

ബോളിവുഡ് നടി ശ്രദ്ധ കപൂറിനെ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചതായി വെളിപ്പെടുത്തി നടൻ സൽമാൻ ഖാൻ. ഇരുവരുടെയും പുതിയ ചിത്രങ്ങൾ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നതുമായി ബന്ധപ്പെട്ടാണ് സൽമാന്റെ ക്ഷമാപണം. തന്റെ പുതിയ ചിത്രമായ 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്', ശ്രദ്ധ കപൂർ നായികയാകുന്ന 'ഈഠ' എന്നീ ചിത്രങ്ങൾ ഡിസംബർ നാലിനാണ് റിലീസിനെത്തുന്നത്.
ഇരുചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുമെന്ന കാര്യം നേരത്തേ അറിഞ്ഞിരുന്നില്ലെന്നും അതിൽ വലിയ വിഷമമുണ്ടെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൽമാൻ ഖാൻ. 'മാതൃഭൂമി'യുടെ റിലീസ് തീയതി ഡിസംബർ നാലായി പ്രഖ്യാപിക്കുമ്പോൾ ശ്രദ്ധയുടെ ചിത്രവും അന്ന് തന്നെ തിയറ്ററുകളിലെത്തുമെന്ന് അറിയില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി.
നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ശ്രദ്ധയുടെ ചിത്രത്തിനൊപ്പം തന്റെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിക്കില്ലായിരുന്നെന്നും സൽമാൻ പറഞ്ഞു. റിലീസ് തീയതികൾ ഒരുമിച്ചായെന്ന് അറിഞ്ഞതോടെ ശ്രദ്ധയെ നേരിട്ട് വിളിക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ ശ്രദ്ധയെയും കുടുംബത്തെയും പരിചയമുണ്ടെന്നും അവർ വളർന്നുവരുന്നത് കണ്ടിട്ടുണ്ടെന്നും സൽമാൻ വക്തമാക്കി.
"ഞാൻ ശ്രദ്ധയെ ഫോണിൽ വിളിച്ചു. ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നില്ലെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. എന്നാൽ, ശ്രദ്ധയുടെ മറുപടി എന്നെ സന്തോഷിപ്പിച്ചു. സാർ, അങ്ങനെയൊന്നും പറയേണ്ട. നമ്മുടെ രണ്ടു സിനിമകൾക്കും തിയറ്ററുകളിൽ വേണ്ടത്ര ഇടമുണ്ടെന്നായിരുന്നു ശ്രദ്ധ പറഞ്ഞത്. അത് കേട്ടപ്പോൾ ഏറെ സന്തോഷമായി."- സൽമാൻ വ്യക്തമാക്കി.
സ്വന്തം സിനിമക്കൊപ്പം ശ്രദ്ധയുടെ ചിത്രത്തിനും പിന്തുണ നൽകണമെന്ന് സൽമാൻ പ്രേക്ഷകരോട് അഭ്യർഥിച്ചു. എല്ലാവരും 'ഈഠ' കാണണമെന്നും അദ്ദേഹം പറഞ്ഞു. ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ- ചൈന സൈനിക സംഘർഷത്തെ ആസ്പദമാക്കിയാണ് മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ലക്ഷ്മൺ ഉതേക്കർ സംവിധാനം ചെയ്യുന്ന 'ഈഠ' ഒരു ജീവചരിത്ര സിനിമയാണ്. മഹാരാഷ്ട്രയിലെ പ്രശസ്ത തമാശ- ലാവണി കലാകാരിയായ വിഠാബായ് ഭാവു മാങ് നാരായൺഗാവ്കറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates