

കർണൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും മാരി സെൽവരാജിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി രജിഷ വിജയനിപ്പോൾ. ധ്രുവ് വിക്രം നായകനായെത്തുന്ന ബൈസണിൽ അനുപമ പരമേശ്വരനാണ് നായികയായെത്തുന്നത്. ധ്രുവ് അവതരിപ്പിക്കുന്ന കിട്ടൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് രജിഷ ചിത്രത്തിലെത്തുന്നത്.
ബൈസണിന്റെ പ്രീ റിലീസ് ഇവന്റിൽ മരണത്തെ മുഖാമുഖം കണ്ടതിനേക്കുറിച്ച് പറയുകയാണ് രജിഷ. തുടർച്ചയായി രണ്ടാം തവണയും മാരി സെൽവരാജ് സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നാൽ, അത് തീർത്തും ഒരു അനുഗ്രഹമാണെന്നും നടി പറയുന്നു. "കർണനിലേക്ക് മാരി സാർ എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ വളരെയധികം സന്തോഷത്തിലായി. അതിന് ശേഷം അദ്ദേഹം രണ്ട് സിനിമ ചെയ്തു. രണ്ടിലും എന്നെ വിളിച്ചില്ല.
അപ്പോൾ ഞാൻ സാറിനെ വിളിച്ചു ചോദിച്ചു, എന്താണ് സാർ എന്നെ വിളിക്കാത്തത് എന്ന്. നിനക്കുള്ള കാരക്ടർ ഇതുവരെ സെറ്റ് ആയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ പെട്ടെന്ന് ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, രജിഷ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുമോ ഇല്ലെയോ എന്നൊരു സംശയത്തിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ചേച്ചിയുടെ റോളാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു, ചേച്ചിയാണെങ്കിലും അനിയത്തിയാണെങ്കിലും അമ്മയാണെങ്കിലും എനിക്കൊരു വിഷയവുമില്ല. എനിക്ക് നിങ്ങളുടെ കൂടെ വർക്ക് ചെയ്യണമെന്നേ ഉള്ളൂ. ഇത് കമ്മിറ്റ് ചെയ്ത് വർക്ക്ഷോപ്പിൽ പങ്കെടുക്കുമ്പോൾ പോലും ഈ സിനിമയുടെ കഥയെന്താണെന്നോ കഥാപാത്രം എന്താണെന്നോ എനിക്കറിയില്ല. എനിക്ക് അദ്ദേഹത്തെ അത്രയും വിശ്വാസമാണ്. കർണൻ ചെയ്യുന്ന സമയത്ത് ഞാൻ കുറച്ച് നീന്തൽ പഠിച്ചിരുന്നു.
ഷോട്ടിന് ആവശ്യമായത് മാത്രം. ബൈസണിലേക്ക് എത്തിയപ്പോൾ ഒരു കുളത്തിലേക്ക് എടുത്ത് ചാടേണ്ട രംഗമുണ്ട്. നീന്താൻ അറിയില്ലേ എന്ന് സാർ എന്നോട് ചോദിച്ചു, അയ്യയ്യോ മറന്നു പോയല്ലോ, നാല് വർഷമായില്ലേ എന്നൊക്കെ ഞാൻ മനസ്സിൽ ചിന്തിച്ചുവെങ്കിലും അറിയാം എന്ന് പറഞ്ഞു. എല്ലാ സെക്യൂരിറ്റിയും ഉണ്ടായിരുന്നു, ഷോട്ട് റെഡിയായി, വെള്ളത്തിലേക്ക് ചാടാൻ പറഞ്ഞു, അനുപമ ചാടി, പുറകെ ഞാനും ചാടി.
പക്ഷേ എനിക്ക് നീന്താൻ സാധിച്ചില്ല, കാരണം ഞാൻ നീന്തൽ മറന്നു പോയി. പാവാടയിൽ കാൽ കുരുങ്ങി. അഞ്ച് സെക്കന്റ്, ഞാൻ വെള്ളത്തിലേക്ക് താണു പോയി, മരണം ഞാൻ ഉറപ്പിച്ചു. ഇനിയില്ല, സെക്കന്റുകൾക്കുള്ളിൽ പലതും മനസിൽ മിന്നി മാഞ്ഞു. പക്ഷേ ആരൊക്കെയോ ചേർന്ന് എന്നെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ പിന്നിൽ മാരി സർ ഉണ്ടായിരുന്നു. കൂളിങ് ഗ്ലാസ്, ഷൂസ്, സോക്സ് ഒന്നും അഴിച്ചുവയ്ക്കാതെ അദ്ദേഹം എന്നെ രക്ഷപ്പെടുത്താൻ വേണ്ടി വെള്ളത്തിലേക്ക് എടുത്തു ചാടി. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും എനിക്ക് കൂടി."- രജിഷ വിജയൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates