

സിനിമാ ജീവിതം പോലെ തന്നെ സഞ്ജയ് ദത്തിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാക്കഥകളേക്കാള്‍ സംഭവബഹുലവും നാടകീയവുമാണ് സഞ്ജയ് ദത്തിന്റെ വ്യക്തി ജീവിതം. പ്രണയ ബന്ധങ്ങളും മയക്കുമരുന്നുപയോഗവും അധോലോക ബന്ധവുമെല്ലാം നിറഞ്ഞൊരു മാസ് മസാല തിരക്കഥ. സഞ്ജയ് ദത്തിന്റെ കഥ രാജ്കുമാര്‍ ഹിറാനി രണ്‍ബീര്‍ കപൂറിനെ വച്ച് സിനിമയാക്കിയതോടെ ആ ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
ബോളിവുഡിലെ ഐക്കോണിക് താരങ്ങളായ സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനാണ് സഞ്ജയ് ദത്ത്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകന്റെ ജീവിതം പക്ഷെ എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സഞ്ജയ് ദത്ത് ഒരുകാലത്ത് കടുത്ത മയക്കുമരുന്ന് അടിമയായിരുന്നു. തന്റെ ഭൂതകാലത്തെക്കുറിച്ച് ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ സഞ്ജയ് ദത്ത് തന്നെ തുറന്ന് പറയുകയുണ്ടായി.
കരിയറും ജീവിതവും ജീവനുമെല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗം നിര്‍ത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമായിരുന്നില്ല. രണ്ട് വര്‍ഷക്കാലം അമേരിക്കയിലെ റിഹാബിയില്‍ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. അന്ന് മകനെ വിധിക്കലുകള്‍ക്ക് വിട്ടുകൊടുക്കാതെ സുനില്‍ ദത്ത് കൂടെ നിന്നു.
''ഞാന്‍ തന്നെയായിരുന്നു ടേണിങ് പോയന്റ്. ഒരു ദിവസം രാവിലെ എഴുന്നേറ്റ ഞാന്‍ ബാത്ത് റൂമിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ട മുഖം ഭയപ്പെടുത്തുന്നതായിരുന്നു. ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് കാണാമായിരുന്നു. എന്റെ മുഖം മാറിപ്പോയിരുന്നു. എനിക്ക് ഭയമായി. ഞാന്‍ അച്ഛനോട് സഹായം തേടി. അദ്ദേഹം എന്റെ കൂടെ നിന്നു, സഹായിച്ചു. എന്നെ അമേരിക്കയിലെ റീഹാബിലേക്ക് അയച്ചു. വളരെ കുറച്ച് ഭാഗ്യവാന്മാര്‍ക്ക് മാത്രം സാധിക്കുന്നതായിരുന്നു അത്. രണ്ട് വര്‍ഷം ഞാന്‍ അവിടെ റീഹാബിലായിരുന്നു'' സഞ്ജയ് ദത്ത് പറയുന്നു.
''ആ രണ്ട് വര്‍ഷക്കാലം, ഞാന്‍ കൗണ്‍സിലര്‍മാരുമായി സംസാരിച്ചു. തടാകത്തില്‍ പോയി. ബാര്‍ബിക്യു പാര്‍ട്ടികളില്‍ പങ്കെടുത്തു. ആളുകളുമായി സംസാരിക്കുന്നത് കൂടി. സിനിമയെക്കുറിച്ച് സംസാരിച്ചു. മറ്റ് പലതിനെ കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. ഇത്രയും വര്‍ഷം ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന് ചിന്തിച്ചു. മനോഹരമായ ഈ തടാകം കാണുന്നതിന് പകരം, മാരത്തോണ്‍ ഓടുന്നതിന് പകരം, ബൈക്ക് റൈഡ് പോകുന്നതിന് പകരം ഇത്രയും കാലം വെറുതെ നഷ്ടപ്പെടുത്തി. അങ്ങനൊന്ന് ഞാനൊരിക്കലും അനുഭവിച്ചിരുന്നില്ല. ഇനിയെന്ത് സംഭവിച്ചാലും ഇതാണ് എനിക്ക് വേണ്ട ജീവിതം എന്ന് ഞാന്‍ തീരുമാനിച്ചു. അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്'' സഞ്ജയ് ദത്ത് പറയുന്നു.
അതിന് ശേഷം കഴിഞ്ഞ 40 വര്‍ഷമായി താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. അന്നത്തെ താന്‍ മറ്റാരോ ആയിരുന്നു. എങ്ങനെയാണ് തനിക്ക് അത് സാധ്യമായതെന്ന് അറിയില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു. അന്നത്തെ അവസ്ഥയില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ച ശേഷം സഞ്ജയ് ദത്ത് പലപ്പോഴായി മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് യുവാക്കള്‍ക്ക് ബോധവത്കരണം നല്‍കാന്‍ ശ്രമിക്കാറുണ്ട്. രണ്‍വീര്‍ സിങ് നായകനായ ദുരന്ധര്‍ ആണ് സഞ്ജയ് ദത്തിന്റെ പുതിയ സിനിമ. ചിത്രം നാളെ തിയേറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates