

ഓരോ ദിവസം ചെല്ലുന്തോറും മികച്ച അഭിപ്രായമാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ നിന്ന് നേടുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. ഋഷഭ് തന്നെയാണ് ചിത്രത്തിൽ ബെർമെ എന്ന പ്രധാന കഥാപാത്രമായി എത്തിയതും. 125 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 1000 കോടി കളക്ട് ചെയ്യുമെന്ന് ആരാധകരും ഇൻഡസ്ട്രി ട്രാക്കർമാരും റിലീസിന് മുൻപ് തന്നെ വിലയിരുത്തിയിരുന്നു.
ഋഷഭിനെ കൂടാതെ ചിത്രത്തിൽ നടൻ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, രാകേഷ് പൂജാരി എന്നിവരും പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ മേക്കിങ് തന്നെയാണ് സിനിമാ പ്രേക്ഷകരെ അമ്പരപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ദസറ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ചിത്രം ആഗോളതലത്തിൽ ചിത്രം 500 കോടി ക്രോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. 509.25 കോടിയാണ് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വിജയ് കിരഗണ്ടൂർ ആണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.
പാൻ ഇന്ത്യൻ റിലീസായാണ് കാന്താര തിയറ്ററുകളിലെത്തിയത്. 9-ാം ദിവസമായപ്പോൾ തന്നെ ഹിന്ദി പതിപ്പ് 100 കോടി കളക്ഷൻ നേടിയിരുന്നു. 60 കോടിയാണ് തെലുങ്ക് പതിപ്പ് ഇതിനോടകം നേടിയത്. മലയാളത്തിലും തമിഴിലും നിന്നുമായി 20 കോടിയും ചിത്രം കളക്ട് ചെയ്തു. അരവിന്ദ് കശ്യപ് ആണ് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്.
അജനീഷ് ലോകനാഥ് സംഗീതവുമൊരുക്കിയിരിക്കുന്നു. കാന്താരയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഋഷഭ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. അതേസമയം കാന്താര ചാപ്റ്റർ 2 വും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വർഷമെടുത്താണ് കാന്താര ചാപ്റ്റർ 1 ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates