

വലിയ ആള്‍ക്കൂട്ടങ്ങളുടെ പരിപാടിയുടെ അവതാരകയാകുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് രഞ്ജിനി ഹരിദാസ്. മറഡോണ വന്ന പരിപാടിയ്ക്കിടെ തന്നെ കയറിപ്പിടിച്ചയാളെ നേരിട്ടതിനെക്കുറിച്ചും രഞ്ജിനി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
പണ്ട് മറഡോണ വന്ന സമയത്ത് കണ്ണൂര്‍ ഒരു പരിപാടി ഹോസ്റ്റ് ചെയ്യാന്‍ ഞാന്‍ പോയിരുന്നു. മറഡോണ ആദ്യമായാണ് കേരളത്തില്‍ വരുന്നത്. ആളുകള്‍ കരുതിയത് ഞാനും മറഡോണയും സുഹൃത്തുക്കളാണെന്നാണ്. എന്നാല്‍ ഞാന്‍ മറഡോണയെ ആദ്യമായി കാണുന്നത് ആ വേദിയില്‍ വച്ചാണ്. സ്‌റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശേഷം അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. ആ സമയത്ത് അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ കാമുകിയാണെന്നൊക്കെ വാര്‍ത്ത വന്നിരുന്നു. സ്റ്റേജില്‍ വളരെ നല്ല സമയമായിരുന്നു ചെലവിട്ടത്. ഫണ്‍ ആയിരുന്നു.
താരം ആരാണെങ്കിലും അവസാനം അവര്‍ പോകും, അവശേഷിക്കുക ഞാന്‍ മാത്രമായിരിക്കും. മറഡോണയുടെ ഷോ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തോടുള്ള ഭ്രാന്തമായ ആരാധന മുഴുവന്‍ എന്റെ നേരെയായി. നിര്‍ഭാഗ്യവശാല്‍ വളരെ മോശം സുരക്ഷയായിരുന്നു. എന്നെ പുറത്തേക്ക് ഇറങ്ങിയെങ്കിലും വണ്ടിയില്ല. മറഡോണയെ തൊടാന്‍ പറ്റാത്തവരെല്ലാം എന്നെ തൊടാന്‍ വന്നു. നിര്‍ഭാഗ്യവശാല്‍ ഞാനൊരു പെണ്ണായിപ്പോയി. ദേഹത്ത് തൊട്ടാല്‍ പ്രതികരിക്കുന്ന പെണ്ണ്.
ഞാനിത് ജീവിതത്തില്‍ മറക്കില്ല. സ്റ്റേഡിയത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്റെ ചുറ്റും ഇവന്റ്മാനേജ്‌മെന്റിലെ അഞ്ച് പേരുണ്ട്. അവരുടെ ചുറ്റുമായി 200-300 പേരും. കൂട്ടിലകപ്പെട്ട മൃഗത്തെപ്പോലെയാണ് തോന്നിയത്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇതിന് ഇടയിലൂടെ ഒരാള്‍ എന്റെ ദേഹത്ത് കയറി പിടിക്കാന്‍ ശ്രമിച്ചു. ഞാനിത് ഒരിക്കലും മറക്കില്ല. ഞാന്‍ അവന്റെ കയ്യില്‍ കയറി പിടിച്ചു. എന്നിട്ട് രഞ്ജിനിയുടെ വക ഒരു ഷോ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ തെറി കേട്ടു. അന്നും ഇന്നും അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊട്ടാല്‍ ഞാന്‍ പ്രതികരിക്കും.
അവനെ ഞാന്‍ പിടിച്ചുതള്ളി, അലറി. അവിടെ നിന്നിരുന്ന പൊലീസുകാരോട് നിങ്ങളെന്ത് പൊലീസാണ്? എന്നെ സംരക്ഷിക്കേണ്ടത് നിങ്ങളല്ലേ എന്ന് ചോദിച്ചു. ആളുകളെ തള്ളിമാറ്റി അവിടെ നിന്നും ഓടി രക്ഷപ്പെട്ട ഞാന്‍ ഏതോ ഒരു വണ്ടിയ്ക്ക് കൈ കാണിച്ചു നിര്‍ത്തി. അതൊരു മാധ്യമത്തിന്റെ വണ്ടിയായിരുന്നു. അതിലാണ് ഞാന്‍ അവിടെ നിന്നും പോയത്. പിറ്റേ ദിവസം വന്ന വാര്‍ത്ത രഞ്ജിനി ഹരിദാസ് കണ്ണൂരില്‍ തെറി വിളിച്ചു എന്നായിരുന്നു.
അന്ന് കാമറ ഫോണൊന്നും ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ മീഡിയയുമില്ല. അന്നത് ഉണ്ടായിരുന്നുവെങ്കില്‍ സത്യം പുറത്ത് വന്നിരുന്നേനെ എന്ന് അതിരടി ഫെസ്റ്റിലെ സംഭവം നടന്ന ശേഷം ഞാന്‍ ഓര്‍ത്തു. അന്ന് തെറിവിളിച്ചവരുടെ അടുത്ത തലമുറ ഇന്ന് ഞാന്‍ ചെയ്തത് ശരിയാണ് എന്നാണ് പറയുന്നത്.
ഒരിക്കല്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍, ഓഡിയന്‍സില്‍ നിന്നൊരാള്‍ ബ്ലേഡ് വച്ച് കട്ട് ചെയ്തു. അത് കൊണ്ടത് അടുത്ത് നിന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിലും. രക്തം ഒഴുകുകയായിരുന്നു. പ്രോഗ്രാമുകളില്‍ പോകുമ്പോള്‍ ചിലര്‍ കടിക്കും, മാന്തും.. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. അങ്ങനെയാണ് നമ്മള്‍ നമ്മളെ സംരക്ഷിക്കാന്‍ തുടങ്ങിയത്.
അപ്പോഴേക്കും അഹങ്കാരം വിളിപ്പേരായി. സുരക്ഷ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. അത് മറ്റുള്ളവരുടെ തലയില്‍ ഇടരുത്. ഞാന്‍ എന്തിന് വിക്ടിം ആകണം? ചില സമയത്ത് തെറി വിളി കേള്‍ക്കും. ഒരാവശ്യവും ഇല്ലാതെയാണ്. പതിനായിരം നല്ല ആള്‍ക്കാരുണ്ടെങ്കില്‍ 10,15 മോശം ആള്‍ക്കാരുണ്ടാകും. ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. 25 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് കിടക്കുന്നുണ്ട്. നല്ലതും ചീത്തയും. അന്നൊക്കെ ഈ ക്യാമറകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉണ്ടാക്കിയ ചീത്തപ്പേരുകള്‍ നേരെ ഓപ്പോസിറ്റ് ആയേനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates