തിരുവനന്തപുരം: മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബീനയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമ്മ ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നുവെന്നും അസുഖത്തോട് ധീരമായി പോരാടിയാണ് അമ്മ മരണം വരിച്ചതെന്നും റോബിൻ കുറിച്ചു.
2026 മാർച്ച് 25നാണ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതെന്നും റോബിൻ പറയുന്നു. പിന്നീട് അങ്ങോട്ട് ആശുപത്രി സന്ദർശനവും ചികിത്സയും വേദനയും പ്രാർഥനകളുമായിരുന്നു ജീവിതമെന്ന് റോബിൻ പറയുന്നു.
"2026 മാർച്ച് 25നാണ് ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് സ്റ്റേജ് ഐവിബി എൻഡോമെട്രിയൽ കാർസിനോമ (ഗർഭാശയ കാൻസർ) സ്ഥിരീകരിച്ചത്. ആ ദിവസം മുതൽ ഞങ്ങളുടെ ജീവിതം ആശുപത്രികളിലേക്കുള്ള നിരന്തര യാത്രകളും ചികിത്സകളും വേദനയും അനിശ്ചിതത്വവും അവസാനമില്ലാത്ത പ്രാർഥനകളും നിറഞ്ഞ ഒന്നായി മാറി.
എന്നാൽ ഈ കഠിനമായ ഓരോ ഘട്ടത്തിലും അമ്മ അസാധാരണമായ മനക്കരുത്തും ധൈര്യവും ശാന്തതയും പ്രകടിപ്പിച്ചു. രോഗം ഒരിക്കലും തന്റെ ആത്മവിശ്വാസത്തെയോ സ്നേഹത്തെയോ തകർക്കാൻ അമ്മ അനുവദിച്ചില്ല. അമ്മയുടെ പോരാട്ടവീര്യം ചുറ്റുമുണ്ടായിരുന്ന എല്ലാവർക്കും പ്രചോദനമായിരുന്നു.
ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽപ്പോലും പ്രതീക്ഷയും സ്നേഹവും ആത്മാഭിമാനവും കൈവിടാതെയാണ് ഓരോ നിമിഷവും അമ്മ നേരിട്ടത്. ഭയമില്ലാത്തതാണ് ധൈര്യമെന്നല്ല ഭയത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നതാണ് യഥാർഥ ധൈര്യമെന്ന് അമ്മ തന്റെ ജീവിതത്തിലൂടെ ഞങ്ങളെ പഠിപ്പിച്ചു. അവിശ്വസനീയമായ ആ പോരാട്ടത്തിന് ശേഷം 2026 ജൂലൈ മൂന്നിന് പുലർച്ചെ ഒരു മണിക്ക് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു.
കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും അമ്മയുടെ മനക്കരുത്തിനെയോ സ്നേഹത്തെയോ അമ്മ ലോകത്തിന് സമ്മാനിച്ച പാരമ്പര്യത്തെയോ ഒരിക്കലും തോല്പ്പിക്കാൻ അതിന് കഴിഞ്ഞില്ല. നിരുപാധികമായ സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും നിസ്വാർഥ ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും.
അമ്മയുടെ ഓർമകൾ ഞങ്ങൾക്ക് എന്നും വഴികാട്ടിയായിരിക്കും. ആ സ്നേഹം ജീവിതാവസാനം വരെ ഞങ്ങളോടൊപ്പം നിലനിൽക്കും. പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണീരോടെ ആദരാഞ്ജലികൾ... അവസാന ശ്വാസംവരെ അമ്മ ധീരമായി പൊരുതി. എന്നും സ്നേഹിക്കപ്പെടുന്നവളായും എന്നും ഓർമിക്കപ്പെടുന്നവളായും ഞങ്ങളുടെ ഹൃദയങ്ങളിൽ അമ്മ അനശ്വരയായി തുടരും" എന്നും റോബിൻ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates