

ടോക്‌സിക് ടീസറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടെ ഗീതു മോഹന്‍ദാസിന് പിന്തുണയുമായി റിമ കല്ലിങ്കല്‍. ടീസറിലെ രംഗം അശ്ലീലമാണെന്നും ഗീതുവിന്റേത് ഇരട്ടത്താപ്പാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ്, ഇതിനെതിരെ സംസാരിക്കുന്നൊരു കുറിപ്പ് റിമ പങ്കുവച്ചിരിക്കുന്നത്. നടിമാരായ ദിവ്യ പ്രഭ, അതുല്യ ചന്ദ്ര തുടങ്ങിയവരും ഈ കുറിപ്പ് പങ്കിട്ടിട്ടുണ്ട്.
'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും' എന്ന തലക്കെട്ടിലുള്ള കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്. ലൈംഗികതയേയും സ്ത്രീകളേയും കേരള സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഡീയസ് ഈറെയുടെ റിലീസിന് ശേഷം ഒരുപാട് പേര്‍, ട്രോള്‍ പേജുകളും ഫിലിം പേജുകളുമടക്കം, അതുല്യ ചന്ദ്രനെ വെറും സെഡക്ടീവ് ഒബ്‌ജെക്ടായി തരംതാഴ്ത്തിയത് സങ്കടപ്പെടുത്തുന്നതായിരുന്നു. അവള്‍ക്ക് നല്‍കപ്പെട്ട പേരുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അത് അവ ബോള്‍ഡ് ആയതു കൊണ്ടല്ല, മറിച്ച് നമ്മുടെ കാഴ്ചപ്പാടുകളെ തുറന്ന് കാണിക്കുന്നതായിരുന്നു എന്നതിനാലാണ്.
ഏറ്റവും വലിയ തമാശ, ഈ ചര്‍ച്ചകളിലെല്ലാം പ്രണവ് മോഹന്‍ലാല്‍ അപ്രതക്ഷ്യനായിരുന്നു എന്നതാണ്. ഏതാണ്ട് അതുല്യ ആ ഇന്റിമേറ്റ് രംഗം ഒറ്റയ്ക്ക് അഭിനയിച്ചതു പോലെ. ഡീയസ് ഈറെയിലെ ആ രണ്ടോ മൂന്നോ മിനുറ്റുള്ള സീന്‍ മാത്രം മതിയായിരുന്നു മലയാളികള്‍ക്ക് വീണ്ടും സദാചാര പൊലീസിന്റെ ബാഡ്ജ് അണിയാന്‍. ഇത് തന്നെയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ ദിവ്യപ്രഭയ്ക്ക് സംഭവിച്ചതും.
ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്നത് ചിന്തിപ്പിക്കുന്നതാണ്. ലൈംഗികതയുടെ മുഴുവന്‍ ധാര്‍മിക ഭാരവും ചുമക്കേണ്ടത് സ്ത്രീ മാത്രമാണോ? ഇപ്പോള്‍, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം അവതരിപ്പിക്കുന്ന രംഗത്തിന്റെ പേരില്‍ ടോക്‌സിക് ടീസറിനെ അശ്ലീലമെന്ന് വിളിക്കുന്നവരില്‍ മാധ്യമങ്ങളുമുണ്ട്. പരസ്പര താല്‍പര്യത്തില്‍ അധിഷ്ടമായ ഒന്ന് എങ്ങനെയാണ് വൃത്തികേടാവുക?
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ കാണിക്കുന്നതിനെ ഒബ്‌ജെക്ടിഫിക്ഷേനും പോണോഗ്രഫിയും അവളുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതവുമായിട്ടാണ് കണക്കാക്കുന്നത്. ലൈംഗികത തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള ഒന്നാണെന്ന പോലെ. പുരോഗമചിന്തകളുള്ളവരെന്ന് കരുതിയ യുവാക്കള്‍ക്ക് പോലും ലൈംഗികത അധാര്‍മികവും സ്ത്രീകള്‍ക്ക് ദോഷകരവുമാണ്. സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ആസ്വദിക്കുന്നതും അവളുടെ ശബ്ദവും ഭാവങ്ങളുമെല്ലാം ഇവിടെ വൃത്തികേടായിട്ടാണ് കണക്കാക്കുന്നത്.
നമ്മള്‍ മായാനദിയും 4 ഇയേഴ്‌സും കണ്ടു. അതിനെ ആരും സ്ത്രീവിരുദ്ധമെന്ന് വിളിക്കുകയോ അധാര്‍മ്മികമാണെന്ന് പറയുകയോ ഫെമിനിസത്തെ ആക്രമിക്കാന്‍ തിടുക്കപ്പെടുകയോ ചെയ്തില്ല. ഓര്‍ക്കുക, പ്രേക്ഷകന് തരിമ്പെങ്കിലും പക്വതയുണ്ടെങ്കില്‍ ചര്‍ച്ച നഗ്നതയേയോ ലൈംഗികതയെയോ കുറിച്ചല്ലെന്ന് മനസിലാക്കാന്‍ സാധിക്കും. നമ്മളുടെ കാഴ്ചപ്പാടിനെക്കുറിച്ചാണ്.
ആ ലെന്‍സുകളെ വേര്‍തിരിച്ചു കാണാനും എന്താണ് അടിച്ചേല്‍പ്പിക്കുന്നത് എന്താണ് സ്വാഭാവികം എന്നുംം വേര്‍തിരിക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രശ്‌നം നിങ്ങളുടെ സദാചാരബോധത്തിലാണ്. ആ വ്യത്യാസം മനസിലായില്ലെങ്കില്‍, കേരളം ന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാര ചെയ്യുകയും യഥാര്‍ത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates