നടൻ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ നടന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയാം. വിവാഹമോചനം ലഭിക്കാതെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്നും രവി മോഹൻ പറഞ്ഞു. എന്നാൽ അത് അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും താൻ സിനിമയിലേക്ക് തിരിച്ച് വരുമെന്നും രവി മോഹൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ താൻ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണെന്നും തന്നെ പിന്തുണച്ച എല്ലാവരോടും സ്നേഹവും നന്ദിയുമുണ്ടെന്നും പറയുകയാണ് രവി മോഹൻ. തന്റെ തുറന്നുപറച്ചിലിന് പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ച് ഒരുപാട് പേർ തുറന്നു പറയാൻ തുടങ്ങിയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്ഡബ്ല്യൂ അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എല്ലാവർക്കും നമസ്കാരം, ഞാൻ നന്നായി ഇരിക്കുന്നു. ഈ വർഷം എനിക്ക് 46 വയസ് തികയുകയാണ്. അതിൽ 23 വർഷവും, എന്റെ ജീവിതത്തിന്റെ പകുതിയും, ഞാൻ സിനിമയിലാണ്. എന്നിരുന്നാലും, ഞാൻ ചെയ്ത ഒരു ചെറിയ തെറ്റ് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. വ്യക്തിജീവിതവും സിനിമാ ജീവിതവും ഫിഫ്റ്റി - ഫിഫ്റ്റി ആയി ഇരുന്നപ്പോൾ, ഞാൻ വ്യക്തി ജീവിതത്തിൽ ഒരു ശതമാനം കുറച്ച് ഇമോഷണൽ ആയി പോയി.
അതിനുശേഷം, നിങ്ങൾ എനിക്ക് നൽകിയ വിശ്വാസം. സിനിമയിലുള്ള ഓരോരുത്തരും എന്നോട് പറഞ്ഞു, 'നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷേ, സിനിമാ മേഖലയിൽ ഉണ്ടാകില്ല എന്ന് മാത്രം പറയരുത് എന്ന്. അന്ന് മുതൽ ഇന്ന് വരെ, അവർ പറഞ്ഞത് ഒരു വേദവാക്യമായി എടുത്ത് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സിനിമാ മേഖലയെയും, നിങ്ങളെയും, എന്നെ സ്നേഹിക്കുന്ന ആരാധകരെയും ഞാൻ ഒരിക്കലും ഇനി വഞ്ചിക്കില്ല.
തീർച്ചയായും ഞാൻ തിരിച്ചുവരും. തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ സന്തോഷായി, നിങ്ങളുടെ കുമരാനായി, നിങ്ങളുടെ ധ്രുവനായി, നിങ്ങളുടെ തനി ഒരുവനായി, നിങ്ങളുടെ പൊന്നിയിൻ സെൽവനായി, നിങ്ങളുടെ കരാട്ടെ ബാബുവായി... തീർച്ചയായും ഞാൻ തിരിച്ചു വരും. എന്നെ സ്നേഹിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. ഈ സ്നേഹത്തിന് നന്ദി.
എന്റെ തുറന്നു പറച്ചിൽ കാരണം ഒരു നല്ല കാര്യം സംഭവിച്ചു. പലരും മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ അവസ്ഥ എങ്ങനെ പറയണമെന്ന് അറിയാത്ത ഒരുപാട് പേർ എന്നെ വിളിച്ച് സംസാരിച്ചു. സാർ, നിങ്ങൾ കാരണം ഞാനും ഇത് തുറന്നു പറയാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഞാൻ ഇന്ന് സന്തോഷത്തോടെ ചിരിച്ച് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരാധകരാണ്. എല്ലാവരോടും നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി".- രവി മോഹൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates