

സിനിമാ സെന്‍സര്‍ഷിപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി രഞ്ജി പണിക്കര്‍. സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നത് അബദ്ധവും തട്ടിപ്പ് പരിപാടിയുമാണെന്ന് രഞ്ജി പണിക്കര്‍. സര്‍ക്കാരിന്റെ താല്‍പര്യം അനുസരിച്ചാണ് സെന്‍സര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമയുടെ ഹോര്‍ത്തൂസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍. ആ വാക്കുകളിലേക്ക്:
ഇന്ത്യയില്‍ സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് പറയുന്നതാണ് ഏറ്റവും വലിയ അബദ്ധം. സഹിഷ്ണുതയും അസഹിഷ്ണുതയും രണ്ടാമതാണ്. എന്തിനാണ് സിനിമ സെന്‍സര്‍ ചെയ്യുന്നത്? ആരാണ് സെന്‍സര്‍ ചെയ്യുന്നത്? അതാത് കാലത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരോട് അനുകൂലമായ അഭിപ്രായമുള്ള ആളുകള്‍ക്ക് അനുകൂലമായി സെന്‍സര്‍ ചെയ്യും. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതൊന്നുമല്ല. കോണ്‍ഗ്രസിന്റെ കാലത്തുമുണ്ട്.
ആര് അധികാരത്തില്‍ ഇരിക്കുന്നുവോ, അവര്‍ക്ക് ഇഷ്ടമുള്ള ആളുകളെ, അവര്‍ക്ക് ഇഷ്ടമില്ലാത്തതിനെ സെന്‍സര്‍ ചെയ്യാന്‍ നിയമിക്കുന്ന സംവിധാനമാണ്. അത് എന്തൊരു തട്ടിപ്പ് പരിപാടിയാണെന്ന് ആലോചിച്ച് നോക്കൂ. ഇന്നത്തെ കാലത്ത് സിനിമ സെന്‍സര്‍ ചെയ്യാതെ യൂട്യൂബിലിട്ടാല്‍ ആര് ചോദിക്കും? സെന്‍സര്‍ ബോര്‍ഡ് ചോദിക്കുമോ? ഇല്ല. അങ്ങനെയുള്ള കാലത്ത് ഇങ്ങനെ കുറച്ചാളുകള്‍ക്ക് പൈസ കൊടുത്ത് നിര്‍ത്തി, നമ്മുടെ കാശും കൊടുത്ത് സെന്‍സര്‍ ചെയ്യിപ്പിക്കുക എന്ന് പറയുന്നതൊരു വഴിപാടാണ്. ആ സംവിധാനത്തിനോടും ആ സമീപനത്തോടുമാണ് സത്യത്തില്‍ പ്രതികരിക്കേണ്ടത്.
എന്റെ സിനിമകള്‍ എല്ലാം തന്നെ നല്ലത് പോലെ ഫൈറ്റ് ചെയ്താണ് ജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചിട്ടുള്ളത്. അമ്പത് വെട്ടെങ്കിലും ഇല്ലാത്ത ഒരു സിനിമയും ഞാനെഴുതിയിട്ടില്ല. സിനിമ ചെയ്യുമ്പോള്‍ അതൊരു ഫൈറ്റും പ്രതിരോധവും പ്രതികരണവും ഒക്കെയാണ്. ഓരോ കാലത്തും അതാത് ഗവണ്‍മെന്റുകള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അതില്‍ ഇടപെടല്‍ നടത്തും. ഞാന്‍ എഴുതിയ ദ കിങ് എന്ന സിനിമയില്‍ നായിക നടക്കുമ്പോള്‍ ഇടുപ്പ് എളകുന്നത് അനുവദനീയമല്ലെന്ന് പറഞ്ഞത്. ലോകത്ത് ഏത് സ്ത്രീയും പുരുഷനും നടക്കുമ്പോള്‍ പല താളത്തില്‍ ഇടുപ്പ് ഇളകും. അത് ഇളകാതെ എങ്ങനെയാണ് നടക്കാന്‍ പറ്റുക?
ഇതെല്ലാം മണ്ടത്തരങ്ങളാണ്. കാലാകാലങ്ങളിലുണ്ടാകുന്ന മണ്ടന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക എന്ന ഭാരമാണ് പലപ്പോഴും ഉണ്ടാവുക. അതിനോട് പോരാടണം. നമ്മുടെ രാജ്യത്ത് നിങ്ങള്‍ക്ക് കോടതിയില്‍ പോകാനുള്ള ഓപ്ഷനുണ്ട്. ജനാധിപത്യ വ്യവസ്ഥിതി ഇപ്പോഴും ബാക്കി നില്‍ക്കുന്നത് കൊണ്ടാണ് പലതിനേയും പ്രതിരോധിക്കുകയും നിഷേധിക്കുകയും അനുവദിക്കാതിരിക്കുകയും ചെയ്യുന്നത്. കോടതി അതൊക്കെ പരിഗണിക്കുകയല്ലേ. കോടതി അതിനെക്കുറിച്ച് കൃത്യമായി ഒരു കമന്റും പറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates