

1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് ആയുധങ്ങള്‍ കൈവശം വച്ചതിന് നടന്‍ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്യുന്നത്. രാകേഷ് മരിയ ഐപിഎസ് ആയിരുന്നു അന്ന് ആ കേസ് അന്വേഷിച്ചത്. സഞ്ജയ് ദത്തിന് കേസില്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. സഞ്ജയ് ദത്തിനെ കസ്റ്റഡയിലെടുത്തതിനേയും ചോദ്യം ചെയ്തതിനെക്കുറിച്ചും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാകേഷ് മരിയ ഓര്‍ത്തെടുക്കുന്നുണ്ട്.
ഹനീഫ് കഡവാല, സമീര്‍ ഹിങ്കോര എന്നിവരില്‍ നിന്നുമാണ് സഞ്ജയ് ദത്തിന്റെ പേര് ലഭിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കാറിലുണ്ടായിരുന്ന ആയുധങ്ങള്‍ സുരക്ഷിതമായി പുറത്തെടുക്കാനും സൂക്ഷിക്കാനുമാണ് കുറ്റവാളികള്‍ സഞ്ജയ് ദത്തിനെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ശേഷം ആയുധങ്ങള്‍ പുറത്തെടുത്തു. ചിലത് സഞ്ജയ് ദത്ത് കൈവശം വച്ചുവെങ്കിലും പിന്നീട് തിരികെ നല്‍കിയെന്നും രാകേഷ് മരിയ പറയുന്നു.
ആ സമയത്ത് സഞ്ജയ് ദത്ത് ഒരു ഷൂട്ടിന്റെ ഭാഗമായി മൗറീഷ്യസിലായിരുന്നു.അതിനാല്‍ താരം വരുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജയ് ദത്തിനെ എയര്‍പോര്‍ട്ടില്‍ വച്ചാണ് അന്വേഷണ സംഘം പിടികൂടുന്നത്. തുടര്‍ന്ന് സഞ്ജയ് ദത്തിനെ മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു. അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറിയിലാണ് സഞ്ജയ് ദത്തിനെ ഇരുത്തിയത്. എന്നാല്‍ ബാത്ത് റൂമിന്റെ വാതില്‍ നീക്കം ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
രണ്ട് കോണ്‍സ്റ്റബിള്‍മാരേയും അകത്ത് നിര്‍ത്തി. അവരോട് സഞ്ജയ് ദത്ത് എത്ര ചോദിച്ചാലും സിഗരറ്റ് നല്‍കരുതെന്നും നിര്‍ദ്ദേശിച്ചു. ''രാവിലെ രണ്ടരയ്ക്കാണ് സഞ്ജയ് ദത്തിനെ മുറിയില്‍ കൊണ്ടിരുത്തിയത്. ഞാന്‍ രാവിലെ എട്ട് മണിയോടെ അകത്തേക്ക് ചെന്നു. നീയായിട്ട് നിന്റെ കഥ പറയുന്നുവോ അതോ ഞാന്‍ നിന്റെ പങ്ക് പറയണമോ എന്ന് ചോദിച്ചു'' അദ്ദേഹം പറയുന്നു.
''ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് സഞ്ജയ് പറഞ്ഞു. അത്രയും ദിവസത്തെ സ്ട്രസും, അടക്കിവച്ചിരുന്ന വികാരങ്ങളും എന്നെ കീഴടക്കി. അവന്‍ എന്റെ മുന്നിലിരിക്കുകയായിരുന്നു. ഞാന്‍ ഏഴുന്നേറ്റ് ചെന്ന് അവന്റെ കരണത്ത് അടിച്ചു. അവന്‍ പിന്നിലേക്ക് പോയി. അവന് അന്ന് നീളന്‍ മുടിയുണ്ട്. മുടിയില്‍ കുത്തിപ്പിടിച്ചു കൊണ്ട് ഞാന്‍, മാന്യമായി സംസാരിക്കാമോ ഇല്ലെങ്കില്‍ വിവരമറിയുമെന്ന് പറഞ്ഞു. അതോടെ എന്നോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് അവന്‍ പറഞ്ഞു. പിന്നീട് എനിക്കൊരു തെറ്റുപറ്റിയെന്നും അച്ഛനോട് പറയരുതെന്നും പറഞ്ഞു. നീ ചെയ്തത് വലിയൊരു തെറ്റാണെന്നും നിന്റെ അച്ഛനോട് പറയാതിരിക്കാനാകില്ലെന്നും ഞാന്‍ പറഞ്ഞു'' രാകേഷ് മരിയ പറയുന്നു.
സഞ്ജയ് ദത്തിന്റെ പിതാവും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നടനുമായ സുനില്‍ ദത്ത് സ്റ്റേഷനിലേക്ക് വന്നത് മഹേഷ് ഭട്ട്, രാജേന്ദ്ര കുമാര്‍, യാഷ് ജോഹ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു. സഞ്ജയ് നിഷ്‌കളങ്കനാണെന്ന് അവരെല്ലാം പറഞ്ഞു. ''സഞ്ജയ് ദത്തിനെ മുറിയിലേക്ക് കൊണ്ടു വന്നു. അച്ഛനെ കണ്ടതും അവന്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. സുനില്‍ ദത്തിന്റെ കാലില്‍ വീണ് പപ്പാ, തെറ്റുപറ്റിപ്പോയി എന്ന് വാവിട്ട് കരഞ്ഞു. ഒരു അച്ഛനും അതുപോലൊരു അവസ്ഥ വരാന്‍ പാടില്ല. അദ്ദേഹത്തിന്റെ മുഖത്തെ ചോരയെല്ലാം ഒലിച്ചുപോയി'' എന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates