Sagar Surya: 'രാജു ചേട്ടൻ വളരെ പ്രൊഫഷണലാണ്; കുരുതിയിൽ അഭിനയിച്ചിട്ടു പോലും എനിക്ക് അവസരങ്ങൾ കുറവായിരുന്നു'

തുടക്കം മുതൽ തന്നെ അത് ഒരു വയലൻസ് സിനിമയാണെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
Prithviraj, Sagar Surya
പൃഥ്വിരാജ്, സാ​ഗർ സൂര്യ ഫെയ്സ്ബുക്ക്, എക്സ്പ്രസ്
Updated on
2 min read

'പണി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് സാ​ഗർ സൂര്യ. ചിത്രത്തിലെ ഡോൺ സെബാസ്റ്റ്യനായുള്ള സാ​ഗറിന്റെ പെർഫോമൻസ് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. പണി എന്ന ചിത്രത്തിന് മുൻപ് സാ​ഗറിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു കുരുതി. പൃഥ്വിരാജ് നിർമിച്ച ഈ ചിത്രമാണ് സാ​ഗറിന്റെ ആദ്യം റിലീസ് ചെയ്യുന്ന സിനിമ. എന്നാൽ കുരുതി പോലെ വലിയൊരു ചിത്രത്തിൽ അഭിനയിച്ചിട്ടു പോലും തനിക്ക് സിനിമയിൽ നിന്ന് നല്ല ഓഫറുകൾ ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സാ​ഗർ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു സാ​ഗർ.

"കുരുതിക്ക് ശേഷം എനിക്ക് സിനിമയിൽ നിന്ന് നല്ല ഓഫറുകൾ ഒന്നും വന്നില്ല. ഇത്രയും വലിയ ബാനറിൽ അഭിനയിച്ചിട്ടു കൂടി അവസരങ്ങൾ വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ചെറിയ വേഷങ്ങളും റിയാലിറ്റി ഷോയുമൊക്കെ ചെയ്യേണ്ടി വന്നു.- സാ​ഗർ പറഞ്ഞു. എന്റെ ആദ്യം റിലീസ് ചെയ്ത സിനിമ കുരുതിയായിരുന്നെങ്കിലും ആദ്യം അഭിനയിച്ച ചിത്രം ഉപചാരപൂർവം ​ഗുണ്ടാ ജയനാണ്.

കുരുതിയിലൂടെ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ഭാഗമാകാൻ കഴിഞ്ഞു. അതുപോലെ രാജു ചേട്ടൻ (പൃഥ്വിരാജ്), റോഷൻ മാത്യു, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ തുടങ്ങിയ മികച്ച നടന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു, അത് വളരെ അതിശയകരമായിരുന്നു. എനിക്ക് അതിൽ നല്ല സ്‌ക്രീൻ സ്‌പെയ്‌സ് ഉണ്ടായിരുന്നു. രാജു ചേട്ടൻ എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നു. ഓരോ സീനിൽ നിന്നും എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഒരു നിമിഷം പോലും അദ്ദേഹം വെറുതെയിരുന്നിട്ടില്ല.

അത്തരത്തിലുള്ള സമർപ്പണവും സിനിമയോടുള്ള പാഷനുമൊക്കെയാണ് ഇവരെയൊക്കെ ഇത്രയും വലിയ താരങ്ങളാക്കിയത്. ആ സെറ്റിലെ ഓരോ ആളുകളിൽ നിന്നും ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചു".- സാ​ഗർ വ്യക്തമാക്കി.

"രാജു ചേട്ടൻ വളരെ പ്രൊഫഷണലാണ്, ഡയലോ​ഗ് എങ്ങനെ പറയണം, അതുപോലെ കഥാപാത്രത്തിലേക്ക് എങ്ങനെ വരണം തുടങ്ങിയ കാര്യങ്ങളൊക്കെ അദ്ദേഹം കൃത്യമായി പറഞ്ഞു തരും. ഒരു സീൻ എവിടെ തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം നന്നായി പറഞ്ഞു തരും. അദ്ദേഹത്തിന്റെ മാർ​ഗനിർദേശങ്ങൾ‌ എനിക്ക് ഒരുപാട് വ്യക്തത നൽകിയിട്ടുണ്ട്. സെറ്റിൽ കൂടുതലും ഞങ്ങൾ പ്രൊഫഷണൽ കാര്യങ്ങളായിരുന്നു ചർച്ച ചെയ്തിരുന്നത്.

നമ്മുടെ ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ നമുക്ക് യഥാർഥത്തിൽ ഒരു മാറ്റമുണ്ടാക്കാൻ കഴിയൂ എന്ന് എനിക്ക് മനസിലായത് രാജു ചേട്ടന്റെ കൂടെ വർക്ക് ചെയ്തപ്പോഴാണ്. ജോജു ചേട്ടനൊപ്പം ജോലി ചെയ്തപ്പോഴും എനിക്കും ഇതേ തോന്നൽ ഉണ്ടായിരുന്നു. അതുകൊണ്ട് ആ ഒരു പാഠം ഞാൻ മനസിലേക്ക് എടുത്തു. ഇങ്ങനെ പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ കഴിയൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്".- സാ​ഗർ‌ പറഞ്ഞു.

യുവതലമുറയിൽ വയലൻസ് കൂടിവരികയാണ്. സിനിമ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിനും സാ​ഗർ മറുപടി പറഞ്ഞു. "മാർക്കോ പോലുള്ള ഒരു സിനിമ ഉദാഹരണമായി എടുക്കുകയാണെങ്കിൽ, തുടക്കം മുതൽ തന്നെ അത് ഒരു വയലൻസ് സിനിമയാണെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ട് അതുപോയി കണ്ടിട്ട് വയലൻസിനെക്കുറിച്ച് പരാതി പറയുന്നതിൽ അർഥമില്ല.

സിനിമയെ നമ്മൾ അത്രയധികം വിലയിരുത്തുകയോ കീറിമുറിക്കുകയോ ചെയ്യരുത്. അപ്പോൾ നമുക്ക് നല്ല സൃഷ്ടികൾ നിർമിക്കാൻ കഴിയില്ല. മാത്രമല്ല, ഒരാളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് മാതാപിതാക്കളും അധ്യാപകരും ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്". - സാ​ഗർ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com