'എന്റെ കയ്യും കാലും കാണുന്നതാണ് പ്രശ്നം, ഇവരൊന്നും ഒരിക്കലും മാറില്ലെന്ന് മനസിലായി'; സാനിയ അയ്യപ്പൻ
യുവതാരനിരയിൽ ഏറ്റവും ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ഫാഷനും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. എന്നാൽ അതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണത്തിനും സാനിയ ഇരയാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് വേഷങ്ങളാണ് പലരേയും ചൊടിപ്പിക്കുന്നത്. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
എഫ്ഡബ്യൂഡി മാഗസിൻ കവർ ഗേളായി എത്തിയാണ് താരം സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകുന്നത്. കവർ ലോഞ്ച് വേളയിൽ തനിക്കു നേരിടേണ്ടി വന്ന സൈബർ ആബ്യൂസിനെക്കുറിച്ച് താരം തുറന്നു പറഞ്ഞു. തന്റെ കയ്യും കാലും കാണുന്നത് പലർക്കും ബുദ്ധിമുട്ടായിരുന്നുവെന്നും മോശം മെസേജുകൾ ലഭിച്ചിരുന്നു എന്നുമാണ് സാനിയ പറയുന്നത്. ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് തനിക്കു മനസിലായെന്നും താരം പറഞ്ഞു.
"എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീൻ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല" - സാനിയ പറഞ്ഞു.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സാനിയ ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലും ശക്തമായ വേഷത്തിലെത്തി. കൃഷ്ണൻകുട്ടി പണിതുടങ്ങി, പ്രേതം 2, ദി പ്രീസ്റ്റ് തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
