

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നടൻ രൺബീർ കപൂർ പങ്കുവച്ചതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെനിയയിലെ മസായ് മാരായിൽ വെച്ച് തന്റെ പങ്കാളിയായ ആലിയ ഭട്ടിനോട് നടത്തിയ വിവാഹാഭ്യർത്ഥനയുടെ ഓർമകളാണ് താരം പങ്കുവച്ചത്. 'കോൻ ബനേഗ ക്രോർപതി 18'-ൽ പങ്കെടുത്തപ്പോഴാണ് രൺബീർ മനസ് തുറന്നത്.
'മസായ് മാരാ' ഹൃദയത്തിൽ ഇത്രയേറെ പ്രത്യേകതയുള്ള ഒരിടമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവതാരകൻ അമിതാഭ് ബച്ചൻ ചോദിച്ചപ്പോഴാണ്, ആ കാടുകളിൽ വെച്ചാണ് താൻ ആലിയ ഭട്ടിനോട് വിവാഹാഭ്യർത്ഥന നടത്തിയത് എന്ന് രൺബീർ മറുപടി നൽകി. ഈ റൊമാന്റിക് സർപ്രൈസ് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതായും, ആ നിമിഷങ്ങൾ കാമറയിൽ പകർത്താൻ തങ്ങളുടെ ഗൈഡിനും ഡ്രൈവർക്കും മുൻകൂട്ടി ടിപ്പ് നൽകിയിരുന്നുവെന്നും രൺബീർ വ്യക്തമാക്കി.
"ഞാൻ ഞങ്ങളുടെ ഗൈഡിനും ഡ്രൈവർക്കും മുൻകൂട്ടി ടിപ്പ് നൽകി, കാടിന്റെ നടുവിൽ എവിടെയെങ്കിലും വണ്ടി നിർത്താൻ പറഞ്ഞിരുന്നു. ഞാൻ കയ്യിൽ മോതിരവും കരുതിയിരുന്നു. അവർ ദൂരെ നിന്ന് ഫോട്ടോകൾ എടുക്കുമ്പോൾ മുട്ടുകുത്തി നിന്ന് ചോദിക്കാനായിരുന്നു എന്റെ പ്ലാൻ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പെൺകുട്ടികൾക്ക് ചിത്രങ്ങൾ എടുക്കുന്നത് വളരെ ഇഷ്ടമാണല്ലോ, അതുകൊണ്ട് തന്നെ ആലിയയെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതി".- രൺബീർ പറഞ്ഞു.
എന്നാൽ, രൺബീർ പ്രതീക്ഷിച്ചതിലും കൂടുതൽ സാഹസികമായിരുന്നു ആ നിമിഷങ്ങൾ. താൻ മുട്ടുകുത്തിനിന്ന സമയത്ത് വെറും 100 അടി മാത്രം അകലെ മൂന്ന് സിംഹങ്ങൾ ഉണ്ടായിരുന്നുവെന്ന് രൺബീർ വെളിപ്പെടുത്തി. ഈ സംഭവം കേട്ടയുടൻ "പക്ഷേ സർ... ഇതിനൊരു തെളിവ് വേണ്ടേ," എന്ന് അമിതാഭ് ബച്ചൻ തമാശയായി ചോദിച്ചു.
തുടർന്ന് ആ രംഗം വിവരിച്ച രൺബീർ, ആലിയയെ 'സിംഹപ്പെണ്ണ്' (ഷേർണി) എന്നും, വിവാഹാഭ്യർത്ഥന നടത്തിയ തന്നെ ഒരു 'എലി'യോടുമാണ് ഉപമിച്ചത്. "തെളിവ് വേണം... അല്ല, മോതിരം ഉണ്ടായിരുന്നു, ഞാൻ വീട്ടിൽ നിന്ന് തന്നെ കൊണ്ടുവന്നതായിരുന്നു. എന്നാൽ സാർ, അവിടുത്തെ സാഹചര്യം അങ്ങനെയായിരുന്നു... അപ്പുറത്ത് ഏകദേശം 100 അടി അകലെയായി മൂന്ന് സിംഹങ്ങൾ ഉണ്ടായിരുന്നു.
എന്റെ സിംഹപ്പെണ്ണ് എന്റെ മുന്നിൽ നിൽക്കുന്നു, ഞാൻ ഒരു എലിയെപ്പോലെ മുട്ടുകുത്തി നിന്ന് 'ബേബി എന്നെ വിവാഹം കഴിക്കുമോ ?' എന്ന് ചോദിക്കുന്നു. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ വളരെ അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്. ഞാനത് എന്നും ഓർക്കും".- രൺബീർ കൂട്ടിച്ചേർത്തു.
2022 ഏപ്രിൽ 14 ന് മുംബൈയിലെ വസതിയിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് രൺബീറിന്റെയും ആലിയയുടെയും വിവാഹം നടന്നത്. രാമായണ ആണ് രൺബീറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates