'മഞ്ജു വാര്യര്‍ വളരെയധികം പണമുള്ള നടി ആയതുകൊണ്ടാണോ? ഞാന്‍ ഉറക്കെ പറയുന്നത് കളവും അവരുടെ കപട മൗനം പവിത്രവും'

ഞാനവർക്ക് അയച്ച ഒരു രജിസ്റ്റേർഡ് കത്ത് പുള്ള് പോസ്റ്റൊഫീസിൽ 15 ദിവസങ്ങൾ കഴിഞ്ഞിട്ടും ഡെലിവർ ചെയ്യപ്പെടാതെ കിടന്നു
മഞ്ജു വാര്യർ/ചിത്രം: ഫേയ്സ്ബുക്ക്
മഞ്ജു വാര്യർ/ചിത്രം: ഫേയ്സ്ബുക്ക്
Updated on
3 min read

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കള്ളക്കേസാണെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആവര്‍ത്തിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇക്കാര്യം വീണ്ടും വീണ്ടും പറഞ്ഞിട്ടും ആരും അന്വേഷിക്കാന്‍ പോലും മുതിരുന്നില്ലെന്ന് സനല്‍ കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മഞ്ജു വാര്യര്‍ വളരെയധികം പണമുള്ള നടി ആയതുകൊണ്ടാണോ അതോ ലോകോത്തര നിലവാരമുള്ള കലാകാരിയായതുകൊണ്ടാണോ, താന്‍ ഉറക്കെ പറയുന്നത് കളവും അവര്‍ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന നിലപാടാണ് മാധ്യമങ്ങള്‍ക്കെന്നും സനല്‍ പോസ്റ്റില്‍ പറയുന്നു.

കുറിപ്പ്;

കയറ്റം കണ്ടുകഴിഞ്ഞപ്പോൾ ധാരാളം പേർ നേരിലും ഫോണിലൂടെയും നല്ല അഭിപ്രായങ്ങൾ അറിയിച്ചു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് സിനിമ എടുക്കുന്നത് അവസാനിപ്പിക്കരുത് എന്നായിരുന്നു. എനിക്കെതിരെ ഉണ്ടായിട്ടുള്ള നിഴൽ യുദ്ധങ്ങളുടെ പാരമ്യത്തിൽ ഉണ്ടായ ഒരു കള്ളക്കേസിനെ തുടർന്നാണ് അതിന്റെ പിന്നിലുള്ള സത്യം പുറത്തുവരുന്നതുവരെ സിനിമയെടുക്കുന്നതിൽ നിന്നും മാറി നിൽക്കുന്നു എന്ന തീരുമാനം ഞാനെടുത്തത്. ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുള്ളത് സിനിമ ചെയുമ്പോൾ മാത്രമാണ് എന്നറിയാതെയല്ല ഞാൻ അങ്ങനെ ചെയ്തത്. എന്റെ നിരപരാധിത്വം അറിയാവുന്ന നിരവധി ആളുകളുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പലർ ചേർന്ന് കള്ളങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയിട്ടുള്ളതിനാൽ തെളിവുകളില്ല എന്ന അവസ്ഥയുണ്ട്. എനിക്കെതിരെയുള്ള പരാതി കളവും ചതിയുമാണെന്ന് വ്യക്തമായി അറിവുള്ള സ്ത്രീ ജീവിച്ചിരിപ്പുണ്ട്. ഇവിടെ കോടതിയും നീതിന്യായ സംവിധാനങ്ങളും അവശേഷിക്കുന്നുണ്ട്. എന്നിങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് എനിക്കെതിരെ കെട്ടിയുണ്ടാക്കിയിട്ടുള്ള കള്ളങ്ങൾ പൊലിയുന്ന ഒരു നാൾ വരും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞാൻ. അങ്ങനെയൊരു നാൾ വരും അതിനപ്പുറം ജീവിതമുണ്ടാവും സിനിമയുണ്ടാവും എന്നൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതീക്ഷകൾ നഷ്ടമായികൊണ്ടിരിക്കുന്നു. നീതിന്യായകോടതിയിലുള്ള വിശ്വാസം എനിക്ക് പൂർണമായി തകർന്നു. ഞാൻ കൊടുത്ത ഹർജി വായിച്ചുപോലും നോക്കാതെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് വലിച്ചെറിഞ്ഞു. ഇനിയെന്ത് എന്ന് ചോദിക്കുമ്പോൾ വക്കീലന്മാർ കൈമലർത്തുന്നു. ജഡ്ജിമാർക്ക് വേണ്ടി കൈകൂലി വാങ്ങുന്ന ആളുകൾ ഹൈക്കോടതിയുടെ മതിൽക്കെട്ടിനുള്ളിൽ തന്നെയുണ്ട് എന്ന് വായിക്കുമ്പോൾ എനിക്കൊക്കെ എന്ത് പ്രതീക്ഷയാണ് പുലർത്താൻ കഴിയുക! പണം കൊടുത്ത് വിധി വാങ്ങാനുള്ള പണവും മനസും എനിക്കില്ല.

എനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അതിനു പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒരു മാധ്യമപ്രവർത്തകരോ മാധ്യമങ്ങളോ അതിന്റെ സത്യാവസ്ഥ എന്താണ് എന്നന്വേഷിക്കാൻ പോലും മുതിരുന്നില്ല. ഒരു പത്ര സമ്മേളനം നടത്തി കാര്യങ്ങൾ പറയാൻ സുഹൃത്തുക്കൾ പറയുന്നു. ഞാൻസോഷ്യൽ മീഡിയയിൽ പബ്ലിക് ആയി പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നു എന്നെനിക്കറിയാം. ഇക്കാര്യം മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു എന്നറിയില്ല. Manju Warrier വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ അതോ ലോകോത്തര നിലവാരമുള്ള കലാകാരിയായത് കൊണ്ടാണോ എന്നറിയില്ല, ഞാൻ ഉറക്കെ പറയുന്നത് കളവും അവർ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന് മാധ്യമങ്ങളും മാധ്യമങ്ങളിലെ സുഹൃത്തുക്കളും കരുതുന്നു. പലതവണ ഞാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യം പത്രസമ്മേളനം നടത്തി പറയുന്നത് എന്തിന് എന്ന് കരുതി അത് വേണ്ടതില്ല എന്ന് വെച്ചു.

എനിക്കെതിരെയുള്ള കള്ളക്കേസിൽ ഏത് സാഹചര്യത്തിലാണ് മഞ്ജു വാര്യർ ഒപ്പ് വെച്ചിട്ടുള്ളത് എന്നറിയാത്തത് കൊണ്ട് ആ ചതിയിൽ അവർ പങ്കാളിയാണോ എന്നെനിക്കറിയില്ല. സത്യസന്ധമായി അന്വേഷിച്ചാൽ വാദി പ്രതിയാകുന്ന ആ കേസ് കാരണം എനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഒരു മാനനഷ്ടക്കേസ് കൊടുക്കാനും ഉപദേശം ലഭിച്ചു എങ്കിലും ആ സ്ത്രീക്ക് അതിൽ പങ്കുണ്ട് എന്ന് വിശ്വസിക്കാൻ എനിക്ക് ഇനിയും കഴിയാത്തത് കൊണ്ടും ഏത് തരം പ്രതിസന്ധിയിലാണ് അവർക്ക് ആ കള്ളപ്പരാതിയിൽ ഒപ്പുവെയ്‌ക്കേണ്ടി വന്നത് എന്ന ആശങ്കകൊണ്ടും ഞാനത് ചെയ്തില്ല. പകരം ഞാൻ അവരുടെ അമ്മയെ ബന്ധപ്പെടാൻ ചില വിഫല ശ്രമങ്ങൾ നടത്തി. ഞാനവർക്ക് അയച്ച ഒരു രജിസ്റ്റേർഡ് കത്ത് പുള്ള് പോസ്റ്റൊഫീസിൽ 15 ദിവസങ്ങൾ കഴിഞ്ഞിട്ടും ഡെലിവർ ചെയ്യപ്പെടാതെ കിടന്നു. ഞാൻ പരാതി കൊടുത്തപ്പോൾ അത് ഡെലിവർ ചെയ്തു എന്ന് കണ്ടു. അതിന് മറുപടി കിട്ടിയിട്ടില്ല. (അവരുടെ അഡ്രസിലേക്ക് അയക്കുന്ന കത്തുകൾ ഡെലിവർ ചെയ്യുന്നതിൽ ക്രമക്കേടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ട് ഞാൻ മറ്റൊരു കത്തും അയച്ചു. അതും അതെ രീതിയിൽ ഡെലിവർ ചെയ്യാതെ കിടന്നു. അത് എന്തായി എന്ന് ഞാൻ പിന്നീട് തിരക്കിയില്ല)എനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്നും അതിൽ ഇടപെട്ട് എന്നെ ഈ കുരുക്കിൽ നിന്ന് കെട്ടഴിച്ചുവിടണം എന്നുമായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. മറുപടി ഇല്ലാത്തതോടെ അവരും നിസ്സഹായ ആണ് എന്നെനിക്ക് മനസിലായി.

