

റാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള അവലോകനങ്ങൾ നിറയുകയാണിപ്പോൾ സോഷ്യൽ മീഡിയയിൽ. പ്രധാനമായും റാം ചരണിന്റെ പെർഫോമൻസിനേക്കുറിച്ചാണ് ചിത്രം കണ്ട പലർക്കും പറയാനുള്ളത്. അച്ഛനും മകനുമായെത്തി ചിത്രത്തിൽ റാം ചരൺ ഞെട്ടിച്ചുവെന്നാണ് എക്സിൽ നിറയുന്ന കമന്റുകൾ.
അപ്പണ്ണ, റാം എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ റാം ചരൺ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം നല്‍കുന്ന സന്ദേശം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. അപ്പണ്ണ എന്ന കഥാപാത്രം റാം ചരണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് എന്നാണ് എക്സിൽ പലരും കുറിച്ചിരിക്കുന്നത്.
ഈ കഥാപാത്രത്തിന് താരത്തിന് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമെന്നും എക്സിൽ ചിലർ കുറിച്ചിട്ടുണ്ട്. വില്ലനായെത്തിയ എസ്ജെ സൂര്യയും ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകാഭിപ്രായം. ശങ്കറിന്റെ തിരിച്ചുവരവാണ് ചിത്രമെന്ന് പറയുന്നവരും കുറവല്ല. ഇന്ത്യൻ 2വിനേക്കാൾ ഭേദമാണെന്നും സ്റ്റണ്ട് സീനുകൾ അസഹീനയമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ഏകദേശം 450 കോടിയിലേറെ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കിയാര അദ്വാനി, അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
