ് പടയപ്പ, ക്ഷമിക്കണം എന്നൊക്കെ നീലാംബരി പറയുന്നുണ്ട്. എനിക്ക് ശരിക്കും ആ സംഭാഷണവും ആ സീനുമൊന്നും ഇഷ്ടപ്പെട്ടില്ല. സാർ നീലാംബരി എന്ന് പറഞ്ഞാൽ അങ്ങനെയൊരു കഥാപാത്രമല്ല.
അവർ വന്ന് പടയപ്പയോട് മാപ്പ് പറഞ്ഞാൽ അത് സാധാരണ നമ്മൾ കാണാറുള്ളത് പോലെ തന്നെ ആയിപ്പോകും. അതുകൊണ്ട് അങ്ങനെ ഒരിക്കലും ചെയ്യരുത് സാർ. അവർ പൂർണമായും ആ പവറിൽ തന്നെ നിൽക്കണമെന്നൊക്കെ ഞാൻ രവി കുമാറിനോട് പറഞ്ഞു. 'ഞാൻ നിന്നോട് മാപ്പ് പറയുമെന്ന് വിചാരിച്ചോ, ഞാൻ നീലാംബരി ടാ' എന്ന് പറയണമെന്ന് ഞാൻ രവി സാറിനോട് പറഞ്ഞു.
അങ്ങനെ ഷൂട്ട് ചെയ്താൽ രസമായിരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല എന്ന് രവികുമാർ എന്നോട് പറഞ്ഞു. നീ എന്താ പടയപ്പയാണോ എടുക്കുന്നത് അതോ നീലാംബരിയാണോ എടുക്കുന്നത് എന്നൊക്കെ എന്നോട് ചോദിച്ചു. ക്ലൈമാക്സും കഥാപാത്രവുമെല്ലാം നീലാംബരിയിലേക്ക് തിരിയുമെന്ന് അദ്ദേഹം പറഞ്ഞു. ഫാൻസുകാര് വന്ന് എന്നെ കൈ വയ്ക്കും.
അതുകൊണ്ട് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ചെയ്യില്ലെന്ന് തന്നെ അദ്ദേഹം തറപ്പിച്ച് പറഞ്ഞു. നിങ്ങൾ അത് വിട്ടേക്ക് എന്നും രവി സാർ പറഞ്ഞു. ഇതാണ് കറക്ട് നമ്മൾ ഇതേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഞാൻ പിന്നെയും അദ്ദേഹത്തോട് പറഞ്ഞു, ക്ലൈമാക്സിൽ എല്ലാ അഭിനേതാക്കളും വരുന്നുണ്ട്.
ഇത് ആരോടും പറയണ്ട. ടേക്ക് എടുത്താൽ മാത്രം മതി. രമ്യ കൃഷ്ണനോട് മാത്രം ഡയലോഗും തോക്കെടുത്ത് വെടി വയ്ക്കുന്ന കാര്യവും പറയാം. അങ്ങനെ ഷൂട്ട് ചെയ്യാമെന്ന്. അവസാനം അദ്ദേഹം അത് സമ്മതിച്ചു. റിഹേഴ്സൽ ഒന്നുമില്ല, ടേക്ക് മാത്രം. ടേക്ക് കഴിഞ്ഞ് ഒരു മിനിറ്റ് നേരത്തേക്ക് സെറ്റിൽ ആരുടെയും മുഖത്ത് യാതൊരു റിയാക്ഷനുമില്ലായിരുന്നു.
പെട്ടെന്ന് സംവിധായകൻ കട്ട് പറഞ്ഞു. അത്രയും നിശബ്ദമായിരുന്നു. പെട്ടെന്ന് എല്ലാവരും കയ്യടിച്ചു. സൗന്ദര്യയൊക്കെ ഓടി വന്ന് കെട്ടിപിടിച്ചു. അപ്പോൾ ഞാൻ രവി സാറിനോട് ചോദിച്ചു, ഇപ്പോൾ എങ്ങനെയുണ്ടെന്ന്. അദ്ദേഹത്തിന് എന്തോ പോലെയായിരുന്നു, ഓക്കെയാണെന്ന് അദ്ദേഹം പറഞ്ഞു".- രജനികാന്ത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates