നസ്‌ലെന്‍ നല്ല സുഹൃത്ത്, താരതമ്യം അനാവശ്യം; ഷറഫുക്കയായതിലും ബുദ്ധിമുട്ടിയത് ജിതിന്‍ ആകാന്‍; സന്ദീപ് പ്രദീപ് അഭിമുഖം
മലയാള സിനിമയ്ക്ക് പുതിയൊരു നായകനെക്കൂടി ലഭിച്ചിരിക്കുന്നു. നായകന്റെ പിന്നിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളില്‍ നിന്നും നായകസ്ഥാനത്തേക്ക് കയറി നില്‍ക്കുകയാണ് സന്ദീപ് പ്രദീപ് (Sandeep Pradeep). ഫാലിമിയിലും ആലപ്പുഴ ജിംഖാനയിലുമെല്ലാം നല്ല നടനെന്ന് തോന്നിപ്പിച്ച സന്ദീപ് പടക്കളത്തിലൂടെയാണ് നായകനാകുന്നത്. നായകനായുള്ള ആദ്യ സിനിമ സന്ദീപ് ഒട്ടും മോശമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയ സന്ദീപിലെ 'ഹീറോ മെറ്റീരിയല്‍' അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. തിയറ്റര്‍ റിലീസില്‍ തന്നെ അംഗീകരിക്കപ്പെട്ട പടക്കളം ഒടിടിയിലേക്ക് എത്തിയതോടെ കൂടുതല്‍ സ്വീകാര്യത നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെങ്ങും സന്ദീപാണ് താരം. തന്റെ സിനിമ യാത്രയെക്കുറിച്ചും പടക്കളത്തിന്റെ വിജയത്തെക്കുറിച്ചുമൊക്കെ സമകാലിക മലയാളത്തോട് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്.
പടക്കളം ഒടിടിയിലും കയ്യടികള്‍ നേടുകയാണല്ലോ?
എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. തിയറ്റര്‍ റിലീസില്‍ തന്നെ നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. അത് കഴിഞ്ഞ് ഒടിടിയിലേക്ക് വരുമ്പോള്‍ ഇത്രയും ചര്‍ച്ചയാകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നുണ്ട്.
ഹീറോ മെറ്റീരിയല്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ഹീറോ മെറ്റീരിയല്‍ എന്ന് വിളിക്കുന്നതില്‍ സന്തോഷമുണ്ട്. പുതുമുഖം എന്ന നിലയില്‍ ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരുപാട് പേടികളുണ്ടാകും. ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്ന ചിന്തയുണ്ടാകും. അറിയപ്പെടുന്നൊരു താരമാണ് ഈ വേഷം ചെയ്യുന്നതെങ്കില്‍ വര്‍ക്കൗട്ടാകാന്‍ കുറേക്കൂടി എളുപ്പമാണ്. പക്ഷെ പുതിയ ആളാകുമ്പോള്‍ എത്രത്തോളും സ്വീകരിക്കപ്പെടും എന്നതില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷെ എല്ലാവരും സ്വീകരിച്ചുവെന്നതില്‍ സന്തോഷമുണ്ട്. അതൊരു ഭാഗ്യമാണ്.
വ്യത്യസ്തമായ രീതികളുള്ള രണ്ട് കഥാപാത്രങ്ങള്‍ ഒരേ സമയം ചെയ്യേണ്ടി വരുമ്പോഴുണ്ടായിരുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
കുറേക്കൂടി ഫ്‌ളോയില്‍ ചെയ്യാന്‍ സാധിച്ചത് രഞ്ജിത് ആയി മാറിയ ശേഷമുള്ള രംഗങ്ങളാണ്. ജിതിന്‍ ആയിട്ടുള്ള ആദ്യ പകുതിയിലെ രംഗങ്ങളായിരുന്നു ബുദ്ധിമുട്ട്. എത്രത്തോളം രണ്ടിനുമിടയിലെ കോണ്‍ട്രാസ്റ്റ് കൊണ്ടു വരാം എന്നാണ് ചിന്തിച്ചത്. രഞ്ജിത് ആയി മാറിയ ശേഷമുള്ള ഭാഗങ്ങള്‍ എടുത്ത് കാണിക്കപ്പെടണമെങ്കില്‍ ജിതിന്‍ അത്രയും കോണ്‍ട്രാസ്റ്റുള്ളതായിരിക്കണം. എന്റെ ഷൂട്ട് ആരംഭിക്കുമ്പോള്‍ തന്നെ ഷറഫുക്കയുടെ കുറേ ഭാഗങ്ങള്‍ എടുത്തു തീര്‍ന്നിരുന്നു. അതു കണ്ടതോടെ രഞ്ജിത് എങ്ങനെയാകും എന്ന് ഏകദേശമൊരു ധാരണ ലഭിച്ചിരുന്നു. അതില്‍ നിന്നും കുറച്ച് അഡാപ്റ്റ് ചെയ്തു. തിരക്കഥയില്‍ കഥാപാത്രത്തിന്റെ സത്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷറഫുക്ക വരുന്നതോടെയാണ് രഞ്ജിത് എന്ന കഥാപാത്രത്തിന്റെ ലേയൗട്ടും സ്ട്രക്ചറുമുണ്ടാകുന്നത്. എനിക്ക് അതില്‍ നിന്നും അഡാപ്റ്റ് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ ജിതിന്‍ എന്ന കഥാപാത്രം സ്വയം ചെയ്യുന്നതായതിനാല്‍ തുടക്കം മുതലേ വ്യത്യസ്തമായിരിക്കണം. അതിലാണ് കൂടുതല്‍ വര്‍ക്ക് ചെയ്തത്.
അനുകരണമാകാതെ തന്നെ മറ്റൊരാളായി മാറുകയെന്നത് പ്രയാസമായിരുന്നുവോ?
പൊതുവെ അഭിനേതാക്കള്‍ തമ്മില്‍ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയുണ്ടാക്കിയെടുക്കാനാണ് മിക്ക സിനിമകളിലും ശ്രമിക്കുക. ടേക്കിന്റെ സമയത്തെ ഗിവ് ആന്റ് ടേക്കിലൊക്കെയാകും ആ സിനിമ ഇരിക്കുന്നത്. പക്ഷെ ഞങ്ങളുടെ കാര്യത്തില്‍ ടേക്കിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ എത്രത്തോളം കമ്യൂണിക്കേഷന്‍ നടക്കുന്നുവെന്നതിലായിരുന്നു കാര്യം. കഥാപാത്രങ്ങളുടെ റിയാക്ഷനുകളെക്കുറിച്ചടക്കം പരസ്പരം നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിച്ചതിനാലാണ് വര്‍ക്കായത്. ജിതിന്‍ ആയിരുന്നുവെങ്കില്‍ ഈ ഡയലോഗ് എങ്ങനെയാകും പറയുക എന്ന് സുരാജേട്ടന്‍ ചോദിക്കും. അങ്ങനെ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും.
എനിക്ക് കുറേക്കൂടി ചലഞ്ചിംഗ് ആയിരുന്നു. കാരണം എനിക്ക് ഷറഫുക്കയുമായി കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. കൂടുതലും സുരാജേട്ടനുമായിട്ടാണ്. അതിനാല്‍ ഷറഫുക്ക സെറ്റില്‍ എപ്പോഴും ഉണ്ടാകില്ല. അതുകാരണം കമ്യൂണിക്കേറ്റ് ചെയ്യാനുള്ള സാധ്യത കുറവായിരുന്നു. അദ്ദേഹം അഭിനയിച്ചു വച്ചിരുന്ന രംഗങ്ങളൊക്കെ വീണ്ടും വീണ്ടും കണ്ടു. അങ്ങനെയാണ് ആ ചിരിയൊക്കെ പിടിക്കുന്നതും എന്റേതായ രീതിയിലേക്ക് കൊണ്ടു വരുന്നതും. മിമിക്കിംഗ് ആകാതെ തന്നെ അഡാപ്റ്റ് ചെയ്ത് സ്വന്തം രീതിയില്‍ പ്രസന്റ് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.
സുരാജ് വെഞ്ഞാറമൂടിനെപ്പോലൊരു നടനൊപ്പമുള്ള അഭിനയം എന്തൊക്കെ പാഠങ്ങളാണ് നല്‍കിയത്?
മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ളവരുടെ കൂടെ അഭിനയിച്ച് തഴമ്പ് വന്ന നടനാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് അറിയാം ഒരു പുതുമുഖം വരുമ്പോള്‍ എങ്ങനെയാണ് അവരെ കംഫര്‍ട്ടബിള്‍ ആക്കേണ്ടത് എന്ന്. എങ്ങനെ ഡയലോഗുകള്‍ പറയണമെന്നും മറ്റും എന്നോട് അദ്ദേഹം സംസാരിക്കുമായിരുന്നു. താനൊരു വലിയ നടനാണെന്ന വ്യത്യാസമൊന്നും കാണിക്കില്ല. ആ കമ്യൂണിക്കേഷനാണ് അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഏറ്റവും പോസിറ്റീവായ കാര്യം. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരു പുതുമുഖത്തിനായി സ്‌പേസ് നല്‍കുകയും കഥാപാത്രം നന്നാക്കാന്‍ എഫേര്‍ട്ട് ഇടുകയും ചെയ്യുന്നത് കാണുമ്പോള്‍ പ്രചോദനം തോന്നാറുണ്ട്.
സിനിമയുടെ കഥ പറച്ചിലില്‍ മൂവരുടേയും കഥാപാത്രങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തില്‍ പോലും ബ്രില്യന്‍സുണ്ടല്ലോ?
തിരക്കഥ എഴുതുന്ന സമയത്ത് തന്നെ മൂന്ന് കഥാപാത്രങ്ങളുടേയും വസ്ത്രങ്ങളുടെ നിറം എന്തായിരിക്കണമെന്നതില്‍ മനുവിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്രേക്ഷകരുടെ സൈക്കോളജിയിലാണ് അത് വര്‍ക്കാവുക. ആദ്യ പകുതി നമ്മള്‍ രഞ്ജിത്തിനെ കാണുന്നത് പച്ചയിലാണ്. സ്വാഭാവികമായും ആള് മാറുമ്പോള്‍ നമ്മുടെ മനസില്‍ രഞ്ജിത്ത് എന്ന ആളുടെ സ്വഭാവത്തിന്റെ ഭാഗമായി ആ പച്ചയുണ്ടാകും. അതിനാല്‍ ഞാന്‍ പച്ചയിടുമ്പോള്‍ കുറേക്കൂടി വിശ്വസനീയമാകും. പ്രേക്ഷകരുടെ ഉപബോധ മനസില്‍ രഞ്ജിത് ആണെന്ന് തോന്നിപ്പിക്കാന്‍ അതിന് സാധിക്കും. അങ്ങനൊരു ഉദ്ദേശം തിരക്കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ഉണ്ടായിരുന്നു.
അടിസ്ഥാന വര്‍ണങ്ങളാണ് ചുവപ്പും പച്ചയും നീലയും. ഫ്രീക്വന്‍സി കൂടുതലുള്ള, വൈബ്രന്റായ കളറാണ് ചുവപ്പ്. ബാക്കിയെല്ലാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കുന്ന ജിതിനെയാണ് നമ്മള്‍ സിനിമയില്‍ കാണുന്നത്. പച്ച എല്ലായിടത്തുമുണ്ട്. പക്ഷെ സട്ടിലായൊരു ഡാര്‍ക്‌നെസ് അതിനുണ്ട്. കാടിന്റെ നിഗൂഢതയുണ്ടെങ്കിലും മറ്റ് പലതായി മാറാനും പച്ചയ്ക്ക് സാധിക്കും. രഞ്ജിത്തും അങ്ങനെ തന്നെയാണ്. ഒരേ സമയം ഫണ്ണുമുണ്ട് നിഗൂഢതയുമുണ്ട്, എല്ലായിടത്തമുണ്ട്. ഷാജി നീലയാണ്. നീല ആകാശമാണ്. എല്ലായിടത്തുമുണ്ട്. പക്ഷെ മതിയായ അറ്റന്‍ഷന്‍ കിട്ടുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് എന്റെ മാത്രം ഡീകോഡിംഗ് ആണ്. സോഷ്യല്‍ മീഡിയയിലെ ഹിഡണ്‍ ഡീറ്റെയ്‌ലിംഗ് വീഡിയോകള്‍ കാണുമ്പോള്‍ ഇത് ഇങ്ങനെയും വ്യഖ്യാനിക്കാമല്ലേ എന്ന് തോന്നാറുണ്ട്.
ബാക്ക്ഗ്രൗണ്ടില്‍ നിന്നും നായകനിലേക്കുള്ള യാത്രയ്ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ടായിരുന്നുവോ?
തുടക്കം മുതലേ നായകന്‍ ആകണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ ഉള്ള ആഗ്രഹമാണ്. എപ്പോള്‍ അതിലേക്ക് എത്തുമെന്നേ ഉണ്ടായിരുന്നുള്ളൂ. അതിനായി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അതിത്ര വേഗത്തില്‍ സംഭവിക്കുമെന്ന് കരുതിയില്ല. അതിനിത്ര സ്വീകാര്യത കിട്ടുവെന്നത് ഭാഗ്യമാണ്. കൃത്യമായ സമയത്ത് നല്ല തിരക്കഥ കിട്ടുകയും അത് വിചാരിച്ചത് പോലെ സ്വീകരിക്കപ്പെടുകയും ചെയ്യുന്നത് ഒത്ത് വരേണ്ട ഒന്നാണ്. നമ്മുടെ കഠിനാധ്വാനവും ഭാഗ്യവും ഒത്തു വരണം.
മലയാള സിനിമ യുവതലമുറയെ അവതരിപ്പിക്കുന്നതില്‍ മാറ്റം വന്നിട്ടുണ്ടോ?
നമ്മുടെ സിനിമകളില്‍ 'നായകന്‍ കാഴ്ചപ്പാടുകള്‍' ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. മിക്കപ്പോഴും 28 വയസിന് മുകളില്‍ പ്രായമുണ്ടാകണം. അങ്ങനെ വരുമ്പോള്‍ പക്വതയുള്ള, മുതിര്‍ന്ന കഥാപാത്രങ്ങളാകും നായകന്മാരാവുക. പക്ഷെ അതിന് താഴെയും വയസുകളുണ്ട്. അവര്‍ക്കും പറയാന്‍ കഥകളുണ്ടാകും. പണ്ട് അതിനെ കുട്ടികളുടെ സിനിമ എന്നായിരുന്നു കണ്ടിരുന്നത്. പക്ഷെ ഇന്ന് ടീനേജ് ഡ്രാമ എന്ന വലിയൊരു വാതില്‍ തുറക്കപ്പെട്ടിട്ടുണ്ട്. നമുക്ക് ടീനേജ് ഹീറോസുണ്ട്. 20-25 വയസുള്ള നായകന്മാരുണ്ട്. ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന അഭിനേതാക്കളുണ്ട്. അവരുടെ കഥകള്‍ സിനിമകളാക്കപ്പെടുന്നുണ്ട്. അത് അടുത്തിടെ വന്ന വലിയൊരു മാറ്റമാണ്. ജിംഖാനയും പടക്കളവുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അതിനാല്‍ പുതിയ കഥകളും പറയാന്‍ സാധിക്കുന്നുണ്ട്. പടക്കളം പോലൊരു സിനിമ ഈ പ്രായത്തിലുള്ള അഭിനേതാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ സാധ്യമാകുമായിരുന്നില്ല.
സുഹൃത്തു കൂടിയായ നസ്‌ലെനുമായുള്ള താരതമ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവോ?
തീര്‍ച്ചയായും അതെല്ലാം കാണുന്നുണ്ട്. നസ്‌ലെന്‍ വലിയ താരമാണ്. നേരത്തെ പറഞ്ഞ യങ് സെന്‍ട്രിക് സിനിമകളിലെ താരം. സ്വാഭാവികമായി ആ സെ്കടറിലേക്ക് ഒരാള്‍ വരുമ്പോള്‍, ഞാനെല്ല മറ്റാരാണെങ്കിലും, താരതമ്യം ചെയ്യലുണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ല. ഞങ്ങള്‍ക്കിടയില്‍ അങ്ങനൊരു താരതമ്യം ചെയ്യലിന്റെ ആവശ്യമേയില്ല. ഞാനും നസ്‌ലെനും നല്ല സുഹൃത്തുക്കളാണ്. ഒരു വര്‍ഷത്തോളം ഒരുമിച്ചുണ്ടായിരുന്നവരാണ്. ഞങ്ങളത് തമാശയായിട്ടേ കണ്ടിട്ടുള്ളൂ. അതേസമയം ആരോഗ്യപരമായ മത്സരം നല്ലതാണ്. അവനും എനിക്കും നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനാകും. ഞങ്ങളുടെ മാത്രം കാര്യമല്ലത്. കുറേ തരത്തിലുള്ള അഭിനേതാക്കള്‍ വരണം. അവര്‍ക്കെല്ലാമുള്ള സ്‌പേസ് ഇവിടെയുണ്ട്. കുറേ പേര്‍ വരുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായ കഥകള്‍ പറയാന്‍ സാധിക്കുക.
എത്തരത്തിലുള്ളൊരു നായകനാകാനാണ് ആഗ്രഹം?
ഇപ്പോഴത്തെ എന്റെ സ്‌റ്റേജില്‍ സിനിമയില്‍ നിലനില്‍ക്കുക എന്നതിനാണ് പ്രാധാന്യം. സിനിമയിലേക്ക് വന്നു, ഇങ്ങനൊരു ബ്രേക്ക് കിട്ടി. അത് നിലനിര്‍ത്തിക്കൊണ്ടു പോകാനാകണം. നല്ല തിരക്കഥയുടേയും സിനിമകളുടേയും ഭാഗമാകാനാകും ശ്രമം. നല്ലൊരു സ്‌റ്റോറി ടെല്ലറാവുക. നല്ല കഥപറച്ചിലുകളുടെ ഭാഗമാവുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം.
പുതിയ സിനിമകള്‍
കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്റെ പുതിയ സിനിമയില്‍ നായകനാണ്. നായകനായുള്ള സിനിമകളാണ് ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതില്‍ കൂടുതലും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