കേരളത്തിലെ കലാകാരന്മാരുടെയോ സാംസ്കാരികപ്രവർത്തകരുടെയോ ഒന്നും കൂട്ടുകെട്ടുകൾക്കകത്തോ രാഷ്ട്രീയ ചേരികൾക്കകത്തോ ഒന്നും ഞാനില്ലാത്തതുകൊണ്ട് എൻറെ പ്രശ്നം ഒരു സാംസ്കാരിക പ്രശ്നമാവുകയില്ല. ഞാൻ ബോക്സോഫീസ് ഹിറ്റുകൾ ഉണ്ടാക്കുന്ന സംവിധായകൻ അല്ലാത്തത് കൊണ്ട് ഇവിടുത്തെ സിനിമപ്രവർത്തകർക്കും എന്നെ അറിയില്ല എന്ന് കരുതാനാവും ഇഷ്ടം. വളരെ പരിതാപകരമായ ഒരു സാമൂഹികവസ്ഥയിൽ ജീവിക്കേണ്ടി വരുന്നു എന്നതാണ് കഷ്ടം. സത്യം പുറത്തു വരും എന്ന പ്രതീക്ഷകൾ എന്തായാലും നാൾക്കുനാൾ ദുർബലമായി കൊണ്ടിരിക്കുന്നു.

എന്ത് ചെയ്യാനാണ് ജീവിക്കുന്നത് എന്ന ചോദ്യം വളരെ ആഴത്തിൽ മുറിവേല്പിച്ചു തുടങ്ങുന്നു. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച സിനിമ കയറ്റമാണെന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ആ വേദന സത്യത്തിൽ പതിൻമടങ്ങ് വർദ്ധിക്കുകയാണ് ചെയ്യുന്നത് . പുറത്തിറങ്ങാൻ അനുവദിക്കില്ല എന്ന കടുംപൂട്ട് പൊളിച്ച് ഇന്നലെ ആ സിനിമ കുറച്ചുപേരെ കാണിച്ചപ്പോൾ സന്തോഷം തോന്നിയിരുന്നു. പക്ഷെ സിനിമയ്ക്ക് കിട്ടിയ നല്ല പ്രതികരണങ്ങൾ എന്നെ കൂടുതൽ വേദനയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. വേണ്ടായിരുന്നു എന്ന് തോന്നി. ഒരുപക്ഷെ സിനിമ മോശമാണ് എന്നായിരുന്നു കേട്ടിരുന്നതെങ്കിലും ഇത്ര വേദനിക്കില്ലായിരുന്നു എന്ന് തോന്നുന്നു.

എന്റെ നിരപരാധിത്വം പുറത്തുവരുന്നതുവരെ സിനിമ ചെയ്യില്ല എന്ന തീരുമാനം താത്കാലികമായിരുന്നു. സത്യം പുറത്തു വരുന്നതുവരെ അല്ലെങ്കിൽ അതിനുമുൻപ് സംഭവിച്ചേക്കാവുന്ന എന്റെ മരണം വരെ മാത്രം നീളുന്ന ഒന്ന്. ഇപ്പോൾ പക്ഷെ ഇനി സിനിമതന്നെ ചെയ്യുന്നില്ല എന്ന് തീരുമാനിക്കൂ തീരുമാനിക്കൂ എന്നൊരുൾകുത്ത് എന്നെ മഥിക്കുന്നു. സിനിമ ചെയ്യുകയാണെങ്കിൽ തന്നെ ചതിയുടെയും ചങ്ങലകളുടെയും കാപട്യങ്ങളുടെയും അനുഭവങ്ങൾ മാത്രമേ എനിക്ക് ആവിഷ്കരിക്കാൻ ഉള്ളു. അതിനു വേണ്ടി സിനിമ ചെയ്യണോ എന്നത് വളരെ കാതലായ ചോദ്യമാണ്. പക്ഷെ സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം ആത്മഹത്യ ചെയ്യൂ എന്ന് പറയുന്നതുപോലെ അപകടകരമായതിനാൽ കാതുപോത്തി ഞാനതിൽ നിന്ന് ഒളിച്ചോടുകയാണ്. പക്ഷെ അതെന്നെ ഭയപ്പെടുത്തുന്ന വിധം പിന്തുടരുകയും ചെയ്യുന്നു. എത്രദൂരം ഈ ഓട്ടം തുടരും എന്നതാണ് ഇപ്പോഴത്തെ കൗതുകം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com