

സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷമാണ് ചിത്രം തിയറ്റർ റിലീസിനെത്തുന്നത്. ഈ മാസം 16 നാണ് ചിത്രം തിയറ്ററുകളിലെത്തുക. റിമ കല്ലിങ്കലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രത്തിലെ ഒരു പോസ്റ്റർ നടിക്കെതിരെ ഒരുപാട് ട്രോളുകൾ ഉയരാൻ കാരണമായി.
മോളിവുഡിലെ തേയ്ക്കപ്പെട്ട സുന്ദരി എന്ന് പറഞ്ഞാണ് ട്രോളുകളിൽ അധികവും വന്നത്. ഇപ്പോഴിതാ തിയേറ്ററിലെ കഥാപാത്രത്തിനായി താൻ തെങ്ങ് കയറാൻ വരെ പഠിച്ചെന്ന് പറയുകയാണ് റിമ. ഇത്തരം ചാലഞ്ചിങ് ആയിട്ടുള്ള റോളുകൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും റിമ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു റിമ.
"ഈ സിനിമയിലെ കാരക്ടർ അങ്ങനെയാണ്. ആ ദ്വീപിലെ എല്ലാ ജോലികളും സ്വന്തമായി ചെയ്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയാണ്. പക്ഷേ അത് വല്ലാത്ത ടൈമിങ് ആയിപ്പോയി. തേയ്ക്കപ്പെട്ട സുന്ദരി ഇവിടെ ട്രെൻഡിങായ സമയമായിരുന്നു അത്. സിനിമക്കായി തെങ്ങു കയറ്റം ഒക്കെ പഠിച്ചു. അവിടെ ഒരു ചേട്ടനുണ്ടായിരുന്നു.
സിക്സ് പായ്ക്ക് ഒക്കെയുള്ള ഒരു ചേട്ടനാണ് തെങ്ങിൽ കയറാൻ പഠിപ്പിച്ചത്. മൂപ്പർക്ക് അത് വളരെ സിംപിളാണ്, മൂപ്പര് എല്ലാ ദിവസവും ചെയ്യുന്നതല്ലേ. കുറേ ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഞാൻ ചെയ്തത്. ഒരു തെങ്ങ് വളരെ ചെറുതായിരുന്നു, വേറൊരെണ്ണം ഭയങ്കര പൊക്കമുള്ളതായിരുന്നു. ആ തെങ്ങിൽ കയറാൻ റോപ്പ് ഒക്കെ ഉപയോഗിച്ചിരുന്നു. പക്ഷേ അതൊക്കെ ഭയങ്കര രസമായിരുന്നു.
എന്റെ പേരിന് സമാനമായി നല്ല ഒന്നാന്തരം 'മരംകേറി'യായി ഞാൻ അതിൽ അഭിനയിച്ചിട്ടുണ്ട്. ഭയങ്കര രസമായിരുന്നു, എനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ വളരെ ഇഷ്ടമാണ്. എനിക്ക് തരൂ, ഇതുപോലെ ചാലഞ്ചിങ് ആയിട്ടുള്ള എന്തെങ്കിലും തരൂ, എന്ത് വേണമെങ്കിലും ഞാൻ ചെയ്യാൻ തയ്യാറാണ്. എസ്കേപ്പ് ഫ്രം ഉഗാണ്ടയിൽ ഞാൻ പാമ്പിനെ കഴുത്തിലിടുന്ന ഒരു സീനൊക്കെ ഉണ്ടായിരുന്നു.
അപ്പോൾ അവരെന്നോട് ചോദിച്ചു, പാമ്പിനെ കഴുത്തിലിടുമോ? മലമ്പാമ്പിനെ കഴുത്തിലിടുമോ എന്ന് ചോദിച്ചു. ഞാൻ ഇടാം എന്ന് പറഞ്ഞു. മലമ്പാമ്പിന്റെ മണമുണ്ടല്ലോ...ദൂരെ നിന്ന് വരുമ്പോൾ തന്നെ നമുക്ക് ആ മണം സഹിക്കാൻ പറ്റില്ല. ആ ഷോട്ട് കഴിഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു, പേടിച്ചിട്ട്. പിന്നെ എന്നെ കെട്ടിത്തൂക്കിയിട്ട് വെള്ളത്തിൽ മുക്കി എടുത്തിട്ടുണ്ട്.
ഫ്ലൈറ്റിന് മുകളിലേക്ക് ചാടി കയറിയിട്ടുണ്ട്... ഇത്തരം സീനുകളൊക്കെ ചെയ്യാൻ എനിക്ക് വളരെയിഷ്ടമാണ്. എനിക്ക് മാത്രമല്ല, എല്ലാ നടിമാർക്കും ഇതൊക്കെ ചെയ്യാനിഷ്ടമാണ്. എന്തെങ്കിലും വ്യത്യസ്തമായിട്ടുള്ളത് കിട്ടാനായി അവർ കാത്തിരിക്കുകയാണ്.
ദിവ്യപ്രഭ, ദർശന, പാർവതി, കനി, അപർണ ബാലമുരളി ഇത്തരം ബ്രില്യന്റായിട്ടുള്ള സ്ത്രീകളെ നോക്കൂ. സൂരറൈ പോട്രിലെ കഥാപാത്രം പോലെ അപർണയുടെ മറ്റൊരു കഥാപാത്രത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അതുപോലെ ഉർവശി ചേച്ചി... എനിക്ക് ഇവരെയൊന്നും സ്ക്രീനിൽ കണ്ടിട്ട് മതിയാകുന്നില്ല". - റിമ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates