

പ്രേം നസീർ, ഷീല, ജി കെ പിള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തി 1967 ൽ പുറത്തുവന്ന ചിത്രമാണ് പാതിരാപ്പാട്ട്. ചിത്രം കാണാൻ പോയപ്പോഴുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ രവി മേനോൻ. മരിച്ചാൽ കൃഷ്ണമണി ഇളകുമോ? "ഹൊറർ" സിനിമ കണ്ട് ഞെട്ടിത്തരിച്ചിരുന്ന കാലത്ത് നിന്ന് ഒരോർമ്മ.
നിത്യ ജീവിതം തന്നെ ഹൊറർ സിനിമകളെ വെല്ലുന്ന അനുഭവങ്ങൾ ആയി മാറിക്കൊണ്ടിരിക്കയല്ലേ? എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പിലേക്ക് കടക്കുന്നത്. ഇന്നോർക്കുമ്പോൾ അതൊരു തമാശ ആണെന്നും പക്ഷേ അന്നങ്ങനെയല്ല പേടിച്ചു വിറച്ചുകൊണ്ടാണ് ആ സിനിമ കണ്ടുതീർത്തതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മരിച്ചാൽ കൃഷ്ണമണി ഇളകുമോ?
"ഹൊറർ" സിനിമ കണ്ട് ഞെട്ടിത്തരിച്ചിരുന്ന കാലത്ത് നിന്ന് ഒരോർമ്മ. നിത്യ ജീവിതം തന്നെ ഹൊറർ സിനിമകളെ വെല്ലുന്ന അനുഭവങ്ങൾ ആയി മാറിക്കൊണ്ടിരിക്കയല്ലേ? ആ ഹൊറർ എവിടെ, ഈ ഹൊറർ എവിടെ?-----
ചുണ്ടിൽ എരിയുന്ന പൈപ്പില്ല; കയ്യിൽ പുകയുന്ന പിസ്റ്റളും. മുട്ടിനു താഴേക്ക് ഇറങ്ങിക്കിടക്കുന്ന നൈറ്റ് ഗൗൺ, കറുത്ത കമ്പിളിരോമത്തൊപ്പി, പേടിപ്പെടുത്തുന്ന കൊമ്പൻമീശ, കണ്ണിറുക്കിയുള്ള വില്ലൻ ചിരി....ഇതൊന്നുമില്ലാതെ ഒരു പാവം ചിറയിൻകീഴുകാരനായി മുന്നിലിരിക്കുന്നു ജി കെ പിള്ള. സുന്ദരികളായ യുവതികളെ തിളയ്ക്കുന്ന മെഴുകിലേക്ക് ഉന്തിത്തള്ളിയിട്ട് മനോഹര ശിൽപ്പങ്ങളാക്കി വാർത്തെടുത്തിരുന്ന "പാതിരാപ്പാട്ടി''ലെ കണ്ണിൽച്ചോരയില്ലാത്ത കലാകാരൻ ദാസ്.
പത്തുനാൽപ്പതു കൊല്ലമായി ഉള്ളിലൊരു ചോദ്യമുണ്ട്. എന്നെങ്കിലും പിള്ളസാറിനെ നേരിൽ കാണുകയാണെങ്കിൽ ചോദിക്കാൻ കരുതിവെച്ച ചോദ്യം. പ്രേതങ്ങളും യക്ഷികളും ഒടിയന്മാരും ഭൂമിയിലേക്കിറങ്ങിവന്ന ഒരു രാത്രി കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിലെ ഇരുട്ടിലിരുന്നുകൊണ്ട് ആ പഴയ നാലാം ക്ലാസുകാരൻ ചോദിച്ച അതേ ചോദ്യം തന്നെ: "മരിച്ചു കഴിഞ്ഞാലും കൃഷ്ണമണികൾ ഇളകുമോ?'' തൊട്ടപ്പുറത്ത് കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലെ ദൃശ്യങ്ങളിൽ മുഴുകി സ്വയം മറന്നിരുന്ന ഗോപിയേട്ടൻ ആദ്യം ചോദ്യം കേട്ടില്ലെന്നു നടിച്ചു.
രണ്ടുവട്ടം തോണ്ടി ശല്യപ്പെടുത്തിയപ്പോൾ അസ്വസ്ഥതയോടെ തിരിഞ്ഞുനോക്കി ശബ്ദം താഴ്ത്തി പിറുപിറുത്തു: ``ഈ ചെക്കനെക്കൊണ്ട് തോറ്റൂലോ. സിനിമ കാണാനും സ്വൈരം തരില്ല്യ. ഓരോ പൊട്ട സംശയങ്ങള്...കൃഷ്ണമണി ഇളക്വോ അതോ പൊട്ടിത്തെറിക്ക്വോ എന്നൊന്നും ഇനിക്കറിയില്ല.'' മുഖം വെട്ടിത്തിരിച്ച് സ്ക്രീനിലേക്ക് തിരിച്ചു യാത്രയാകുന്നു ഗോപിയേട്ടൻ.
പണ്ടേയുള്ള ശീലമാണ്. ഒരു ജിജ്ഞാസ മനസ്സിൽ മുളപൊട്ടിയാൽ അതങ്ങിനെ അവിടെ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കും. ഉത്തരം കിട്ടും വരെ. ചിലപ്പോൾ വലിയ കഥയൊന്നുമില്ലാത്ത സംശയങ്ങളാവും. എന്നാലും ഉത്തരം കിട്ടണം. കിട്ടിയേ പറ്റൂ. ഇതും അങ്ങനെ തന്നെ. ഒരു ശ്രമം കൂടി നടത്തിനോക്കാൻ മനസ്സ് വെമ്പുന്നു. കൈമുട്ട് ശക്തമായി പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു: ``അല്ല ഗോപ്യേട്ടാ....മെഴുകിൽ മുക്കുമ്പോത്തന്നെ പൊള്ളി മരിച്ചിട്ടുണ്ടാകുമല്ലോ അവര്. ന്നാലല്ലേ അവരെ പ്രതിമ്യാക്കി മാറ്റാൻ പറ്റൂ.
പ്രതിമ്യായി മാറീട്ടും ചെലരുടെ കണ്ണിലെ കൃഷ്ണമണി അനങ്ങ്ണുണ്ടല്ലോ. അതെങ്ങന്യാ?'' രസച്ചരട് പൊട്ടിപ്പോയ ദേഷ്യത്തിൽ ക്രുദ്ധനായി തിരിഞ്ഞുനോക്കുന്നു ഗോപിയേട്ടൻ. ഒരടി വീഴുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. ക്ഷമാശീലനായത് കൊണ്ടാണ്. ശല്യക്കാരനായ അനുജന്റെ മുഖത്തുനോക്കി കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം അസഹ്യതയോടെ ഗോപിയേട്ടൻ പറഞ്ഞു: ``ആവോ.. ഇനിക്കറിയില്യ. പോയി ചോയ്ച്ചു നോക്ക് ജി കെ പിള്ളേനോട്..'' സിനിമ തീരും വരെ മിണ്ടിയില്ല പിന്നെ. ഉള്ളിലെ സംശയജ്വാല അണഞ്ഞുമില്ല.
മാറ്റിനി കണ്ടേ ശീലമുള്ളൂ. ആദ്യമായിട്ടാണ് ഫസ്റ്റ് ഷോ കാണുന്നത്. പത്തുമണിക്ക് സിനിമ വിട്ടാൽ രണ്ടു നാഴികയോളം നടന്നുവേണം വീട്ടിലെത്താൻ. കുറ്റാക്കൂരിരുട്ടാണ്. `രാധാകൃഷ്ണ'ക്ക് പുറത്തു കദീസുമ്മ ചൂട്ട് വിൽക്കാൻ വെച്ചിട്ടുണ്ടാകും. അഞ്ചു പൈസയുടെയും പത്തു പൈസയുടെയും ചൂട്ട്. അഞ്ചുപൈസച്ചൂട്ടിന് കഷ്ടിച്ചു അരമണിക്കൂറേ ആയുസ്സുണ്ടാകൂ. മറ്റേതാണെങ്കിൽ ഒരു മണിക്കൂറോളം കത്തും.
പത്തുപൈസയുടെ ചൂട്ട് വാങ്ങി കത്തിച്ചു മുന്നിൽ നടന്നു ഗോപിയേട്ടൻ. പിറകെ നിഴൽ പോലെ ഞാനും. ആൾതാമസം കുറഞ്ഞ വഴികളിലൂടെയാണ് നടത്തം. പാറ പൊട്ടിച്ചുണ്ടാക്കിയ ചെത്തിമിനുക്കപ്പെടാത്ത വഴികൾ. ചുറ്റും പൊന്തക്കാടുകൾ. ചെറുതായി ചൂളം കുത്തുന്ന കാറ്റിന്റെ പശ്ചാത്തല സംഗീതം. ശരിക്കും പേടി തോന്നും. രാജാസ് ഹൈസ്‌കൂളിന്റെ ഗേറ്റും പറമ്പിലങ്ങാടിയിലെ ഒന്ന് രണ്ടു മുറുക്കാൻ കടകളും പിന്നിട്ട് ഇടുങ്ങിയ കരിങ്കൽപ്പാതയിലേക്ക് കടന്നപ്പോൾ ഞാൻ ഗോപിയേട്ടന്റെ കൈ മുറുക്കെ പിടിച്ചു.
സിനിമയിലെ പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒന്നൊന്നായി മനസ്സിൽ തെളിയുന്നു. ഇരുട്ടിൽ മരങ്ങൾക്കിടയിലൂടെ നടന്നുവരുന്ന ജി കെ പിള്ളയുടെ രൂപം, വാതിൽ തുറക്കുമ്പോൾ കരിമ്പടക്കെട്ടു പോലെ മുന്നിൽ വന്നു വീഴുന്ന പൂച്ചയുടെ അലർച്ച, ജനാലച്ചില്ലിനപ്പുറത്ത് തെളിയുന്ന വെളുത്ത സാരിയുടുത്ത യക്ഷിയുടെ പാട്ട്....മനസ്സിൽ നിന്ന് എത്ര മായ്ച്ചിട്ടും മാഞ്ഞുപോകാൻ കൂട്ടാക്കാത്ത ദൃശ്യങ്ങൾ. വലതുവശത്തെ പൊന്തക്കാട്ടിൽ എന്തോ അനങ്ങിയോ? ഏയ് തോന്ന്യേതാവും.
അവിടെ ഈ സമയത്ത് എങ്ങനെ ആൾപെരുമാറ്റം ഉണ്ടാവാൻ? പക്ഷേ ഇല അനങ്ങുന്നുണ്ട്. ഈശ്വരാ, വല്ല ഒടിയന്മാരും ആകുമോ? രാത്രി നടന്നുപോകുന്നവരെ പിന്തുടർന്ന് തടഞ്ഞുനിർത്തി തലമണ്ട അടിച്ചുപൊളിക്കുന്ന ഒടിയന്മാരെ നേരിൽ കണ്ടയാളാണ് ഒപ്പമുള്ള ഗോപിയേട്ടൻ. ഇനി അതല്ല, കുറച്ചു നേരം മുൻപ് കണ്ട സിനിമയിലെ ക്രൂരനായ ദാസ് ആകുമോ? രാത്രി നടന്നുപോകുന്നവരെ പിന്നിൽ നിന്ന് പതുങ്ങിവന്ന് മുഖം പൊത്തിപ്പിടിച്ചു ഞെക്കിക്കൊന്ന ശേഷം കാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന തന്റെ ഇരുളടഞ്ഞ ബംഗ്ളാവിലേക്ക് വലിച്ചുകൊണ്ടു പോയി ഉരുകുന്ന മെഴുകിലേക്ക് തള്ളിയിട്ട്..... ആലോചിക്കാൻ വയ്യ.
ഹൊറർ പടമായിരുന്നു ``പാതിരാപ്പാട്ട്''. വിഖ്യാത ഹോളിവുഡ് ചിത്രമായ ``ഹൗസ് ഓഫ് വാക്സി''ന്റെ വികലമായ ഒരനുകരണം. മനുഷ്യരെ കൊലപ്പെടുത്തി അവരെ ജീവസ്സുറ്റ മെഴുകുപ്രതിമകളാക്കി മാറ്റി മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുന്ന പ്രൊഫസർ ഹെൻറി യാറഡിന്റെ കഥ ജഗതി എൻ കെ ആചാരിയുടെ തിരക്കഥയുടെ സഹായത്തോടെ കേരളത്തിലെ ഒരു നാട്ടിൻപുറത്തേക്ക് പറിച്ചുനടുകയായിരുന്നു സംവിധായകൻ പ്രകാശ് .
ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ സഹോദരി നിർമ്മലയെ തേടി നാട്ടിലെത്തുകയാണ് മുൻ പട്ടാളക്കാരനായ പ്രേംനസീറിന്റെ രഘു. കാമുകൻ ശശിയോടൊപ്പം നിർമ്മല നാടുവിട്ടു എന്നാണ് കിംവദന്തി. ആകെ തകർന്നുപോയ നസീറിന് ആശ്വാസമായത് പതിവുപോലെ നാട്ടിലെ ഒരു ഡോക്ടറുടെ മകളായ ഷീലയുടെ സാമീപ്യവും സാന്ത്വനവും തന്നെ. കാമുകിയുടെ സഹായത്തോടെ അനിയത്തിയുടെ തിരോധാനത്തിന് പിന്നിലെ രഹസ്യങ്ങൾ തിരഞ്ഞിറങ്ങിയ നസീർ എത്തിപ്പെട്ടത് ജി കെ പിള്ള എന്ന ദാസിന്റെ മണിമേടയിൽ.
കാഴ്ച്ചയിൽ മാന്യനായ ജി കെയുടെ യഥാർത്ഥ ജോലി സുന്ദരികളെ കൊന്ന് മെഴുകുപ്രതിമകളാക്കി മാറ്റുന്നതാണെന്ന് നസീർ തിരിച്ചറിയുന്നു. അതിനിടെ വെള്ളിയാഴ്ച തോറും വെള്ള സാരിയണിഞ്ഞ ഒരു യക്ഷിയുടെ നഗരപ്രദക്ഷിണവുമുണ്ട്. വിജയഭാസ്കറിന്റെ ഈണത്തിൽ ``നിഴലായ് നിന്റെ പിറകെ പ്രതികാരദുർഗ ഞാൻ വരുന്നൂ'' എന്ന് ഈണത്തിൽ പാടിക്കൊണ്ടാണ് യക്ഷിയുടെ വരവും പോക്കും. പ്രേമം, ഹാസ്യം, സംഘട്ടനം എന്നീ പതിവ് ചേരുവകൾക്കൊടുവിൽ ജി കെയുടെ മുഖംമൂടി നസീർ പിച്ചിച്ചീന്തുന്നു.
രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുകയായി അതോടെ. നിർമ്മലയെ കൊന്നു പ്രതിമയാക്കിയത് ജി കെ പിള്ളയുടെ ദാസ് തന്നെ. സിനിമയുടെ ഒട്ടുമുക്കാൽ ഭാഗവും അടുക്കളഹാസ്യവുമായി നിറഞ്ഞാടുന്ന, ദാസിന്റെ ഡ്രൈവർ അടൂർ ഭാസി സത്യത്തിൽ അതിബുദ്ധിമാനായ ഒരു സി ഐ ഡി ആയിരുന്നു.
പ്രേതഗാനം ഒഴുകിയെത്തിയത് ഒരു ടേപ്പ് റെക്കോർഡറിൽ നിന്ന്. ഭാസിയുടെ കുറ്റാന്വേഷണ കുതുകിയായ ധർമ്മപത്നി ഇന്ദിര യക്ഷിയായി അഭിനയിച്ച് എസ് ജാനകിയുടെ പാട്ടിനൊത്ത് ചുണ്ടനക്കുക മാത്രമായിരുന്നു. സർവത്ര ഞെട്ടിക്കുന്ന സത്യങ്ങൾ. ക്ളൈമാക്സിൽ നസീറിന്റെ ഇടിയേറ്റ് കൊടും ക്രൂരനായ ദാസ് തിളക്കുന്ന മെഴുകിൽ വീണു മൃതിയടയുന്നതോടെ എല്ലാം ശുഭം.
ഇന്നോർക്കുമ്പോൾ മൊത്തം തമാശ. പക്ഷേ അന്നങ്ങിനെയല്ല. പേടിച്ചു വിറച്ചുകൊണ്ടാണ് സിനിമ കണ്ടുതീർത്തതു തന്നെ. രാത്രി വീടണഞ്ഞ ശേഷവും ഭീതി വിട്ടൊഴിഞ്ഞില്ല. മുകളിലെ മുറിയിൽ ഞങ്ങൾ ഒരുമിച്ചാണ് കിടപ്പ്. ഗോപിയേട്ടൻ കട്ടിലിലും ഞാൻ നിലത്തും. വൈദ്യുതി വന്നിട്ടില്ല അന്ന് ഞങ്ങളുടെ എടരിക്കോട്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടച്ചാൽ മുന്നിൽ തെളിയുക ജി കെ പിള്ളയുടെ മുഖത്തിന്റെ പേടിപ്പെടുത്തുന്ന ക്ളോസപ്പ്.
കാതിൽ മുഴക്കമുള്ള ആ ചിരി. ചുറ്റിലും മെഴുക് ഉരുകിയൊലിക്കുന്ന സ്ത്രീശരീരങ്ങൾ. തുറിച്ചു വരുന്ന യക്ഷിയുടെ കണ്ണുകൾ. പുറത്തേക്ക് നീണ്ടു വരുന്ന കൂർത്ത നഖങ്ങൾ. പശ്ചാത്തലത്തിൽ പ്രേതഗാനം.... ആകെ പ്രശ്നം. പതുക്കെ എഴുന്നേറ്റ് കട്ടിലിനടുത്തു ചെന്ന് ഗോപിയേട്ടനെ കുലുക്കി വിളിച്ചു. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ഗോപിയേട്ടൻ അമ്പരപ്പോടെ തുറിച്ചുനോക്കിയപ്പോൾ കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു: `` പേട്യാവുണു, ഞാൻ ഇബടെ കെടക്കട്ടെ?'' എന്തോ പിറുപിറുത്തുകൊണ്ട് ഒരു വശത്തേക്ക് മാറിക്കിടക്കുന്നു പാവം ഗോപിയേട്ടൻ.
ബാക്കിയുള്ള ഇത്തിരി സ്ഥലം ഞൊടിയിടയിൽ കരസ്ഥമാക്കി പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്നു പേടിച്ചുതൂറിയായ അനുജൻ ... ഉറക്കം എന്നിട്ടും കൂടെ വന്നില്ല. ജി കെ പിള്ളയും മെഴുകുസുന്ദരിമാരും യക്ഷിയും വിട്ടുപോയതുമില്ല. കട്ടിലിന് ചുറ്റും സദാസമയവും റോന്തുചുറ്റുന്നുണ്ടായിരുന്നു അവർ. പകൽവെളിച്ചം ജനാലയിലൂടെ അരിച്ചെത്തും വരെ. പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ മേലാസകലം പൊള്ളുന്നു. പനിയാണ്.
"ആ കാലമൊന്നും ഇനി തിരിച്ചുവരില്ല. ആ മനുഷ്യരും..'' ആരോ മൃദുവായി കാതിൽ മന്ത്രിക്കും പോലെ. സുഖകരമായ ഒരുറക്കത്തിൽ നിന്നെന്നവണ്ണം പൊടുന്നനെ ഞെട്ടിയുണർന്നത് അപ്പോഴാണ് ; ഇത്രനേരം കടിഞ്ഞാണില്ലാതെ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു മനസ്സ് എന്ന് തിരിച്ചറിഞ്ഞതും. ഒടിയന്മാരും മെഴുകുപ്രതിമകളും ഭൂതപ്രേതാദികളും അപ്രത്യക്ഷരായിരിക്കുന്നു.
അവശേഷിക്കുന്നത് ജി കെ പിള്ള മാത്രം. മുന്നിലെ കസേരയിലിരുന്ന് സിനിമാജീവിതം ഉറക്കെയുറക്കെ അയവിറക്കുന്നു അദ്ദേഹം. അനവസരത്തിൽ ഫ്ലാഷ് ബാക്ക് കടന്നുവരുമെന്ന് ആരോർത്തു? വിമുക്തഭട സംഘടനയുടെ ഏതോ ചടങ്ങിന്റെ വാർത്തയുമായി പത്രമോഫീസിൽ എത്തിയപ്പോൾ യൂണിറ്റ് മാനേജർക്കൊപ്പം വെറുതെ പരിചയപ്പെടാൻ വന്നതാണ് പിള്ളസാർ.
പട്ടാളത്തിൽ നിന്ന് സിനിമയിലും സിനിമയിൽ നിന്ന് ടെലിവിഷനിലും അവിടെ നിന്ന് രാഷ്ട്രീയ -- സാമൂഹ്യ മണ്ഡലങ്ങളിലും എത്തിപ്പെട്ട കഥ രസിച്ചു വിവരിക്കുന്നു അദ്ദേഹം. വ്യക്തികളും വിഷയങ്ങളും ക്ളൈമാക്സുകളും എല്ലാം മാറിമറിഞ്ഞുകൊണ്ടിരുന്നു കഥയിൽ. പ്രേംനസീർ, അംബിക, ശശികുമാർ, മഹാത്മാഗാന്ധി, ജനറൽ തിമ്മയ്യ, കരിയപ്പ, കരുണാകരൻ, രമേശ് ചെന്നിത്തല ....അങ്ങനെയങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ ഒരു നീണ്ട ഘോഷയാത്ര.
ഇടയ്ക്കെപ്പോഴോ ശ്വാസമെടുക്കാൻ വേണ്ടി പിള്ള സാർ സംസാരം ഒരു നിമിഷം നിർത്തിയപ്പോൾ ഞാൻ പൊടുന്നനെ ഇടപെട്ട് ചോദിച്ചു: ``സാർ, മരിച്ചു കഴിഞ്ഞാലും കൃഷ്ണമണികൾ ഇളകുമോ?'' അമ്പരപ്പോടെ എന്റെ മുഖത്ത് നോക്കിയിരുന്നു ജി കെ പിള്ള. ഇതെന്ത് മണ്ടൻ ചോദ്യം എന്നോർത്തിരിക്കണം അദ്ദേഹം. ``സുന്ദരികളെ മെഴുകിൽ മുക്കിയെടുക്കുമ്പോഴേ പൊള്ളലേറ്റ് അവർ മരിച്ചു കാണില്ലേ?,'' ആവേശത്തോടെ വീണ്ടും ഞാൻ.
``പിന്നെ പ്രതിമയുടെ കൃഷ്ണമണികൾ എങ്ങനെ ഇളകി?'' നിമിഷങ്ങളോളം എന്റെ മുഖത്ത് കണ്ണു നട്ട് നിശ്ശബ്ദനായിരുന്നു പിള്ള സാർ. ഇത്രനേരം ചർച്ച ചെയ്ത വിഷയങ്ങളും ഇതും തമ്മിൽ എന്ത് ബന്ധം എന്നോർത്തിരിക്കണം അദ്ദേഹം. പരിഹസിച്ചതായി തോന്നിയിരിക്കുമോ സാറിന്? മോശമായിപ്പോയി. ചോദിക്കേണ്ടായിരുന്നു എന്ന് ആരോ ഉള്ളിലിരുന്ന് പറയുന്ന പോലെ.
