

കൃഷാന്ദ് സംവിധനം ചെയ്ത 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിലെ രജിഷയുടെ ലുക്ക് ആദ്യമേ തന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഫ്രീഡ സോമൻ എന്ന കഥാപാത്രത്തിനായി 15 കിലോയിലേറെ ഭാരം താൻ കുറച്ചുവെന്ന് രജിഷ പറയുന്നു. സിനിമയ്ക്ക് വേണ്ടി ശരീര പ്രകൃതി മാറ്റുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രജിഷ പറഞ്ഞു.
"മസ്തിഷ്ക മരണത്തിലെ കഥാപാത്രത്തിനായി ശരീരഭാരം വളരെ കുറയ്ക്കേണ്ടതുണ്ടായിരുന്നു. ജിമ്മിൽ തന്നെയായിരുന്ന ആറ് മാസത്തെ കഠിനാധ്വാനത്തിലൂടെ 15 കിലോയിലേറെ ഭാരം കുറച്ചാണ് ഞാൻ ഫ്രീഡ സോമൻ എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചേർന്നത്. സിനിമയ്ക്ക് ആവശ്യമെങ്കിൽ ശരീര പ്രകൃതി മാറ്റുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.
ജൂൺ മുതലായ സിനിമകളിലെല്ലാം ഞാൻ അങ്ങനെ തന്നെയാണ് ചെയ്തത്. മസ്തിഷ്ക മരണത്തിലെ എന്റെ എല്ലാ ലുക്കുകളും വ്യത്യസ്തമാണ്. ഒരു ഫോട്ടോഷൂട്ടിന് പോലും ഞാൻ പരീക്ഷിച്ചിട്ടില്ലാത്ത ലുക്കുകൾ ഈ സിനിമയ്ക്ക് വേണ്ടി പരീക്ഷിച്ചിട്ടുണ്ട്. സംവിധായകൻ ആവശ്യപ്പെട്ട ലുക്കുകളെല്ലാം ആ സിനിമയ്ക്ക് വേണ്ടതാണെന്ന ബോധ്യത്തിൽ തന്നെയാണ് അങ്ങനെ ചെയ്തത്.
ഇത്തരം കഥാപാത്രങ്ങളും ലുക്കുകളും ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെ ആസ്വദിച്ചു തന്നെയാണ് ഞാൻ ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്".- രജിഷ പറഞ്ഞു. അതോടൊപ്പം മസ്തിഷ്ക മരണം തന്റെ കരിയറിലെ തന്നെ വ്യത്യസ്തവും ത്രില്ലിങ്ങുമായ ഒരനുഭവമാണെന്ന് രജിഷ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 27 നാണ് മസ്തിഷ്ക മരണം തിയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. സൈബർ പാത്ത് സയൻസ് ഫിക്ഷൻ കോമഡി സിനിമയായിട്ടാണ് മസ്തിഷ്ക മരണം പ്രേക്ഷകരിലേക്കെത്തിയത്. 2046 ൽ നടക്കുന്ന കുറേ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates