'എന്താണ് അയാളുടെ പേര്? കേട്ടിട്ട് പോലുമില്ല; ഞാന്‍ തീയില്‍ കുരുത്തത്'; ഗോപാലകൃഷ്ണന് രഞ്ജിനിയുടെ മറുപടി

'അദ്ദേഹത്തിന് ശീലം പൈസ കൊടുത്ത് ആളുകളെ വിളിക്കുന്നതായിരിക്കും. അതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്'
Ranjini Haridas, B Gopalakrishnan
Ranjini Haridas, B Gopalakrishnan
Updated on
1 min read

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തത് പണം വാങ്ങിയിട്ടാണെന്ന ആരോപണത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന, സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സമരവേദിയിലെത്തിയിരുന്നു രഞ്ജിനി ഹരിദാസ്. സിജ റോസ്, ജാന്‍മണി തുടങ്ങിയവരും രഞ്ജിനിയ്‌ക്കൊപ്പമുണ്ടായിരുന്നു.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് രഞ്ജിനിയ്‌ക്കെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചത്. ശക്തമായ ഭാഷയിലായിരുന്നു രഞ്ജിനി ആരോപണത്തിന് മറുപടി നല്‍കിയത്. പണം വാങ്ങിയത് തെളിവ് സഹിതം വന്ന് തെളിയിക്കണമെന്നാണ് രഞ്ജിനി പറയുന്നത്.

എത്ര ഫണ്ടാണ് വാങ്ങിയതെന്ന് പറഞ്ഞാല്‍ അക്കൗണ്ട് ചെക്ക് ചെയ്ത മറുപടി നല്‍കാമായിരുന്നുവെന്ന് രഞ്ജിനി പരിഹസിക്കുന്നുണ്ട്. ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? ഞാന്‍ കേട്ടിട്ട് പോലുമില്ല എന്നും രഞ്ജിനി പരിഹസിക്കുന്നുണ്ട്.

'ആരാണ് അങ്ങനെ പറഞ്ഞത്? അദ്ദേഹത്തിന് ശീലം പൈസ കൊടുത്ത് ആളുകളെ വിളിക്കുന്നതായിരിക്കും. അതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നാണല്ലോ അദ്ദേഹം വിശ്വസിക്കുന്നത്. അദ്ദേഹം ആരാണെന്ന് എനിക്ക് അറിയില്ല. ആരാണെങ്കിലും തെളിവുമായി എന്റെ വീട്ടിലേക്ക് വരൂ. നമുക്കൊരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിക്കാം. കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ ഞാന്‍ ടാക്‌സും അടയ്ക്കണമല്ലോ' എന്നാണ് രഞ്ജിനി പറഞ്ഞത്.

ഡല്‍ഹിയില്‍ വലിയ സമരം നടക്കുകയാണ്. നമ്മുടെ ഉള്ളില്‍ ഒരു ഉലച്ചില്‍ ഉണ്ടാകുമ്പോഴാണ് അതിന്റെ ഭാഗമാകുന്നത്. വിദ്യാര്‍ത്ഥികളുടെ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകും. മാറ്റത്തിനായി നമ്മള്‍ ശബ്ദം ഉയര്‍ത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും രഞ്ജി പറഞ്ഞു. അതേസമയം, കുറേ ആളുകള്‍ കയ്യടിക്കും, കുറേ പേര്‍ വിമര്‍ശിക്കും. അത് തന്നെ ബാധിക്കില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. സമരത്തിനൊപ്പം ഇനിയും ഉണ്ടാകുമെന്നും തീയില്‍ കുരുത്തതാണ് താനെന്നും രഞ്ജിനി പറഞ്ഞു.

രഞ്ജിനി ഹരിദാസിന് ഇപ്പോള്‍ സ്‌റ്റേജ് ഷോകള്‍ ഒന്നുമില്ലെന്നും പണം കിട്ടിയതു കൊണ്ടാണ് സമരവേദിയിലേക്ക് പോയതെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് രഞ്ജിനി തന്നെ പ്രതികരണവുമായെത്തിയത്.

Summary

Ranjini Haridas gives reply to B Gopalakrishnan. Earlier he claimed Ranjini went to CJP Protest after recieving money from them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com