55ാം പിറന്നാൾ ദിനത്തിൽ കുറിപ്പുമായി നടൻ സലിംകുമാർ. ആരോഗ്യപ്രശ്നങ്ങളേയും ഗുരുതര രോഗങ്ങളേയും മറികടന്നുള്ള തന്റെ യാത്രയെക്കുറിച്ചാണ് താരം കുറിച്ചത്. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ എന്നാണ് അദ്ദേഹം കുറിച്ചത്. എത്ര കാലം തനിക്ക് ഇങ്ങനെ ഇങ്ങനെ തുഴയാൻ പറ്റുമെന്ന് അറിയില്ലെന്നും സലിം കുമാർ പറഞ്ഞു.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 'മുന്നിലും പിന്നിലുമായി കൊറേ വഞ്ചികളുണ്ട്ട്ടോ...ഒന്നില് ഞാനും ണ്ട്..ഒരു ഹായ് തന്നാൽ തുഴയാൻ ഒരു പ്രചോദനം കിട്ടുമായിരുന്നു.'-എന്നായിരുന്നു ഒരാളുടെ കമന്റ്. 'നൂറ്റാണ്ടുകൾ കടന്ന് ജീവിക്കാൻ താങ്കൾ നടത്തിയ അതിഗംഭീരമായ പരകായപ്രവേശം മാത്രം മതിയാകും. ഇനിയുമെത്രയെത്ര കഥാപാത്രങ്ങൾ ചെയ്യാനിരിക്കുന്നു'- എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. പിറന്നാൾ ആശംസകൾ അറിയിച്ചവർക്കെല്ലാം താരം മറുപടിയും നൽകുന്നുണ്ട്.
സലിം കുമാറിന്റെ കുറിപ്പ് വായിക്കാം
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്
.അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം
സ്നേഹപൂർവ്വം
നിങ്ങളുടെ സലിംകുമാർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates