'തുടരും എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്, മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു'; ആരോപണവുമായി സനൽ കുമാർ ശശിധരൻ

അതോടൊപ്പം തന്റെ തിരക്കഥ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സനൽ കുമാർ പറയുന്നു.
Sanal Kumar Sasidharan
സനൽ കുമാർ ശശിധരൻ (Sanal Kumar Sasidharan)ഫെയ്സ്ബുക്ക്
Updated on
1 min read

അടുത്ത കാലത്ത് പുറത്തിറങ്ങിയതിൽ തിയറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഒടിടിയിലും സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ തുടരും സിനിമയ്ക്കെതിരെ ​ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ (Sanal Kumar Sasidharan).

തന്റെ തീയാട്ടം എന്ന സിനിമ മോഷ്ടിച്ച് ഉണ്ടാക്കിയിരിക്കുന്നതാണ് തുടരും എന്ന് സനൽ കുമാർ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സനൽ കുമാർ ശശിധരൻ സിനിമയ്ക്കെതിരെ ​ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. “കൊന്നാൽ പാപം തിന്നാൽ തീരും” എന്ന തന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും തുടരുമിൽ പറയുന്നുണ്ട്.

തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്നും സനൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. അതോടൊപ്പം തന്റെ തിരക്കഥ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സനൽ കുമാർ പറയുന്നു.

സനൽ കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.

“കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

മോഹൻലാലിനൊപ്പം ശോഭന, പ്രകാശ് വർമ, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കെ ആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. തൊടരും എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com