പിരിമുറുക്കത്തിന് വിരാമമിട്ട് ജി കെ പിള്ള ചിരിക്കുന്നു. മേഘഗർജനം പോലൊരു ചിരി. പൊന്നാപുരം കോട്ടയിലെ കറുവഞ്ചേരി കുറുപ്പിനെ, ഒതേനന്റെ മകനിലെ കുങ്കനെ, നായര് പിടിച്ച പുലിവാലിലെ ഗോപിയെ, വേലുത്തമ്പി ദളവയിലെ കുഞ്ചുനീലൻ പിള്ളയെ, കൊച്ചിൻ എക്സ്പ്രസിലെ കൊലപാതകിയായ ഹോട്ടൽ മാനേജരെ, ഇരുമ്പഴികളിലെ സ്ത്രീലമ്പടനായ ജന്മിയെ, പഞ്ചവൻകാട്ടിലെ തന്ത്രശാലിയായ താണുപിള്ളയെ . ... പലരെയും ഓർമിപ്പിച്ച ആ ചിരിക്കൊടുവിൽ പിള്ള സാർ ചോദിക്കുന്നു: ``പാതിരാപ്പാട്ട് കണ്ടിട്ടുണ്ട് അനിയൻ, അല്ലേ? ബുദ്ധിമുട്ടി അഭിനയിച്ച സിനിമയായിരുന്നു.
എന്ത് ഫലം? വില്ലന്മാർക്കൊന്നും ഒരു വിലയുമില്ലല്ലോ സിനിമയിൽ. ഇത്രേം കാലത്തിനു ശേഷവും അനിയനെപ്പോലുള്ളവർ നമ്മുടെ അഭിനയം ഓർമ്മയിൽ സൂക്ഷിക്കുന്നു എന്ന അറിവാണ് നമുക്കൊക്കെ കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ്.'' ഒരു നിമിഷം നിർത്തി മുഖത്തെ ചിരി മായ്ച്ച് പകരം കൃത്രിമ ഗൗരവം വരുത്തി പിള്ള സാർ തുടരുന്നു: ``പിന്നെ അനിയൻ ചോദിച്ച മറ്റേ കാര്യം. ഇപ്പോഴാണ് ഓർത്തത്. കണ്ണ് ചൂഴ്ന്നെടുത്ത ശേഷമാണല്ലോ ഞാൻ എല്ലാറ്റിനെയും കൊന്നു മെഴുകിൽ മുക്കിയത്. പിന്നെങ്ങനെ കൃഷ്ണമണി അനങ്ങും? അനിയന് തോന്നിയതായിരിക്കും.'' ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്നു ജി കെ പിള്ള.
ഒടുങ്ങാത്ത കൗതുകത്തോടെ ആ മുഖത്ത് നോക്കിയിരുന്നു ഞാൻ. ഉള്ളിൽ വീണ്ടും പഴയ നാലാം ക്ളാസുകാരൻ ഉണരുന്നു. ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു ചോദിക്കാൻ: ``അന്ന് രാത്രി ഗോപിയേട്ടനൊപ്പം രാധാകൃഷ്ണ ടാക്കീസിൽ നിന്ന് ``പാതിരാപ്പാട്ട്'' കണ്ടു തിരിച്ചുപോകുമ്പോൾ ഇടവഴിയിലെ പൊന്തക്കാട്ടിൽ മറഞ്ഞുനിന്ന് പേടിപ്പിച്ചത് സാറായിരുന്നില്ലേ?'' ചോദിക്കാൻ ധൈര്യം വന്നില്ല. ജീവനില്ലാത്ത മെഴുകു പ്രതിമയായി മാറാൻ ആർക്കുണ്ട് ആഗ്രഹം?
--രവിമേനോൻ (Repost)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates