

ബോക്‌സ് ഓഫീസില്‍ ചിരിയുടെ പൂരം തീര്‍ക്കുകയാണ് മോഹിനിയാട്ടം. സൈജു കുറുപ്പ് നായകനായ ചിത്രം ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം തിയേറ്ററില്‍ വിജയിച്ചിരുന്നില്ല. പക്ഷെ ഒടിടിയില്‍ കയ്യടി നേടി. ആദ്യ ഭാഗത്തിന് ലഭിക്കാതെ പോയ സ്‌നേഹത്തിന്റെ ഇരട്ടി നല്‍കിയാണ് മലയാളി മോഹിനിയാട്ടത്തെ സ്വീകരിച്ചത്.
മോഹിനിയാട്ടത്തിന്റെ റിലീസിന് പിന്നാലെ പ്രസ് മീറ്റില്‍ സംസാരിക്കവെ വിതുമ്പിപ്പോയ സൈജു കുറുപ്പിനെ കണ്ടിരുന്നു. അതിന് പിന്നിലെ കാരണം എന്താണെന്ന് പറയുകയാണ് സൈജു കുറുപ്പ്. തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകളാണ് സൈജു കുറുപ്പിന്റെ കണ്ണു നിറച്ചത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് ആ അനുഭവം പങ്കിട്ടത്. ആ വാക്കുകളിലേക്ക്:
''2007 ല്‍ ജൂബിലി എന്ന സിനിമ റിലീസ് ചെയ്യുന്ന സമയം. അന്ന് പ്രൊമോഷന്റെ ഭാഗമായി ബുക്ക്‌ലെറ്റുകള്‍ പ്രിന്റ് ചെയ്തിരുന്നു. ഞാനും ഇന്നസെന്റേട്ടനും ജഗതി ചേട്ടനും സലിം കുമാര്‍ ചേട്ടനുമൊക്കെയുണ്ടായിരുന്നു. ഞാന്‍ അത് അച്ഛന്റെ കയ്യില്‍ കൊടുത്തിട്ട് ആര്‍ക്കെങ്കിലും പണം കൊടുത്ത് ബസ് സ്റ്റോപ്പുകളിലും മറ്റും വിതരണം ചെയ്യാന്‍ പറഞ്ഞു.അങ്ങനെ അതിന്റെ വിതരണം ഒക്കെ കഴിഞ്ഞു. ഞാന്‍ വേറൊന്നും അറിഞ്ഞില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ഞാന്‍ അച്ഛനെക്കുറിച്ച് സംസാരിച്ച വിഡിയോയുടെ താഴെ ഒരു കമന്റ് കണ്ടു. ആ കമന്റ് അന്ന് ജൂബിലിയുടെ സമയത്ത് കോളേജില്‍ പഠിച്ചിരുന്നൊരു പയ്യന്റേതായിരുന്നു. ആ കമന്റിലൂടെയാണ് വേദനിപ്പിക്കുന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത്. അയാള്‍ അന്ന് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ ബുക്ക്‌ലെറ്റ് വിതരണം ചെയ്യുന്നത് കണ്ടുവെന്നായിരുന്നു കമന്റ്.
അച്ഛന്‍ നേരിട്ടാണ് പോയി വിതരണം ചെയ്തതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് ഞാന്‍ പറഞ്ഞിരുന്നത്. അച്ഛന്‍ ബുക്ക്‌ലെറ്റ് നല്‍കിയപ്പോള്‍ ഇദ്ദേഹം അച്ഛനോട് ചോദിച്ചുവത്രേ, ചേട്ടാ ചേട്ടന് വേറെ പണിയൊന്നുമില്ലേ? ഇവന്റെയൊക്കെ പടം കാണാന്‍ ആരെങ്കിലും തിയേറ്ററില്‍ പോകുമോ? അത് എന്റെ അച്ഛനാണെന്ന് അവന് അറിയില്ലായിരുന്നു. അച്ഛന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. സ്വാഭാവികമായും അച്ഛനത് വലിയ വിഷമമായിട്ടുണ്ടാകും. പക്ഷെ അച്ഛന്‍ എന്നോടും അമ്മയോടും ആരോടും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. അപ്പോള്‍ അടുത്തു നിന്നയാളാണ് അവനോട് അത് സൈജു കുറുപ്പിന്റെ അച്ഛന്‍ ആണെന്ന് പറയുന്നത്. അത് അദ്ദേഹത്തിന് വലിയ കുറ്റബോധമായി. എന്റെ അച്ഛന്‍ ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു എന്നായിരുന്നു കമന്റ്. ആ കമന്റ് വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
ഇതൊക്കെ മനസില്‍ കിടപ്പുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ 21 വര്‍ഷത്തെ എന്റെ പ്രാര്‍ത്ഥനയാണെന്ന് അമ്മ പറഞ്ഞു. പെട്ടെന്ന് ഞാന്‍ അച്ഛനെ ഓര്‍ത്തു. പ്രസ് മീറ്റിലിരിക്കുമ്പോള്‍ ഇത് വീണ്ടും മനസിലേക്ക് വന്നു. ഞാന്‍ എന്നെ തന്നെ നിയന്ത്രിക്കുകയായിരുന്നു. ബേബിയുടെ കയ്യില്‍ നിന്നും എന്റെയടുത്തേക്ക് മൈക്ക് വരുമ്പോഴേക്കും റിക്കവര്‍ ആകണമെന്നായിരുന്നു ചിന്ത.. പക്ഷെ ഇവര്‍ വേഗം സംസാരിച്ചു തീര്‍ന്നു. പെട്ടെന്ന് മൈക്ക് എന്റെ കയ്യിലേക്ക് വന്നു. സംസാരം തുടങ്ങിയപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയി. പിന്നെ ഒക്കെയായി. അത് കാണാന്‍ ഇനിയാരും ബാക്കിയില്ലെന്ന് തോന്നുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates