

'കറുപ്പി'ലൂടെ നടൻ ഇന്ദ്രൻസിന് ഒരു ദേശീയ അവാർഡ് ലഭിച്ചാൽ തങ്ങൾക്ക് വളരെയധികം സന്തോഷമാകുമെന്ന് സംവിധായകൻ ആർ ജെ ബാലാജി. കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആര്‍ജെ ബാലാജി ഇക്കാര്യം പറഞ്ഞത്. "കറുപ്പില്‍ ഇന്ദ്രന്‍സ് സാറിനെ അഭിനയിക്കാനായി ലഭിച്ചത് അനുഗ്രഹമായാണ് കാണുന്നത്.
അവസാന സമയത്താണ് ഇന്ദ്രന്‍സ് സാര്‍ ചിത്രത്തിലേക്കെത്തുന്നത്. അദ്ദേഹം ഒരു ലെജന്‍ഡറി ആക്ടറാണ്. മാത്രമല്ല കറുപ്പിന് ഒരു സമ്മാനമായാണ് അദ്ദേഹത്തെ ലഭിച്ചത്. സൂര്യ സാർ ഈ സിനിമയ്ക്ക് ഓക്കെ പറഞ്ഞതിന് പിന്നാലെ ഒരേയൊരു ആർട്ടിസ്റ്റ് ഈ പടത്തിൽ വേണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.
ഒരുപാട് കഷ്ടപ്പെട്ട്, കുറേനാൾ കാത്തിരുന്ന് ദൈവം ഇന്നാ പിടിച്ചോ എന്ന് പറഞ്ഞ് ഞങ്ങൾക്ക് തന്നയാളാണ് ഇന്ദ്രൻസ് സാർ. അദ്ദേഹം ഒരു സമ്മാനമാണ്. മലയാള സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് മൊത്തമുള്ള സമ്മാനമാണ്. ഇന്ദ്രൻസ് സാറിന് ഇന്നിവിടെ വരാൻ കഴിഞ്ഞില്ല. പകരം അദ്ദേഹത്തിന്റെ മകൻ ഇവിടെയെത്തിയിട്ടുണ്ട്.
ഞങ്ങൾ വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണ് ഇന്ദ്രൻസ് സാറിനെ ഈ സിനിമയിലേക്ക് ലഭിച്ചതിൽ. ഈ പ്രായത്തിലും അദ്ദേഹം വളരെ വലിയ ആവേശമാണ് കാണിക്കുന്നത്. 45 വർഷമായി അതേ ആവേശത്തോടെയാണ് ഇന്ദ്രൻസ് സാർ ഇപ്പോഴും വർക്ക് ചെയ്യുന്നത്. എത്ര ടേക്ക് വേണമെങ്കിലും എടുക്കാൻ അദ്ദേഹം ഓക്കെയാണ്.
ആരോഗ്യം ശരിയല്ലെങ്കിൽ പോലും രാവിലെ ആറ് മണിമുതല്‍ പുലര്‍ച്ചെ 2 മണി വരെ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയിലൂടെ എനിക്ക് ലഭിച്ച ഒരു നല്ല ബന്ധമാണ് ഇന്ദ്രൻസ് സാർ. നന്ദി. നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതു തന്നെ വലിയൊരു ബഹുമതിയായി ഞാൻ കാണുന്നു.
ഇതിലെ പ്രകടനത്തിനായി അദ്ദേഹത്തിന് മറ്റൊരു ദേശീയ അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂ".- ആര്‍ജെ ബാലാജി പറഞ്ഞു. അതേസമയം സൂര്യ നായകനായെത്തുന്ന കറുപ്പ് മെയ് 14ന് റിലീസിനെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates